13 March 2026 4:56 PM IST
ഒറ്റ ആഴ്ച കൊണ്ട് 1.16 ലക്ഷം കോടി രൂപയിലേറെ, മറ്റ് ചെലവുകൾ വേറെയും, യുദ്ധം യുഎസിനും എട്ടിൻ്റെ പണി
Rinku Francis
Iran Israel War Impact on Economy
Summary
ഇറാനുമായുള്ള യുദ്ധം തുടരുന്നത് യുഎസിനും കടുത്ത ബാധ്യത. ആദ്യ ആഴ്ചയിൽ മാത്രം ചെലവ് 1 .16 ലക്ഷം കോടി രൂപ. ട്രംപിൻ്റെ നയങ്ങളിൽ ശ്വാസം മുട്ടി ഗൾഫ് രാജ്യങ്ങളും. യുദ്ധം തുടരുന്നത് ആഗോള സാമ്പത്തിക മേഖലക്ക് കനത്ത തിരിച്ചടി.
യുഎസിൻ്റെ പിന്തുണയോടെയുള്ള ഇസ്രായേൽ- ഇറാൻ യുദ്ധം തുടരുന്നത് ലോക സമ്പദ് വ്യവസ്ഥക്ക് കനത്ത തിരിച്ചടിയാകുമെന്ന സൂചന നൽകുകയാണ് അനലിസ്റ്റുകൾ. യുഎസിന് മാത്രം 1100 കോടി ഡോളറിലധികമാണ് വെറും ഒരാഴ്ചക്കുള്ളിൽ ഉണ്ടായിരിക്കുന്ന ചെലവ്. ഓരോ യുഎസ് സംസ്ഥാനത്തും പെട്രോൾ നിരക്ക് രണ്ട് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലേക്ക് ഉയർന്നു. 50 ദശലക്ഷം ഡോളറിലധികം വീണ്ടും യുദ്ധത്തിനായി ചെലവഴിക്കേണ്ടതായി വരും എന്നതാണ് പെൻ്റഗണിൻ്റെ കണക്കുകൂട്ടൽ. എന്നാൽ യഥാർഥ തുകയും നാശനഷ്ടങ്ങളുമൊക്കെ ഇതിലുമൊക്കെ എത്രയോ വലുതാണ്.
ഫെബ്രുവരി 28 ന് തുടങ്ങിയ യുദ്ധം ഇപ്പോൾ മൂന്നാം ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. യുഎസിന് മാത്രമല്ല ഗൾഫ് രാജ്യങ്ങളുടെ സാമ്പത്തിക രംഗത്തിനും ഭീഷണിയാകുകയാണ് യുദ്ധം. യുഎസ് കോൺഗ്രസും യുദ്ധം തുടരുന്നതിൽ ആശങ്ക പ്രകടിപ്പിക്കുന്നു. പ്രതിരോധ വ്യവസായ രംഗത്ത് കനത്ത പ്രതിസന്ധിയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. യുഎസ് സൈന്യത്തിൻ്റെ പ്രതിരോധ രംഗത്തെ സ്റ്റോക്കുകൾ മുഴുവൻ ഈ സംഘർഷം ഇല്ലാതാക്കുകയാണെന്നതാണ് പ്രധാന ആശങ്ക. സ്റ്റോക്കുകൾ പുനസ്ഥാപിക്കുന്നത് വീണ്ടും ചെലവ് ഉയർത്തും. യുദ്ധത്തിനുള്ള അധിക ധനസഹായം ഉടൻ വേണ്ടി വന്നേക്കുമെന്ന് കോൺഗ്രസ് അംഗങ്ങൾ ചൂണ്ടിക്കാട്ടുന്നു.
പ്രതിസന്ധിയിൽ ഗൾഫ് രാജ്യങ്ങളും
യുദ്ധം യുഎസിൽ നിലവിലുള്ള സാമ്പത്തിക പ്രതിസന്ധികൾ വർധിപ്പിക്കുകയാണ്. ഉയർന്ന പണപ്പെരുപ്പം, മന്ദഗതിയിലുള്ള സാമ്പത്തിക വളർച്ച ഇവ രണ്ടും ചേർന്ന് സ്റ്റാഗ്ഫ്ലേഷൻ എന്ന് വിളിപ്പേരുള്ള അവസ്ഥ യുഎസിൽ ഗുരുതരമാകും. അസംസ്കൃത എണ്ണ വില ബാരലിന് 100 ഡോളറായി ഉയർന്നിരിക്കുകയാണ്. ഇത് 150 ഡോളറിലേക്ക് അധികം വൈകാതെ തന്നെ ഉയർന്നേക്കും. ഗ്യാസോലിൻ വിലയും കുതിക്കുന്നത് വീണ്ടും പണപ്പെരുപ്പം ഉയർത്തും. വർദ്ധിച്ചുവരുന്ന ഊർജ്ജ ചെലവുകൾ കാരണം പണപ്പെരുപ്പം നിയന്ത്രണാതീതമാകാൻ സാധ്യതയുണ്ട്. പണപ്പെരുപ്പം വൈകാതെ തന്നെ 3 .5 ശതമാനം തൊട്ടേക്കും.തൊഴിലില്ലായ്മ നിരക്കും വർധിക്കാം.
ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടിയത് എണ്ണയുടെ മാത്രമല്ല, രാസ വളങ്ങൾ ഉൾപ്പെടെയുള്ള പ്രധാന വസ്തുക്കളുടെ വിതരണവും ലോകമെമ്പാടും തടസ്സപ്പെടുത്തുന്നു. ക്ഷാമം വിവിധ രാജ്യങ്ങളിലെ സാമ്പത്തിക മാന്ദ്യം ശക്തമാക്കും.നഷ്ടപരിഹാരവും സുരക്ഷാ ഗ്യാരണ്ടികളും ഉൾപ്പെടെ യുദ്ധം അവസാനിപ്പിക്കുന്നതിന് ഇറാൻ മുന്നോട്ട് വയ്ക്കുന്ന ഉപാധികൾ പാലിക്കാൻ യുഎസ് തയ്യാറാകുമോ എന്നത് യുഎസിന് മാത്രമല്ല ഗൾഫ് രാജ്യങ്ങൾക്കുൾപ്പെടെ നിർണായകമാകും എന്നതാണ് ഇപ്പോഴത്തെ സ്ഥിതി.
പഠിക്കാം & സമ്പാദിക്കാം
Home
