13 Jan 2026 3:59 PM IST
Summary
ഇറാനുമായി വ്യാപാരബന്ധം തുടരുന്ന രാജ്യങ്ങള്‍ക്ക് അമേരിക്ക 25 ശതമാനം അധിക താരിഫ് ഏര്‍പ്പെടുത്തുമെന്നാണ് ട്രംപിന്റെ പുതിയ ഭീഷണി. ഇറാന്‍ ഇന്ത്യയുടെ പ്രധാന അഞ്ച് വ്യാപാര പങ്കാളികളില്‍ ഒന്നാണ്. യുഎസിലേക്കുള്ള ഇന്ത്യന്‍ കയറ്റുമതിയുടെ നികുതി 75 ശതമാനത്തിലേക്ക് ഉയര്‍ന്നേക്കാം
ഇറാനുമായുള്ള വ്യാപാരബന്ധം തടയാനുള്ള ട്രംപിന്റെ താരിഫ് ഭീഷണിയില്‍ ആശങ്കയിലായി കയറ്റുമതി മേഖല. ചാബഹാര്‍ തുറമുഖത്തിനും രാജ്യത്തിന്റെ തന്ത്രപ്രധാന നീക്കങ്ങളും പ്രതിസന്ധിയിലേക്ക്.
ഇറാനുമായി വ്യാപാരബന്ധം തുടരുന്ന രാജ്യങ്ങള്‍ക്ക് അമേരിക്ക 25 ശതമാനം അധിക താരിഫ് ഏര്‍പ്പെടുത്തുമെന്നാണ് ട്രംപിന്റെ പുതിയ താക്കീത്. ഇറാനിലെ ആഭ്യന്തര പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തുന്നതില്‍ പ്രതിഷേധിച്ചാണ് ട്രംപിന്റെ ഈ കടുത്ത നീക്കം. വെറുമൊരു ഭീഷണിയല്ല, മറിച്ച് അന്തിമവും നിര്‍ണ്ണായകവുമായ ഉത്തരവ് എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് കനത്ത വെല്ലുവിളിയാണ്.
നിലവില്‍ തന്നെ റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്നതിന്റെ പേരില്‍ ഇന്ത്യയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക 50 ശതമാനത്തോളം നികുതി ചുമത്തുന്നുണ്ട്. ഇതിന് പുറമെ പുതിയ 25% കൂടി ചേരുന്നതോടെ അമേരിക്കയിലേക്കുള്ള ഇന്ത്യന്‍ കയറ്റുമതിയുടെ നികുതി 75 ശതമാനത്തിലേക്ക് ഉയര്‍ന്നേക്കാം. ഇത് നമ്മുടെ ടെക്സ്റ്റൈല്‍സ്, ജെംസ് ആന്‍ഡ് ജ്വല്ലറി, ഫാര്‍മ മേഖലകളെ തളര്‍ത്തും.
ഇറാന്‍ ഇന്ത്യയുടെ പ്രധാന അഞ്ച് വ്യാപാര പങ്കാളികളില്‍ ഒന്നാണ്.ബസുമതി അരി, ചായ, പഞ്ചസാര, മരുന്നുകള്‍,മെഥനോള്‍, കെമിക്കലുകള്‍, ഉണക്കപ്പഴങ്ങള്‍ എന്നിവയാണ് പ്രധാന കയറ്റുമതികള്‍.പേയ്‌മെന്റ് തടസ്സങ്ങളും നികുതി വര്‍ദ്ധനയും ഈ മേഖലയിലെ കര്‍ഷകരെയും കയറ്റുമതിക്കാരെയും പ്രതികൂലമായി ബാധിച്ചേക്കാം.
ഇറാനില്‍ വികസിപ്പിക്കുന്ന ചബഹാര്‍ തുറമുഖം ഇന്ത്യയുടെ തന്ത്രപ്രധാനമായ ഒരു പ്രോജക്റ്റാണ്. മധ്യേഷ്യയിലേക്കുള്ള ഇന്ത്യയുടെ കവാടമായി വിശേഷിപ്പിക്കപ്പെടുന്ന ഈ തുറമുഖത്തിന് മുന്‍പ് അമേരിക്ക ഇളവുകള്‍ നല്‍കിയിരുന്നു. എന്നാല്‍ ട്രംപിന്റെ പുതിയ 'ബ്ലാങ്കറ്റ് താരിഫ്' പ്രഖ്യാപനം ഈ പ്രോജക്റ്റിന്റെ ഭാവിയില്‍ വലിയ അനിശ്ചിതത്വം സൃഷ്ടിക്കുന്നു.ഇന്ത്യ ഈ താരിഫില്‍ നിന്ന് ഇളവ് നേടുമോ അതോ ഇറാനുമായുള്ള ബന്ധം പുനഃക്രമീകരിക്കുമോ എന്നത് നിര്‍ണ്ണായകമാകും.
ചുരുക്കത്തില്‍ വരും ദിവസങ്ങളില്‍ ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള ഔദ്യോഗിക പ്രതികരണം വിപണിയുടെ ഗതി നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും.
പഠിക്കാം & സമ്പാദിക്കാം
Home
