image

13 Nov 2026 2:19 PM IST

Economy

ഉള്ളി വാങ്ങാന്‍ പോയവരുടെ കണ്ണുതള്ളി; പണപ്പെരുപ്പം പരിധി വിട്ടു; പലിശ കൂടുമോ?

MyFin Desk

onion buyers left wide-eyed, inflation crosses the limit, will interest rates rise
X

Summary

ഈ പൊള്ളല്‍ ഏറ്റവും കൂടുതല്‍ ഏല്‍ക്കുന്നത് ഗ്രാമങ്ങളെയാണ്. ഗ്രാമീണ പണപ്പെരുപ്പം 6.6%, നഗരത്തില്‍ 5.4% എന്നിങ്ങനെയാണ് കണക്ക്


ഭക്ഷ്യവില വില കത്തിക്കയറുകയാണ്. ഒക്ടോബറില്‍ ഇന്ത്യയിലെ ചില്ലറ പണപ്പെരുപ്പം 6.09% ആയി ഉയര്‍ന്നുവെന്ന് കണക്കുകള്‍ പുറത്ത് വന്നപ്പോള്‍ സാധാരണക്കാരന്‍ ഞെട്ടിയില്ല, കാരണം അവന്‍ അത് ദിവസവും അനുഭവിക്കുന്നുണ്ട്. സെപ്റ്റംബറിലെ 5.54% ല്‍ നിന്ന് കുതിച്ച ഈ വര്‍ധന രണ്ട് വര്‍ഷത്തിനിടെ ആദ്യമായി റിസര്‍വ് ബാങ്കിന്റെ 6% എന്ന പരിധി ഭേദിച്ചു. ഇനി ഡിസംബറില്‍ പലിശ കൂടുമോ? ഇഎംഐ കൂടുമോ? അതാണ് എല്ലാവരുടെയും ചോദ്യം.

വില്ലന്‍ ഒന്നുമാത്രമാണ്- ഭക്ഷണം. ഭക്ഷ്യ പണപ്പെരുപ്പം 8.94% ആയി കുതിച്ചു. ഉള്ളി വാങ്ങാന്‍ പോയവര്‍ കണ്ണുതള്ളി - 116.22% ആണ് വിലവര്‍ധന! വെളുത്തുള്ളി 60.74%, ഇഞ്ചി 48.32%, നെല്ലിക്ക 47.30% - അടുക്കളയില്‍ കയറുന്ന എല്ലാ സാധനത്തിനും തീ വില. പാല്‍, പഞ്ചസാര, ഉള്ളി എന്നിങ്ങനെ ദിവസവും വേണ്ട സാധനങ്ങള്‍ക്കാണ് ഏറ്റവും കൂടുതല്‍ തീ പിടിച്ചത്. മഴ കുറഞ്ഞതും, റാബി വിളവ് കുറയുമെന്ന ഭയവും നിലനില്‍ക്കുന്നു. നവംബറിലും ഈ വില കുറയില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇനി ഒരു ചായ കുടിക്കാന്‍ പോലും രണ്ടുവട്ടം ആലോചിക്കേണ്ട അവസ്ഥയായി എന്നു ചുരുക്കം.

ഈ പൊള്ളല്‍ ഏറ്റവും കൂടുതല്‍ ഏല്‍ക്കുന്നത് ഗ്രാമങ്ങളെയാണ്. ഗ്രാമീണ പണപ്പെരുപ്പം 6.6%, നഗരത്തില്‍ 5.4% എന്നിങ്ങനെയാണ് കണക്ക്. ഗ്രാമത്തില്‍ ഭക്ഷണത്തിന് മാത്രം 9.1% വിലക്കയറ്റം. തമിഴ്‌നാട്, തെലങ്കാന 7.3%, ആന്ധ്ര 7.25%, കര്‍ണാടക 7.1% എന്നിങ്ങനെയാണ് പണപ്പെരുപ്പ നിരക്ക്. ചുരുക്കത്തില്‍ ദക്ഷിണേന്ത്യ മുഴുവന്‍ വിയര്‍ക്കുകയാണ്. ഉരുളക്കിഴങ്ങിന് -14%, കോളിഫ്‌ലവറിന് -10.5% വില കുറഞ്ഞത് മാത്രമാണ് ഇതിനിടയിലെ ചെറിയ ആശ്വാസം. പക്ഷേ അത് കൊണ്ട് മാത്രം അടുക്കള നിറയില്ലല്ലോ.

ഇനി എന്ത് സംഭവിക്കും? എഫ്എംസിജി കമ്പനികള്‍ വില കൂട്ടിത്തുടങ്ങി. മൊബൈല്‍, ടിവി, വാഹനം, ആശുപത്രി ചെലവ് എല്ലാം കൂടുന്നു. ഗതാഗതം 5.8%, റെസ്റ്റോറന്റില്‍ 10.1% വര്‍ധന - പുറത്ത് പോയി ഒരു ഊണ് കഴിക്കുന്നത് ഇന്ന് ആഡംബരമായി. പശ്ചിമേഷ്യയിലെ സംഘര്‍ഷവും ക്രൂഡ് ഓയില്‍ വിലയും ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. ആര്‍ബിഐ ഈ വര്‍ഷം 5.2% പണപ്പെരുപ്പമാണ് പ്രതീക്ഷിക്കുന്നത്. പക്ഷേ ഭക്ഷ്യ വില കുറഞ്ഞില്ലെങ്കില്‍, കുടുംബ ബജറ്റ് മാത്രമല്ല, രാജ്യത്തിന്റെ സാമ്പത്തികനില കൂടി പൊള്ളും എന്നാണ് യാഥാര്‍ത്ഥ്യം.