18 Jan 2026 5:15 PM IST
Summary
നിയന്ത്രണ വിധേയമായ പണപ്പെരുപ്പം, കുറഞ്ഞ പലിശനിരക്ക്, കുറഞ്ഞ നികുതി ഭാരം തുടങ്ങിയ ഘടകങ്ങള്‍ വളര്‍ച്ചാ വേഗതയെ പിന്തുണയ്ക്കുമെന്ന് കെയര്‍എഡ്ജ് റേറ്റിംഗ്‌സ്
അടുത്ത സാമ്പത്തിക വര്‍ഷം ഇന്ത്യ 7% വളര്‍ച്ച കൈവരിക്കുമെന്ന് പഠനം. ബാഹ്യ അനിശ്ചിതത്വങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും, 2026-2027 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഏഴ് ശതമാനം ആരോഗ്യകരമായ വളര്‍ച്ച രേഖപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി കെയര്‍എഡ്ജ് റേറ്റിംഗ്‌സ് പറഞ്ഞു.
റേറ്റിംഗ് ഏജന്‍സിയുടെ അഭിപ്രായത്തില്‍, നിയന്ത്രണ വിധേയമായ പണപ്പെരുപ്പം, കുറഞ്ഞ പലിശനിരക്ക്, കുറഞ്ഞ നികുതി ഭാരം തുടങ്ങിയ ഘടകങ്ങള്‍ വളര്‍ച്ചാ വേഗതയെ പിന്തുണയ്ക്കും.
2025-26 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ പ്രതിരോധശേഷി പ്രകടമാക്കിയിട്ടുണ്ട്. സര്‍ക്കാരിന്റെ ആദ്യ എസ്റ്റിമേറ്റ്പ്രകാരം ജിഡിപി വളര്‍ച്ച 7.4 ശതമാനമായി കണക്കാക്കുന്നു.
ആഗോള സാമ്പത്തിക സ്ഥിതി പ്രക്ഷുബ്ധമായിരുന്നിട്ടും ആഭ്യന്തര അടിസ്ഥാനകാര്യങ്ങള്‍ സ്ഥിരത പുലര്‍ത്തുന്നുവെന്ന് കെയര്‍എഡ്ജ് റിപ്പോര്‍ട്ടില്‍ പറയുന്നു. 2025-26 ല്‍, ജിഡിപി വളര്‍ച്ച 7.3 ശതമാനമായിരിക്കുമെന്ന് ആര്‍ബിഐ കണക്കാക്കുന്നു.
പണപ്പെരുപ്പം വലിയതോതില്‍ നിയന്ത്രണത്തിലാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. പലിശനിരക്കുകള്‍ ന്യായമായി തുടരുന്നു. ബാങ്കിംഗ് മേഖല ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും ശക്തമായ അവസ്ഥയിലാണ്.
എങ്കിലും, യുഎസ് ഡോളറിനെതിരെയും, മറ്റ് പ്രധാന കറന്‍സികള്‍ക്കെതിരെയും ഇന്ത്യന്‍ രൂപയുടെ ദുര്‍ബലത ആശങ്കാജനകമായ ഒരു പ്രവണതയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ, ബ്രിട്ടീഷ് പൗണ്ടിനും യൂറോയ്ക്കുമെതിരെ രൂപയുടെ മൂല്യം 15 ശതമാനത്തിലധികം കുറഞ്ഞു.
കെയര്‍എഡ്ജിന്റെ അഭിപ്രായത്തില്‍, വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ 2025 ല്‍ ഏകദേശം 18 ബില്യണ്‍ യുഎസ് ഡോളറിന്റെ നിക്ഷേപം രേഖപ്പെടുത്തി.
പഠിക്കാം & സമ്പാദിക്കാം
Home
