11 Oct 2026 2:54 PM IST
Summary
ആദ്യ പാദത്തില്‍ ഇന്ത്യയ്ക്ക് ലഭിച്ച മൊത്തം 19.81 ബില്യണ്‍ ഡോളറിന്റെ ഇക്വിറ്റി നിക്ഷേപത്തില്‍ ഏകദേശം 29 ശതമാനവും ജപ്പാന്റെ സംഭാവനയാണ്
ഇന്ത്യയിലേക്കുള്ള വിദേശ നേരിട്ടുള്ള നിക്ഷേപത്തില്‍ (എഫ്ഡിഐ) ജപ്പാന്‍ ഒന്നാമതെത്തി. 2026-27 സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ജപ്പാനില്‍ നിന്ന് ഇന്ത്യയിലെത്തിയത് 5.71 ബില്യണ്‍ ഡോളറാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മുഴുവന്‍ ജപ്പാനില്‍ നിന്നെത്തിയ 3.74 ബില്യണ്‍ ഡോളറിനേക്കാള്‍ കൂടുതലാണിത്. ആദ്യ പാദത്തില്‍ ഇന്ത്യയ്ക്ക് ലഭിച്ച മൊത്തം 19.81 ബില്യണ്‍ ഡോളറിന്റെ ഇക്വിറ്റി നിക്ഷേപത്തില്‍ ഏകദേശം 29 ശതമാനവും ജപ്പാന്റെ സംഭാവനയാണ്. ഇന്ത്യയില്‍ അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ 10 ട്രില്യണ്‍ യെന്‍ നിക്ഷേപിക്കുകയെന്ന ജപ്പാന്റെ പ്രഖ്യാപിത ലക്ഷ്യത്തിന്റെ പശ്ചാത്തലത്തില്‍ ഈ മുന്നേറ്റത്തിന് വലിയ പ്രാധാന്യമുണ്ട്.
വിതരണ ശൃംഖലകള്‍ വൈവിധ്യവല്‍ക്കരിക്കാനും ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങളും വര്‍ധിച്ച ഉല്‍പ്പാദനച്ചെലവും മറികടക്കാനും ജാപ്പനീസ് കമ്പനികള്‍ ഇന്ത്യയെ കൂടുതല്‍ ഗൗരവത്തോടെ പരിഗണിക്കുകയാണെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. ഉല്‍പ്പാദന കേന്ദ്രം എന്നതിലുപരി വലിയ ഉപഭോക്തൃ വിപണി, സാങ്കേതികവിദ്യാ കേന്ദ്രം, ആഗോള ശേഷി കേന്ദ്രങ്ങള്‍ (ജിസിസി) എന്നിവയുടെ പ്രധാന ലക്ഷ്യസ്ഥാനമായും ഇന്ത്യ മാറുന്നു. വാഹനനിര്‍മാണം, ബാറ്ററികള്‍, വ്യാവസായിക ഉല്‍പ്പാദനം, പുനരുപയോഗ ഊര്‍ജം, ലോജിസ്റ്റിക്‌സ്, ഭക്ഷ്യസംസ്‌കരണം, ഇന്‍ഷുറന്‍സ്, സാമ്പത്തിക സേവനങ്ങള്‍ തുടങ്ങിയ മേഖലകളിലാണ് ജാപ്പനീസ് താല്‍പ്പര്യം ശക്തമാകുന്നത്. സെമികണ്ടക്ടറുകള്‍, നിര്‍ണായക ധാതുക്കള്‍, റെയില്‍വേ, പ്രതിരോധം എന്നിവയിലും ഭാവിയില്‍ കൂടുതല്‍ സഹകരണത്തിന് സാധ്യതയുണ്ട്.
സാമ്പത്തിക സേവന മേഖലയിലെ വന്‍ ഇടപാടുകളും ജപ്പാന്റെ നിക്ഷേപക്കുതിപ്പിന് കരുത്തേകി. ഏപ്രിലില്‍ ജപ്പാനിലെ എംയുഎഫ്ജി ബാങ്ക് ശ്രീറാം ഫിനാന്‍സ് ലിമിറ്റഡിന്റെ 20 ശതമാനം ഓഹരികള്‍ 39,618 കോടി രൂപയ്ക്ക് ഏറ്റെടുത്തത് ശ്രദ്ധേയമായി. ഇന്ത്യയുടെ സാമ്പത്തിക സേവന മേഖലയിലെ ഏറ്റവും വലിയ അതിര്‍ത്തി കടന്നുള്ള നിക്ഷേപമായി ഈ ഇടപാട് മാറി. ബാങ്കിംഗ്, ഇന്‍ഷുറന്‍സ്, നിക്ഷേപ ബാങ്കിംഗ്, ആസ്തി മാനേജ്‌മെന്റ്, എംഎസ്എംഇ വായ്പാ മേഖലകള്‍ എന്നിവയിലേക്കും ജാപ്പനീസ് സ്ഥാപനങ്ങള്‍ സാന്നിധ്യം വ്യാപിപ്പിക്കുന്നുണ്ട്. മൂലധനത്തിന് പുറമേ സാങ്കേതികവിദ്യ, റിസ്‌ക് മാനേജ്‌മെന്റ് വൈദഗ്ധ്യം, അന്താരാഷ്ട്ര ഉപഭോക്തൃ ശൃംഖലകള്‍ എന്നിവയും ഈ നിക്ഷേപങ്ങളിലൂടെ ഇന്ത്യയ്ക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷ.
ജപ്പാന്റെ നിക്ഷേപ മുന്നേറ്റം ഇന്ത്യയുടെ ദീര്‍ഘകാല സാമ്പത്തിക സാധ്യതകളിലുള്ള ആത്മവിശ്വാസത്തിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. ഒമ്പത് സംസ്ഥാനങ്ങളിലായി 12 ജാപ്പനീസ് വ്യാവസായിക ടൗണ്‍ഷിപ്പുകള്‍ ഉള്‍പ്പെടെയുള്ള പ്രത്യേക സൗകര്യങ്ങളും നിക്ഷേപകരെ ആകര്‍ഷിക്കുന്നു. ജപ്പാന് പിന്നാലെ 5.22 ബില്യണ്‍ ഡോളര്‍ നിക്ഷേപവുമായി സിംഗപ്പൂര്‍ രണ്ടാം സ്ഥാനത്തെത്തി. മൗറീഷ്യസ് 2.4 ബില്യണ്‍ ഡോളറും നെതര്‍ലാന്‍ഡ്‌സ് 1.38 ബില്യണ്‍ ഡോളറും അമേരിക്ക 1.35 ബില്യണ്‍ ഡോളറും നിക്ഷേപിച്ചു. സാമ്പത്തിക സേവനങ്ങള്‍ക്കും ഉല്‍പ്പാദനത്തിനും സാങ്കേതികവിദ്യയ്ക്കും ഒരുപോലെ പ്രാധാന്യം നല്‍കുന്ന ജാപ്പനീസ് കമ്പനികളുടെ പുതിയ നീക്കങ്ങള്‍ ഇന്ത്യയിലേക്കുള്ള ദീര്‍ഘകാല വിദേശ മൂലധന പ്രവാഹത്തിന് കൂടുതല്‍ കരുത്തുപകരുമെന്നാണ് പ്രതീക്ഷ.
പഠിക്കാം & സമ്പാദിക്കാം
Home
