image

4 Jun 2026 7:45 PM IST

Economy

അടുക്കള ബജറ്റില്‍ തീരാദുരിതം; തക്കാളിയും പാചകവാതകവും തിരിച്ചടിയായി

MyFin Desk

അടുക്കള ബജറ്റില്‍ തീരാദുരിതം; തക്കാളിയും   പാചകവാതകവും തിരിച്ചടിയായി
X

Summary

ഒരു വെജിറ്റേറിയന്‍ താലിയുടെ വിലയില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 5 ശതമാനവും, നോണ്‍-വെജിറ്റേറിയന്‍ താലിക്ക് 7 ശതമാനവും വര്‍ധനവാണ് രേഖപ്പെടുത്തിയത്


വീട്ടില്‍ പാകം ചെയ്യുന്ന ഭക്ഷണത്തിന്റെ ചെലവില്‍ വലിയ വര്‍ധനവെന്ന് ക്രിസില്‍ ഇന്റലിജന്‍സിന്റെ പുതിയ റൊട്ടി റൈസ് റേറ്റ് റിപ്പോര്‍ട്ട്. മെയ് മാസത്തില്‍ ഒരു വെജിറ്റേറിയന്‍ താലിയുടെ വിലയില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 5 ശതമാനവും, നോണ്‍-വെജിറ്റേറിയന്‍ താലിക്ക് 7 ശതമാനവും വര്‍ധനവാണ് രേഖപ്പെടുത്തിയത്. തക്കാളി, സസ്യ എണ്ണ, എല്‍പിജി സിലിണ്ടറുകള്‍ എന്നിവയുടെ വിലയിലുണ്ടായ കുതിച്ചുചാട്ടമാണ് സാധാരണക്കാരുടെ അടുക്കള ബജറ്റിനെ താളംതെറ്റിച്ചത്.

വിലക്കയറ്റത്തിന് പ്രധാന കാരണം തക്കാളിയാണ്. കഴിഞ്ഞ വര്‍ഷം 23 രൂപയായിരുന്ന തക്കാളിയുടെ വില മെയ് മാസത്തില്‍ 57 ശതമാനം വര്‍ധിച്ച് 36 രൂപയിലെത്തി. ഉല്‍പ്പാദനത്തിലുണ്ടായ കുറവും പ്രതികൂല കാലാവസ്ഥയുമാണ് ഇതിന് കാരണമായത്. ഇതിനുപുറമെ, ആഗോള വിതരണ തടസ്സങ്ങള്‍ കാരണം സസ്യ എണ്ണ വിലയില്‍ 8 ശതമാനവും, എല്‍പിജി വിലയില്‍ 7 ശതമാനവും വര്‍ധനവുണ്ടായി. മാംസാഹാര പ്രേമികള്‍ക്ക് തിരിച്ചടിയായി ബ്രോയിലര്‍ കോഴിയുടെ വില 9 ശതമാനം ഉയര്‍ന്നതും നോണ്‍-വെജിറ്റേറിയന്‍ താലിയുടെ ചെലവ് കൂട്ടിയതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

എങ്കിലും, ആശ്വാസകരമായ ചില ഘടകങ്ങളും റിപ്പോര്‍ട്ടിലുണ്ട്. ഉള്ളി (6%), ഉരുളക്കിഴങ്ങ് (14%), പയര്‍വര്‍ഗ്ഗങ്ങള്‍ (2%) എന്നിവയുടെ വിലയില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാര്‍തലത്തിലുള്ള ഇടപെടലുകളും ഉയര്‍ന്ന സ്റ്റോക്കും പയര്‍വര്‍ഗ്ഗങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കാന്‍ സഹായിച്ചിട്ടുണ്ട്. പയര്‍വര്‍ഗ്ഗങ്ങളുടെ മതിയായ ലഭ്യത വരും മാസങ്ങളില്‍ കുടുംബങ്ങള്‍ക്ക് ചെറിയൊരു ആശ്വാസം നല്‍കുമെന്നാണ് വിലയിരുത്തല്‍.

വരും മാസങ്ങളിലും ചെലവ് വര്‍ദ്ധിക്കുമെന്നുതന്നെയാണ് സൂചന. വേനല്‍ക്കാലത്തെ കൃഷിയിലെ കുറവ് മൂലം തക്കാളി വില ഉയര്‍ന്ന നിലയില്‍ തന്നെ തുടരാനാണ് സാധ്യത. കൂടാതെ, വടക്കേ ഇന്ത്യയിലെ ഉല്‍പ്പാദനക്കുറവ് മൂലം ഉള്ളിയുടെ വിലയും, സീസണ്‍ മാറ്റങ്ങള്‍ക്കനുസരിച്ച് ഉരുളക്കിഴങ്ങിന്റെ വിലയും വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍, അടുക്കള ബജറ്റിലെ പ്രതിസന്ധി തുടരുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.