25 Dec 2025 2:35 PM IST
പത്ത് മിനിറ്റില്‍ ഡെലിവറി, 6 വര്‍ഷത്തില്‍ ഐപിഒ! സെപ്‌റ്റോ വരുന്നു വിപണിയെ ഞെട്ടിക്കാന്‍
MyFin Desk
Summary
വെറും ആറ് വര്‍ഷത്തിനുള്ളില്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്റ്റാര്‍ട്ടപ്പുകളില്‍ ഒന്നാകാന്‍ സെപ്‌റ്റോ
വെറും 10 മിനിറ്റില്‍ നിങ്ങളുടെ വീട്ടില്‍ സാധനങ്ങള്‍ എത്തിക്കുന്ന സെപ്‌റ്റോ, ഇപ്പോള്‍ ലക്ഷ്യമിടുന്നത് ദലാല്‍ സ്ട്രീറ്റിലെ റെക്കോര്‍ഡ് വേഗത്തിലുള്ള കുതിപ്പാണ്! ക്വിക്ക് കൊമേഴ്‌സ് രംഗത്തെ ഈ യുണികോണ്‍ തങ്ങളുടെ ഐപിഒ രേഖകള്‍ ഡിസംബര്‍ 26-ന് സമര്‍പ്പിക്കാന്‍ ഒരുങ്ങുന്നു. വെറും 6 വര്‍ഷത്തിനുള്ളില്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്റ്റാര്‍ട്ടപ്പുകളില്‍ ഒന്നായി സെപ്‌റ്റോ മാറാന്‍ പോവുകയാണ്!
സെപ്‌റ്റോ, 2026-ഓടെ പൊതുവിപണിയില്‍ എത്തും
2020ല്‍ പ്രവര്‍ത്തനം തുടങ്ങിയ സെപ്‌റ്റോ, 2026-ഓടെ പൊതുവിപണിയില്‍ എത്താനാണ് ലക്ഷ്യമിടുന്നത്. കോണ്‍ഫിഡന്‍ഷ്യല്‍ റൂട്ട് വഴി ഡ്രാഫ്റ്റ് പേപ്പറുകള്‍ സമര്‍പ്പിക്കുന്നതിലൂടെ വിപണിയിലെ തങ്ങളുടെ നീക്കങ്ങള്‍ രഹസ്യമായി സൂക്ഷിക്കാനും കമ്പനിക്ക് സാധിക്കും. ഏകദേശം 500 മില്യണ്‍ ഡോളര്‍ അഥവാ 4,000 കോടി രൂപ സമാഹരിക്കാനാണ് സെപ്‌റ്റോയുടെ പ്ലാന്‍. സെപ്‌റ്റോയുടെ വരവോടെ ഇന്ത്യന്‍ ക്വിക്ക് കൊമേഴ്‌സ് രംഗത്തെ 'ബിഗ് ത്രീ' താരങ്ങള്‍ വിപണിയില്‍ നേര്‍ക്കുനേര്‍ വരും.
സൊമാറ്റോയുടെ ബ്ലിങ്കിറ്റ്, സ്വിഗ്ഗിയുടെ ഇന്‍സ്റ്റാമാര്‍ട്ട് എന്നിവര്‍ക്കൊപ്പം ഇനി സെപ്‌റ്റോയും സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍ മാറ്റുരയ്ക്കും. 30 ബില്യണ്‍ ഡോളര്‍ വിപണി മൂല്യമുള്ള ബ്ലിങ്കിറ്റും, 12 ബില്യണ്‍ ഡോളറുള്ള സ്വിഗ്ഗിയും തമ്മിലുള്ള പോരാട്ടം ഇനി സെപ്‌റ്റോയുടെ വരവോടെ മറ്റൊരു തലത്തിലേക്ക് മാറും.
ഇത് കോടികളുടെ അങ്കം
അതേസമയം ഇത് കോടികളുടെ അങ്കമാണ്! കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മാത്രം ബ്ലിങ്കിറ്റും സ്വിഗ്ഗിയും സെപ്‌റ്റോയും ചേര്‍ന്ന് ഏകദേശം 9,000 കോടി രൂപയാണ് ബിസിനസ് വളര്‍ത്താനായി ചിലവാക്കിയത്. എങ്കിലും, ഭയപ്പെടാനില്ല! ലിസ്റ്റിംഗിന് ശേഷം സമാഹരിച്ച തുകയുള്‍പ്പെടെ ഏകദേശം 40,000 കോടി രൂപ ഈ മൂന്ന് കമ്പനികളുടെയും കൈവശമുണ്ട്.
ആഭ്യന്തര നിക്ഷേപകര്‍ക്കും ഈ ഐപിഒ വലിയൊരു അവസരം
വിദേശ നിക്ഷേപകര്‍ക്ക് പുറമെ ആഭ്യന്തര നിക്ഷേപകര്‍ക്കും ഈ ഐപിഒ വലിയൊരു അവസരമാണ്. ഏറ്റവും പുതിയ ഫണ്ടിംഗ് റൗണ്ടില്‍ 7 ബില്യണ്‍ ഡോളര്‍ മൂല്യം കണക്കാക്കിയ സെപ്‌റ്റോ, വരും വര്‍ഷങ്ങളില്‍ ഇന്ത്യന്‍ വിപണിയിലെ സൂപ്പര്‍താരമാകുമോ? എന്നാണ് ഇപ്പോള്‍ നിക്ഷേപകരും ഉറ്റുനോക്കുന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
