image

12 March 2026 4:37 PM IST

Economy

പശ്ചിമേഷ്യാ സംഘര്‍ഷം; ഗിഗ് റൈഡര്‍മാരുടെ അടുക്കളയിലെ തീകെടുന്നു

MyFin Desk

burning west asia, gig riders kitchens catch fire, swiggy and zomato are involved
X

Summary

കോവിഡ് ലോക്ക്ഡൗണിന് സമാനമായ സാഹചര്യമാണ് നിലവില്‍ ഗിഗ് തൊഴിലാളികള്‍ക്കിടയിലുള്ളത്. വന്‍നഗരങ്ങളില്‍ ഹോട്ടലുകള്‍ പ്രവര്‍ത്തനസമയം വെട്ടിക്കുറയ്ക്കുകയോ 'ഗ്യാസ് സേവിംഗ്' മെനുകളിലേക്ക് മാറുകയും ചെയ്തതോടെ റൈഡര്‍മാര്‍ക്ക് പണിയില്ലാതായി


യുഎസ്-ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം രാജ്യത്തെ ഭക്ഷ്യ വിതരണ സേവനങ്ങളെ ബാധിച്ചു.ഓര്‍ഡറുകളില്‍ ഗണ്യമായ കുറവുണ്ടായതായി ഗിഗ് വര്‍ക്കേഴ്‌സ് വ്യക്തമാക്കുന്നു. സ്വിഗ്ഗി, സൊമാറ്റോ ഡെലിവറി ജീവനക്കാരുടെ ദൈനംദിന ഓര്‍ഡറുകള്‍ 30 ല്‍ നിന്ന് വെറും 5 ആയി കുറഞ്ഞതായി കണക്കുകള്‍ പറയുന്നു. ലക്ഷക്കണക്കിന് ഡെലിവറി പങ്കാളികളുടെ ഉപജീവനമാണ് ഇതോടെ അനിശ്ചിതത്വത്തിലായിരിക്കുന്നത്.

ഹോര്‍മുസ് കടലിടുക്കിലെ ചരക്ക് നീക്കം തടസ്സപ്പെട്ടതോടെ വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് കടുത്ത ക്ഷാമം അനുഭവപ്പെടുകയാണ്. ഇതോടെ പ്രമുഖ നഗരങ്ങളിലെ ആയിരക്കണക്കിന് റെസ്റ്റോറന്റുകളും ക്ലൗഡ് കിച്ചണുകളും പൂട്ടലിന്റെ വക്കിലാണ്. തല്‍ഫലമായി, ചില മേഖലകളില്‍ ഭക്ഷ്യ വിതരണ പ്ലാറ്റ്ഫോമുകള്‍ ഓര്‍ഡറുകളില്‍ വന്‍ ഇടിവ് നേരിടുന്നു.

ഗിഗ് വര്‍ക്കേഴ്‌സിന്റെ സ്ഥിതി വളരെ മോശമാണ്. ഭക്ഷ്യ ബിസിനസുകള്‍ക്ക് 24/7 വാണിജ്യ എല്‍പിജി വിതരണം ഉറപ്പാക്കുക, ബാധിച്ച തൊഴിലാളികള്‍ക്ക് ഉടനടി സാമ്പത്തിക ആശ്വാസം നല്‍കുക തുടങ്ങിയ നടപടികള്‍ ആവശ്യപ്പെട്ട് ഗിഗ് ആന്‍ഡ് പ്ലാറ്റ്ഫോം സര്‍വീസ് വര്‍ക്കേഴ്സ് യൂണിയന്‍ സര്‍ക്കാരിനോട് വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടു.

കോവിഡ് ലോക്ക്ഡൗണിന് സമാനമായ സാഹചര്യമാണ് നിലവില്‍ ഗിഗ് തൊഴിലാളികള്‍ക്കിടയിലുള്ളത്. വന്‍നഗരങ്ങളില്‍ ഹോട്ടലുകള്‍ പ്രവര്‍ത്തനസമയം വെട്ടിക്കുറയ്ക്കുകയോ 'ഗ്യാസ് സേവിംഗ്' മെനുകളിലേക്ക് മാറുകയും ചെയ്തതോടെ റൈഡര്‍മാര്‍ക്ക് പണിയില്ലാതായി. 'ഞങ്ങളുടെ തൊഴിലാളികള്‍ പട്ടിണിയിലാണ്,' എന്ന് ഗിഗ് ആന്‍ഡ് പ്ലാറ്റ്ഫോം സര്‍വീസ് വര്‍ക്കേഴ്സ് യൂണിയന്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഊര്‍ജ്ജ പ്രതിസന്ധി രൂക്ഷമായതോടെ ഗാര്‍ഹിക ഉപഭോഗത്തിന് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത് വാണിജ്യ സിലിണ്ടറുകളുടെ ലഭ്യതയെ ബാധിച്ചു. ഇന്ധനത്തിനായി സിഎന്‍ജിയെ ആശ്രയിക്കുന്ന തൊഴിലാളികള്‍ നീണ്ട ക്യൂവിലും വര്‍ദ്ധിച്ചുവരുന്ന പ്രവര്‍ത്തനച്ചെലവിലും വലയുകയാണ്. ഓര്‍ഡറുകളുടെ എണ്ണത്തില്‍ 60 ശതമാനത്തിലധികം ഇടിവുണ്ടായതോടെ, ഈ മേഖലയുടെ തന്നെ തകര്‍ച്ചയെക്കുറിച്ചുള്ള ആശങ്കയാണ് ഇപ്പോള്‍ ഉയരുന്നത്.

പ്രതിസന്ധി പരിഹരിക്കാന്‍ പ്ലാറ്റ്ഫോം കമ്പനികള്‍ 10,000 രൂപയുടെ അടിയന്തര ധനസഹായം നല്‍കണമെന്നും സര്‍ക്കാര്‍ ഇടപെടണമെന്നും തൊഴിലാളി യൂണിയനുകള്‍ ആവശ്യപ്പെട്ടു. പശ്ചിമേഷ്യന്‍ യുദ്ധം തുടരുന്ന സാഹചര്യത്തില്‍, വിജനമായ തെരുവുകളും അടച്ചിട്ട കടകളും ഇന്ത്യന്‍ നഗരങ്ങളില്‍ വീണ്ടും ലോക്ക്ഡൗണ്‍ സ്മരണകള്‍ ഉണര്‍ത്തുന്നു. തങ്ങള്‍ ഉത്തരവാദികളല്ലാത്ത ഒരു ആഗോള സംഘര്‍ഷത്തിന്റെ ഇരകളായി മാറുകയാണ് ഇന്ത്യയിലെ ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയിലെ ഈ സാധാരണക്കാര്‍.