10 Nov 2026 5:03 PM IST
Summary
നീണ്ടുനില്‍ക്കുന്ന വിലക്കയറ്റവും ഉപഭോക്താക്കളുടെ ജാഗ്രതയോടെയുള്ള ചെലവിടല്‍ രീതിയും ആശങ്കപ്പെടുത്തുന്നു.
ജപ്പാനിലെ കുടുംബങ്ങളുടെ ഉപഭോഗച്ചെലവില്‍ വന്‍ ഇടിവ്. വരുമാനത്തില്‍ വര്‍ധന രേഖപ്പെടുത്തിയിട്ടും സെപ്റ്റംബറില്‍ കുടുംബങ്ങളുടെ ചെലവിടല്‍ 6.8 ശതമാനം കുറഞ്ഞു. കഴിഞ്ഞ ആറു വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവാണിത്. തുടര്‍ച്ചയായ പത്താം മാസമാണ് ജപ്പാനില്‍ കുടുംബ ഉപഭോഗച്ചെലവ് താഴുന്നത്.
ജപ്പാന്‍ ആഭ്യന്തരകാര്യ, വാര്‍ത്താവിനിമയ മന്ത്രാലയം പുറത്തുവിട്ട കണക്കുകളിലാണ് ഉപഭോഗ മേഖലയിലെ ഈ തളര്‍ച്ച വ്യക്തമാകുന്നത്. രണ്ടോ അതിലധികമോ അംഗങ്ങളുള്ള കുടുംബങ്ങളുടെ ശരാശരി പ്രതിമാസ ഉപഭോഗച്ചെലവ് 2,89,536 യെന്‍ ആയി കുറഞ്ഞു. മുന്‍വര്‍ഷത്തെ ഇതേ മാസത്തെ അപേക്ഷിച്ച് യഥാര്‍ഥ ഉപഭോഗച്ചെലവില്‍ 6.8 ശതമാനമാണ് ഇടിവ്. വിലക്കയറ്റത്തിന്റെ സ്വാധീനം ഒഴിവാക്കിയുള്ള കണക്കാണിത്. നാമമാത്ര ചെലവിലും 4.5 ശതമാനം കുറവുണ്ടായി.
അതേസമയം, വരുമാനത്തില്‍ വര്‍ധനയുണ്ടായെന്നതാണ് ശ്രദ്ധേയം. തൊഴിലാളി കുടുംബങ്ങളുടെ ശരാശരി പ്രതിമാസ വരുമാനം സെപ്റ്റംബറില്‍ 5,28,074 യെന്‍ ആയി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് നാമമാത്ര വരുമാനത്തില്‍ 3.4 ശതമാനവും പണപ്പെരുപ്പം കണക്കിലെടുത്തുള്ള യഥാര്‍ഥ വരുമാനത്തില്‍ 0.9 ശതമാനവും വര്‍ധന രേഖപ്പെടുത്തി. വരുമാനം മെച്ചപ്പെട്ടിട്ടും ഉപഭോഗം ഉയരാത്തത് ജപ്പാന്റെ ആഭ്യന്തര സമ്പദ്വ്യവസ്ഥയ്ക്ക് വെല്ലുവിളിയാകുകയാണ്.
ചെലവിടലിലെ ഇടിവ് വിവിധ മേഖലകളിലും പ്രകടമാണ്. ഭക്ഷ്യവസ്തുക്കള്‍ക്കായുള്ള ചെലവ് 2.5 ശതമാനം കുറഞ്ഞു. സംസ്‌കാരം, വിനോദം തുടങ്ങിയ മേഖലകളിലെ ചെലവില്‍ 8.7 ശതമാനത്തിന്റെ ഇടിവുണ്ടായി. ഗതാഗതം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലും ഉപഭോഗം ദുര്‍ബലമായതായാണ് റിപ്പോര്‍ട്ടുകള്‍.
സെപ്റ്റംബറിലെ മോശം കാലാവസ്ഥയും ഉപഭോഗത്തെ പ്രതികൂലമായി ബാധിച്ചു. കിഴക്കന്‍ ജപ്പാനിലുണ്ടായ കനത്ത മഴയും ചുഴലിക്കാറ്റുകളും ജനങ്ങളുടെ പുറത്തിറങ്ങലും ഷോപ്പിങ്ങും വിനോദ പ്രവര്‍ത്തനങ്ങളും കുറച്ചതായി അധികൃതര്‍ വിലയിരുത്തുന്നു. ടോക്കിയോയില്‍ സെപ്റ്റംബറിലെ എല്ലാ ദിവസങ്ങളിലും മഴ രേഖപ്പെടുത്തിയതും ശ്രദ്ധേയമാണ്.
അതേസമയം, നീണ്ടുനില്‍ക്കുന്ന വിലക്കയറ്റവും ഉപഭോക്താക്കളുടെ ജാഗ്രതയോടെയുള്ള ചെലവിടല്‍ രീതിയും സമ്പദ്വ്യവസ്ഥയ്ക്ക് ആശങ്കയാകുന്നുണ്ട്. ഉപഭോഗം ദുര്‍ബലമായി തുടരുന്നത് ജപ്പാന്‍ ബാങ്കിന്റെ പലിശനിരക്ക് നയത്തെയും സ്വാധീനിച്ചേക്കാം. ഡിസംബറില്‍ വീണ്ടും പലിശനിരക്ക് ഉയര്‍ത്താനുള്ള സാധ്യതയും വിപണി നിരീക്ഷിക്കുന്നുണ്ട്.
വരുമാന വര്‍ധന മാത്രം ഉപഭോഗ വളര്‍ച്ചയ്ക്ക് മതിയാകില്ലെന്നും കുടുംബങ്ങളുടെ വാങ്ങല്‍ശേഷിയിലും ആത്മവിശ്വാസത്തിലും പുരോഗതിയുണ്ടാകേണ്ടതുണ്ട് എന്നുമാണ് പുതിയ കണക്കുകള്‍ നല്‍കുന്ന സൂചന.
പഠിക്കാം & സമ്പാദിക്കാം
Home
