14 Nov 2023 12:47 PM IST
Summary
- കേരള ഗ്രാമങ്ങളിലെ വിലക്കയറ്റം 4.02 ശതമാനം മാത്രം
- വിലക്കയറ്റ തോത് 9 സംസ്ഥാനങ്ങളില്‍ ദേശീയ ശരാശരിക്കു മുകളില്‍
- ഏറ്റവും വലിയ വിലക്കയറ്റം ഒഡിഷയില്‍
രാജ്യത്തിലെ വിലക്കയറ്റത്തിന്‍റെ തോത് ഏറ്റവും കുറഞ്ഞ സംസ്ഥാനങ്ങളില്‍ ഒന്നായി കേരളം. കേന്ദ്ര സ്‍റ്റാറ്റിസ്‍റ്റിക്സ് മന്ത്രാലയം ഇന്നലെ പുറത്തുവിട്ട കണക്കു പ്രകാരം ഒക്റ്റോബറില്‍ കേരളത്തിലെ വിലക്കയറ്റം 4.26 ശതമാനമാണ്. ദേശീയ ശരാശരിയായ 4.87 ശതമാനത്തേക്കാള്‍ ഏറെ കുറവാണിത്. രാജ്യത്ത് ഏറ്റവും കുറവ് വിലക്കയറ്റം രേഖപ്പെടുത്തിയതില്‍ ഏഴാം സ്ഥാനമാണ് കേരളത്തിന് ഉള്ളത്.
ഗ്രാമങ്ങളിലെ വിലക്കയറ്റത്തിന്‍റെ ദേശീയ ശരാശരി 5.12 ശതമാനമാണെങ്കില്‍ കേരളത്തിലിത് 4.02 ശതമാനം മാത്രമാണ്. നഗരങ്ങളിലെ പണപ്പെരുപ്പത്തിന്‍റെ ദേശീയ ശരാശരിയും കേരളത്തിന്‍റെ ശരാശരിയും 4.62 ശതമാനമാണ്. സെപ്റ്റംബറില്‍ 4.72 ശതമാനമായിരുന്നു സംസ്ഥാനത്തിലെ വിലക്കയറ്റം. സെപ്റ്റംബറില്‍ ഗ്രാമങ്ങളിലെ വിലക്കയറ്റ തോത് 4.59 ശതമാനവും നഗരങ്ങളിലേത് 4.93 ശതമാനവും ആയിരുന്നു.
ഛത്തീസ്‍ഗഡിലും ( 2.44%) ഡെല്‍ഹിയിലും (2.48%) ആണ് ഒക്റ്റോബറില്‍ ഏറ്റവും കുറഞ്ഞ വിലക്കയറ്റം അനുഭവപ്പെട്ടത്. തമിഴ്നാട്, ജമ്മു കശ്‍മീര്‍, മധ്യപ്രദേശ് തുടങ്ങിയ 13 ഓളം സംസ്ഥാനങ്ങളും ദേശീയ ശരാശരിക്ക് താഴെ വിലക്കയറ്റം രേഖപ്പെടുത്തി.
3 സംസ്ഥാനങ്ങളില്‍ 6 ശതമാനത്തിനു മുകളില്‍
രാജ്യത്തെ 3 സംസ്ഥാനങ്ങളിലാണ് ഒക്റ്റോബറില്‍ 6 ശതമാനത്തിനു മുകളിലുള്ള പണപ്പെരുപ്പം രേഖപ്പെടുത്തിയത്. ഒഡിഷയില്‍ 6 .47 ശതമാനവും രാജസ്ഥാനില്‍ 6 .25 ശതമാനവും ഹരിയാനയില്‍ 6.02 ശതമാനവും വിലക്കയറ്റം രേഖപ്പെടുത്തി. ബീഹാർ, കർണാടക, പഞ്ചാബ്, തെലങ്കാന, ഗുജറാത്ത്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും ദേശീയ ശരാശരിക്ക് മുകളിലാണ് വിലക്കയറ്റത്തിന്‍റെ തോത്.
ഇന്ത്യയുടെ ഉപഭോക്തൃ വില സൂചിക ഒക്‌ടോബറിൽ അഞ്ച് മാസത്തെ ഏറ്റവും കുറഞ്ഞ നിലയിലേക്ക് എത്തി. രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒക്റ്റോബറിൽ വിലക്കയറ്റം 5 ശതമാനത്തിന് താഴേക്ക് എത്തുന്നത്. പ്രധാന പണപ്പെരുപ്പം തുടർച്ചയായി രണ്ടാം മാസവും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) സഹനപരിധിയായ 2-6 ശതമാനത്തിൽ തുടർന്നുവെങ്കിലും, ഇപ്പോൾ തുടർച്ചയായി 49 മാസമായി ഇടക്കാല ലക്ഷ്യമായ 4 ശതമാനത്തിന് മുകളിലാണ്.
പഠിക്കാം & സമ്പാദിക്കാം
Home
