28 Jan 2026 5:59 PM IST
Summary
മൊത്തം ആഭ്യന്തര ഉല്‍പ്പാദനം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഗണ്യമായി വര്‍ധിച്ച് 6.85 ലക്ഷം കോടി രൂപയിലെത്തി. രാജ്യത്തെ മുന്‍നിര പത്ത് സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം ഇടംപിടിച്ചു
കേരളത്തിന്റെ വളര്‍ച്ചാനിരക്ക് 6.19 ശതമാനത്തിലെത്തിയതായി സാമ്പത്തികാവലോകന റിപ്പോര്‍ട്ട്. ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്ന പ്രതിശീര്‍ഷ വരുമാനവും, വ്യവസായ മേഖലയിലെ മുന്നേറ്റവും നേട്ടമായി.
സംസ്ഥാന ആസൂത്രണ ബോര്‍ഡ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, കേരളത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഗണ്യമായി വര്‍ധിച്ച് 6.85 ലക്ഷം കോടി രൂപയിലെത്തി. രാജ്യത്തെ മുന്‍നിര പത്ത് സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം ഇടംപിടിച്ചിരിക്കുന്നു.
ഓരോ മലയാളിയുടെയും ശരാശരി വരുമാനം, അതായത് പ്രതിശീര്‍ഷ വരുമാനം 1,90,149 രൂപയായി ഉയര്‍ന്നു. ഇത് ദേശീയ ശരാശരിയേക്കാള്‍ വളരെ മുന്നിലാണെന്നത് ശ്രദ്ധേയമാണ്. സേവന മേഖലയാണ് ഇപ്പോഴും കേരളത്തിന്റെ നട്ടെല്ല് - ഏകദേശം 63 ശതമാനത്തിലധികം സംഭാവനയും ഈ മേഖലയില്‍ നിന്നാണ്.
എന്നാല്‍ വിസ്മയിപ്പിക്കുന്നത് കാര്‍ഷിക-വ്യവസായ മേഖലകളുടെ തിരിച്ചുവരവാണ്. മത്സ്യബന്ധന മേഖല 10.55 ശതമാനം വളര്‍ച്ച നേടിയപ്പോള്‍, നിര്‍മ്മാണ-നിര്‍മ്മാണേതര വ്യവസായങ്ങള്‍ ഉള്‍പ്പെടുന്ന സെക്കന്‍ഡറി സെക്ടര്‍ 7.87 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.ധനകാര്യ മാനേജ്‌മെന്റില്‍ കേരളം അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ട്. റവന്യൂ വരുമാനത്തില്‍ വര്‍ധനവുണ്ടായെങ്കിലും, കേന്ദ്രത്തില്‍ നിന്നുള്ള വിഹിതത്തില്‍ 6.15 ശതമാനത്തിന്റെ കുറവുണ്ടായത് സംസ്ഥാനത്തിന് വെല്ലുവിളിയായി.
എന്നിരുന്നാലും, തനത് നികുതി വരുമാനത്തില്‍ 3.1 ശതമാനം വളര്‍ച്ച നേടാന്‍ കേരളത്തിന് സാധിച്ചു. ധനക്കമ്മി 3.86 ശതമാനമാണെങ്കിലും വരും വര്‍ഷങ്ങളില്‍ ഇത് 3.16 ശതമാനത്തിലേക്ക് താഴ്ത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി.
പഠിക്കാം & സമ്പാദിക്കാം
Home
