image

23 Nov 2026 9:54 AM IST

Economy

ദാരിദ്ര്യത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് വന്‍ നേട്ടം; 12 വര്‍ഷത്തിനിടെ ദാരിദ്ര്യത്തില്‍നിന്ന് കരകയറിയത് 50 കോടി ജനങ്ങള്‍

MyFin Desk

ദാരിദ്ര്യത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് വന്‍ നേട്ടം; 12 വര്‍ഷത്തിനിടെ ദാരിദ്ര്യത്തില്‍നിന്ന് കരകയറിയത് 50 കോടി ജനങ്ങള്‍
X

Summary

സ്വാതന്ത്ര്യാനന്തരം ആറു പതിറ്റാണ്ടിലേറെക്കാലം രാജ്യത്തിന് മുന്നില്‍ വലിയ വെല്ലുവിളിയായി തുടര്‍ന്നത് ദാരിദ്ര്യനിര്‍മാര്‍ജനമായിരുന്നു. ശുചിത്വം, പോഷകാഹാരം, ശുദ്ധമായ പാചക ഇന്ധനം, ബാങ്കിങ് സേവനങ്ങള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും ദാരിദ്ര്യത്തിന് ആക്കം കൂട്ടിയിരുന്നു. എന്നാല്‍ കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഈ സാഹചര്യത്തില്‍ വലിയ മാറ്റമുണ്ടായെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിലയിരുത്തല്‍.


ദാരിദ്ര്യനിര്‍മാര്‍ജനത്തില്‍ കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ഇന്ത്യ നിര്‍ണായക മുന്നേറ്റം നടത്തിയെന്ന് ലോകബാങ്ക് റിപ്പോര്‍ട്ട്. 2011 മുതല്‍ 2023 വരെയുള്ള കാലയളവില്‍ രാജ്യത്ത് ഏകദേശം 50 കോടി ജനങ്ങള്‍ ദാരിദ്ര്യത്തില്‍നിന്ന് പുറത്തുകടന്നതായാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. അതിതീവ്ര ദാരിദ്ര്യം ഏതാണ്ട് ഇല്ലാതാക്കാനും രാജ്യത്തിന് സാധിച്ചതായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.

സ്വാതന്ത്ര്യാനന്തരം ആറു പതിറ്റാണ്ടിലേറെക്കാലം രാജ്യത്തിന് മുന്നില്‍ വലിയ വെല്ലുവിളിയായി തുടര്‍ന്നത് ദാരിദ്ര്യനിര്‍മാര്‍ജനമായിരുന്നു. ശുചിത്വം, പോഷകാഹാരം, ശുദ്ധമായ പാചക ഇന്ധനം, ബാങ്കിങ് സേവനങ്ങള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും ദാരിദ്ര്യത്തിന് ആക്കം കൂട്ടിയിരുന്നു. എന്നാല്‍ കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഈ സാഹചര്യത്തില്‍ വലിയ മാറ്റമുണ്ടായെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിലയിരുത്തല്‍.

നാഗാലാന്‍ഡിലെ കിഫിറെ ജില്ലയില്‍ സ്വയംസഹായ സംഘങ്ങളിലെ വനിതകളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ലഭിച്ച അനുഭവങ്ങള്‍ ഇന്ത്യയിലെ മാറ്റത്തിന്റെ ഉദാഹരണമായി ധനമന്ത്രി ചൂണ്ടിക്കാട്ടി. പ്രാദേശികമായി ഉല്‍പ്പാദിപ്പിക്കുന്ന ചെറുധാന്യ ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈന്‍ വിപണിയിലൂടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്ന വനിതകളുടെ സംരംഭകത്വം ശ്രദ്ധേയമാണെന്നും മന്ത്രി പറഞ്ഞു.

ദാരിദ്ര്യം എന്നത് വരുമാനക്കുറവ് മാത്രമല്ലെന്നും സുരക്ഷിതമായ വീട്, ശുദ്ധജലം, ശുചിത്വം, ആരോഗ്യപരിരക്ഷ തുടങ്ങിയവയുടെ അഭാവവും കുടുംബങ്ങളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുന്നുണ്ടെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.

അടിസ്ഥാന സൗകര്യങ്ങളില്‍ വന്‍ മുന്നേറ്റം

സ്വച്ഛ് ഭാരത് മിഷനിലൂടെ വീടുകളില്‍ ശൗചാലയ സൗകര്യം വര്‍ധിപ്പിക്കാനായി. ഇതിലൂടെ പ്രതിവര്‍ഷം 60,000 മുതല്‍ 70,000 വരെ ശിശുമരണങ്ങള്‍ ഒഴിവാക്കാനായെന്നാണ് കണക്ക്. ജല്‍ ജീവന്‍ മിഷനിലൂടെ 2019ല്‍ ഏകദേശം മൂന്ന് കോടി ഗ്രാമീണ കുടുംബങ്ങള്‍ക്ക് മാത്രമുണ്ടായിരുന്ന പൈപ്പ് കുടിവെള്ള കണക്ഷന്‍ ഇന്ന് 16 കോടിയോളം കുടുംബങ്ങളിലേക്ക് വ്യാപിപ്പിച്ചു. ഉജ്ജ്വല യോജനയിലൂടെ പുകരഹിത പാചക സൗകര്യവും പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ സുരക്ഷിതമായ വീടുകളും ഉറപ്പാക്കാന്‍ സാധിച്ചു. ആയുഷ്മാന്‍ ഭാരത് പദ്ധതിയിലൂടെ പണമില്ലാത്തതിനാല്‍ ചികിത്സ മുടങ്ങുന്ന സാഹചര്യം കുറയ്ക്കാനും ലക്ഷ്യമിട്ടു.

ബാങ്ക് അക്കൗണ്ടുകള്‍ മുതല്‍ സംരംഭകത്വത്തിലേക്ക്

സാമ്പത്തിക ഉള്‍പ്പെടുത്തലിലും നേരിട്ടുള്ള ആനുകൂല്യ വിതരണത്തിലും ജന്‍ധന്‍ അക്കൗണ്ടുകള്‍ നിര്‍ണായക പങ്കുവഹിച്ചെന്ന് ധനമന്ത്രി പറഞ്ഞു. 59 കോടിയിലധികം ജന്‍ധന്‍ അക്കൗണ്ടുകളിലൂടെ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ഇടനിലക്കാരില്ലാതെ ഗുണഭോക്താക്കളിലേക്ക് നേരിട്ട് എത്തിക്കുന്നുണ്ട്.

മുദ്ര പദ്ധതിയിലൂടെ 60 കോടി വായ്പാ അക്കൗണ്ടുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ഇതില്‍ മൂന്നില്‍ രണ്ടും വനിതകള്‍ക്കാണ്. തെരുവുകച്ചവടക്കാര്‍ക്കും പരമ്പരാഗത തൊഴിലാളികള്‍ക്കും പ്രധാനമന്ത്രി സ്വനിധി, പ്രധാനമന്ത്രി വിശ്വകര്‍മ പദ്ധതികള്‍ പിന്തുണ നല്‍കുന്നുണ്ട്.

സ്ത്രീശാക്തീകരണത്തിലും നേട്ടം

ഗ്രാമീണ മേഖലയിലെ പത്ത് കോടി വനിതകള്‍ സ്വയംസഹായ സംഘങ്ങളുടെ ഭാഗമാണ്. ഇതില്‍ 3.7 കോടിയിലധികം വനിതകള്‍ 'ലഖ്പതി ദീദി'കളായി മാറിയതായും റിപ്പോര്‍ട്ട് പറയുന്നു. ഡ്രോണ്‍ പരിശീലനം നേടിയ 'നമോ ഡ്രോണ്‍ ദീദി'കള്‍ കര്‍ഷകര്‍ക്ക് കൃഷിയിടങ്ങളില്‍ കീടനാശിനി തളിക്കുന്നതിനുള്ള സേവനങ്ങളും നല്‍കുന്നുണ്ട്. 2047ഓടെ വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ ഇനിയും മുന്നേറാനുണ്ടെന്നും ധനമന്ത്രി വ്യക്തമാക്കി. തൊഴില്‍ അവസരങ്ങള്‍, നൈപുണ്യ വികസനം, സാമ്പത്തിക സേവനങ്ങള്‍, വിപണികളിലേക്കുള്ള പ്രവേശനം, അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്നും അവര്‍ പറഞ്ഞു. ദാരിദ്ര്യത്തില്‍നിന്ന് പുറത്തുകടന്ന കുടുംബങ്ങള്‍ വീണ്ടും ദാരിദ്ര്യത്തിലേക്ക് തിരിച്ചുപോകാതിരിക്കാനുള്ള നടപടികളും അടുത്ത ഘട്ടത്തില്‍ പ്രധാനമാണെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്.