image

21 Jan 2026 6:07 PM IST

Economy

ഇന്ത്യന്‍ രൂപ വീണ്ടും തകര്‍ന്നു; മൂല്യം 91.5 നിലവാരത്തിലെത്തി

MyFin Desk

indian rupee collapses again, value reaches 91.5 level
X

Summary

വിദേശ നിക്ഷേപകരുടെ പിന്‍വാങ്ങല്‍ കൂടാതെ ജപ്പാനിലെ ബോണ്ട് യീല്‍ഡ് വര്‍ധിച്ചതുമാണ് രൂപയുടെ ഇടിവിന് കാരണമായത്. ആര്‍ബിഐ വിപണിയില്‍ ഇടപെടുന്നുവെങ്കിലും അതിന് ഫലം കാണുന്നില്ല


ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടും തകര്‍ന്നു. ആഗോള വിപണിയില്‍ വീശിയടിക്കുന്ന 'ഗ്രീന്‍ലാന്‍ഡ്' കൊടുങ്കാറ്റും അമേരിക്കന്‍ ആസ്തികള്‍ വിറ്റൊഴിയുന്ന 'Sell America' ട്രെന്‍ഡുമാണ് രൂപയെ തളര്‍ത്തുന്നത്. ആര്‍ബിഐ വിപണിയില്‍ ഇടപെട്ട് രൂപയെ താങ്ങിനിര്‍ത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ആഗോള പ്രതിസന്ധികള്‍ അതിനെയെല്ലാം മറികടക്കുകയാണ്.

ഡിസംബര്‍ 16-ലെ 91.14 എന്ന താഴ്ന്ന നിരക്കാണ് ഇപ്പോള്‍ തകര്‍ക്കപ്പെട്ടത്. ട്രംപിന്റെ ഗ്രീന്‍ലാന്‍ഡ് ഭീഷണി, വിദേശ നിക്ഷേപകരുടെ പിന്‍വാങ്ങല്‍ കൂടാതെ ജപ്പാനിലെ ബോണ്ട് യീല്‍ഡ് വര്‍ധിച്ചതുമാണ് രൂപയുടെ ഇടിവിന് കാരണമായത്. ഡൊണാള്‍ഡ് ട്രംപ് യൂറോപ്പിന് മേല്‍ പ്രഖ്യാപിച്ച താരിഫ് യുദ്ധം ആഗോള നിക്ഷേപകരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ജനുവരിയില്‍ മാത്രം ഇതുവരെ വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് 32,253 കോടി രൂപ പിന്‍വലിച്ചുകഴിഞ്ഞു. ചൊവ്വാഴ്ച മാത്രം 2,938 കോടി രൂപയുടെ ഓഹരികളാണ് ഇവര്‍ വിറ്റൊഴിഞ്ഞത്.

ജപ്പാനിലെ ബോണ്ട് യീല്‍ഡ് വര്‍ധിച്ചതും അമേരിക്കന്‍ ട്രഷറിയിലെ അനിശ്ചിതത്വങ്ങളും നിക്ഷേപകരെ റിസ്‌ക് എടുക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നുണ്ട്. രൂപയുടെ തകര്‍ച്ച ഇന്ത്യന്‍ ഓഹരി വിപണിയെയും പിടിച്ചുലച്ചിട്ടുണ്ട്. വിപണി വിദഗ്ധരുടെ അഭിപ്രായത്തില്‍, രൂപയുടെ മൂല്യം ഇനിയും ഇടിയാന്‍ സാധ്യതയുണ്ട്. 91.70 മുതല്‍ 92.00 വരെ രൂപ താഴാന്‍ സാധ്യതയുണ്ടെന്നാണ് സിആര്‍ ഫോറെക്സ് അഡൈ്വസേഴ്സ് നല്‍കുന്ന സൂചന. ദാവോസില്‍ നടക്കാനിരിക്കുന്ന ട്രംപിന്റെ പ്രഖ്യാപനം വിപണിക്ക് അനുകൂലമായ നിലപാടുകള്‍ വന്നാല്‍ മാത്രമേ ഒരു തിരിച്ചുപോക്ക് പ്രതീക്ഷിക്കാനാവൂവെന്നും ഇവര്‍ വ്യക്തമാക്കി.