20 Feb 2026 5:03 PM IST
Summary
രാജ്യത്തെ പ്രധാന 14 ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനികളുടെ പ്രവര്‍ത്തനഫലം വിശകലനം ചെയ്തപ്പോള്‍ വരുമാനത്തില്‍ നാല് ശതമാനത്തിന്റെ കുറവുണ്ടായതായി നുവാമ റിസര്‍ച്ച് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കമ്പനികളുടെ ലാഭക്ഷമതയിലും ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്
രാജ്യത്തെ അടിസ്ഥാന സൗകര്യ വികസന മേഖല മന്ദഗതിയിലാകുന്നുവെന്ന് നുവാമ റിസര്‍ച്ച് റിപ്പോര്‍ട്ട്. ഈ സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തില്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലയില്‍ നാല് ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യയുടെ വികസനക്കുതിപ്പിന് കരുത്തുപകരേണ്ട ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖല കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. രാജ്യത്തെ പ്രധാന 14 ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനികളുടെ പ്രവര്‍ത്തനഫലം വിശകലനം ചെയ്തപ്പോള്‍ വരുമാനത്തില്‍ നാല് ശതമാനത്തിന്റെ കുറവുണ്ടായതായി നുവാമ റിസര്‍ച്ച് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കമ്പനികളുടെ ലാഭക്ഷമതയിലും ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.
പ്രതീക്ഷിച്ചതിലും നീണ്ടുനിന്ന കാലവര്‍ഷം രാജ്യത്തിന്റെ പല ഭാഗങ്ങളിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തി. ഇതിനുപുറമെ, വായു മലിനീകരണം രൂക്ഷമായതോടെ ദേശീയ തലസ്ഥാന മേഖലയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനവും തിരിച്ചടിയായി. സര്‍ക്കാര്‍ ഫണ്ടുകള്‍ ലഭിക്കുന്നതിലെ കാലതാമസവും പുതിയ കരാറുകള്‍ കുറയുന്നതും കമ്പനികളെ വലയ്ക്കുന്നുണ്ട്.
റെയില്‍വേ മേഖലയിലും സ്ഥിതി ആശാവഹമല്ല. റെയില്‍വേ വാഗണ്‍ നിര്‍മ്മാതാക്കളുടെ വരുമാനത്തില്‍ 16 ശതമാനത്തിന്റെ ഇടിവാണുണ്ടായത്. റോഡ് നിര്‍മ്മാണ മേഖലയില്‍ ഏഴ് ശതമാനമാണ് ഇടിവ്. എന്നാല്‍ കെട്ടിട നിര്‍മ്മാണ മേഖലയും എന്‍ബിസിസിയും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു.
അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റില്‍ അടിസ്ഥാന സൗകര്യ വികസനത്തിന് കൂടുതല്‍ തുക സര്‍ക്കാര്‍ നീക്കിവെച്ചിട്ടുണ്ട്. എന്നാല്‍ പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കുമ്പോഴും നിലവിലുള്ളവയുടെ നിര്‍മ്മാണ വേഗത വര്‍ദ്ധിപ്പിക്കുക എന്നത് സര്‍ക്കാരിന് വലിയ വെല്ലുവിളിയായി തുടരും. നടപ്പിലാക്കാന്‍ സാധിക്കുന്ന കരാറുകളുടെ കുറവും സാങ്കേതിക തടസ്സങ്ങളും വരും മാസങ്ങളിലും മേഖലയെ സമ്മര്‍ദ്ദത്തിലാക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
