image

18 Dec 2025 6:02 PM IST

Economy

താരിഫിനെതിരേ ഇന്ത്യയുടെ പ്ലാന്‍ ബി; ട്രംപിന്റെ പദ്ധതി വിലപ്പോകില്ല

MyFin Desk

താരിഫിനെതിരേ ഇന്ത്യയുടെ പ്ലാന്‍ ബി;   ട്രംപിന്റെ പദ്ധതി വിലപ്പോകില്ല
X

Summary

ഒരു വിപണി അടയ്ക്കുമ്പോള്‍, പത്തോളം മറ്റ് വിപണികള്‍ തുറക്കുക എന്നതാണ് ഇന്ത്യയുടെ സ്ട്രാറ്റജി, എന്നാല്‍ യുഎസുമായി സഹകരിക്കുകയും ചെയ്യും


അമേരിക്കന്‍ വിപണിയില്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ ഡൊണാള്‍ഡ് ട്രംപ് 50% നികുതി ചുമത്തുമ്പോള്‍, തളരാതെ പുതിയ വഴികള്‍ വെട്ടിത്തുറക്കുകയാണ് ഇന്ത്യ. ട്രംപിന്റെ താരിഫ് യുദ്ധത്തെ നേരിടാന്‍ ലോകത്തിന്റെ വിവിധ കോണുകളില്‍ 'ഫ്രീ ട്രേഡ് എഗ്രിമെന്റ്' എന്ന കരുത്തുറ്റ ആയുധവുമായി ഇന്ത്യ ഒരുങ്ങിക്കഴിഞ്ഞു. അമേരിക്കന്‍ വാതിലുകള്‍ അടയുമ്പോള്‍ തുറക്കപ്പെടുന്ന മറ്റ് ലോക വിപണികള്‍ ഏതാണ്? ഇന്ത്യയുടെ ഈ വമ്പന്‍ പ്ലാന്‍ ഇതാ.

ട്രംപിന്റെ താരിഫ് പ്രഹരങ്ങളെ നേരിടാന്‍ പുത്തന്‍ വ്യാപാര പ്രതിരോധ കവചമാണ് ഇന്ത്യ ഒരുക്കുന്നത്. ഒമാന്‍ മുതല്‍ യൂറോപ്പ് വരെയുള്ള ഈ ശൃംഖലയിലൂടെ ഇന്ത്യ സ്വന്തം വ്യാപാര താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുമെന്നും വിലയിരുത്തല്‍.അമേരിക്കയെ മാത്രം ആശ്രയിക്കാതെ ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപാര ശൃംഖല വ്യാപിപ്പിക്കാന്‍ ഇന്ത്യ സ്വീകരിക്കുന്ന 'ഫ്രീ ട്രേഡ് എഗ്രിമെന്റ്' തന്ത്രത്തിന്റെ ലക്ഷ്യമിതാണ്.

ഒമാനുമായി നിര്‍ണ്ണായകമായ വ്യാപാര കരാറില്‍ ഒപ്പുവെച്ചതാണ് ഇതിലെ അവസാനത്തെ നീക്കം.അമേരിക്കയെ പിണക്കാതെ തന്നെ, യൂറോപ്യന്‍ യൂണിയന്‍, ന്യൂസിലന്‍ഡ്, ചിലി എന്നീ രാജ്യങ്ങളുമായുള്ള വ്യാപാര കരാറുകള്‍ ഇന്ത്യ അവസാന ഘട്ടത്തിലെത്തിച്ചിരിക്കുകയാണ്.

യൂറോപ്പും കാനഡയും കയറ്റുമതിയിലെ പുതിയ ലക്ഷ്യസ്ഥാനങ്ങളായി കാണുന്നു. തുണിത്തരങ്ങള്‍ക്കും കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്കും യൂറോപ്പില്‍ വലിയ വിപണി കണ്ടെത്താന്‍ ഇത് സഹായിക്കും.

ബ്രിട്ടനുമായുള്ള കരാറും സ്വിറ്റ്സര്‍ലന്‍ഡ് ഉള്‍പ്പെടുന്ന യൂറോപ്യന്‍ ഫ്രീ ട്രേഡ് അസോസിയേഷന്‍ രാജ്യങ്ങളുമായുള്ള നിക്ഷേപ കരാറും ട്രംപിന്റെ നികുതി വര്‍ദ്ധനവിനെ മറികടക്കാന്‍ ഇന്ത്യയെ പ്രാപ്തമാക്കും.ട്രംപിന്റെ താരിഫ് മൂലം ഇന്ത്യയുടെ കയറ്റുമതിയില്‍ 30% വരെ കുറവുണ്ടാകുമെന്ന് കണക്കാക്കപ്പെടുന്നു. പ്രത്യേകിച്ച് വസ്ത്രങ്ങള്‍, വാഹന ഭാഗങ്ങള്‍, മെറ്റല്‍സ് എന്നീ മേഖലകളെ ഇത് ബാധിക്കും. ഈ ആഘാതം കുറയ്ക്കാനാണ് ഇന്ത്യ മറ്റ് വിപണികളിലേക്ക് അതിവേഗം തിരിയുന്നത്.'ട്രംപിന്റെ താരിഫ് ഒരു വിപണി അടയ്ക്കുമ്പോള്‍, പത്തോളം മറ്റ് വിപണികള്‍ തുറന്നുവെക്കുക എന്നതാണ് ഇന്ത്യയുടെ സ്ട്രാറ്റജി,' എന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

മറു വശത്ത്, അമേരിക്കയുമായുള്ള വ്യാപാര കരാറിനായുള്ള ചര്‍ച്ചകള്‍ ഇന്ത്യ ഉപേക്ഷിച്ചിട്ടില്ല. ട്രംപ് ഭരണകൂടം നികുതി കുറയ്ക്കുമെന്ന ശുഭപ്രതീക്ഷയിലാണ് ഇന്ത്യ. സെര്‍ജിയോ ഗോറിനെപ്പോലുള്ള അമേരിക്കന്‍ സ്ഥാനപതിമാരുടെ സന്ദര്‍ശനവും പോസിറ്റീവായ സൂചനകള്‍ നല്‍കുന്നുണ്ട്. എങ്കിലും, ഏതെങ്കിലും ഒരു രാജ്യത്തെ മാത്രം ആശ്രയിക്കുന്നത് അപകടമാണെന്ന തിരിച്ചറിവിലാണ് ഇന്ത്യയുടെ നീക്കമെന്നും അവര്‍ വ്യക്തമാക്കി.