image

30 Sept 2025 3:34 PM IST

Economy

അറിയാം ഫ്യൂച്ചേഴ്സ് ആന്‍ഡ് ഓപ്ഷന്‍സിലെ സെബിയുടെ നിയന്ത്രണങ്ങള്‍

ശ്രുതി ലാല്‍

അറിയാം ഫ്യൂച്ചേഴ്സ് ആന്‍ഡ് ഓപ്ഷന്‍സിലെ  സെബിയുടെ നിയന്ത്രണങ്ങള്‍
X

Summary

ഓഹരിയുടെ വാങ്ങല്‍-വില്‍ക്കല്‍ കണക്ക് കൂടി പരിഗണിച്ച് മാര്‍ക്കറ്റ്-വൈഡ് പൊസിഷന്‍ ലിമിറ്റ് ക്രമീകരിക്കും


ഒക്ടോബര്‍ ഒന്നുമുതല്‍ നിക്ഷേപകരെ കാത്തിരിക്കുന്നത് കര്‍ശനമായ എഫ് ആന്‍ഡ് ഒ നിയമങ്ങള്‍. മാര്‍ക്കറ്റ്-വൈഡ് പൊസിഷന്‍ പരിധി, നിരോധന കാലയളവിലെ വിപണി പരിധി, ഇന്‍ട്രാ ഡേ പൊസിഷന്‍ എന്നിവയിലാണ് മാറ്റം.

ഫ്യൂച്ചേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍സില്‍ കടുത്ത നിയന്ത്രണങ്ങളാണ് സെബി നടപ്പിലാക്കുന്നത്. ഇതുവരെ മാര്‍ക്കറ്റ്-വൈഡ് പൊസിഷന്‍ ലിമിറ്റ്, ട്രേഡിംഗിന് ലഭ്യമായ ഓഹരികളുടെ എണ്ണത്തെ മാത്രം അടിസ്ഥാനമാക്കിയുള്ളതായിരുന്നു. എന്നാല്‍ ഇനി മുതല്‍ വിപണിയില്‍ ഓഹരി എത്രത്തോളം ട്രേഡ് ചെയ്യുന്നു എന്നത് കൂടി പരിഗണിക്കും. അതായത് ഓഹരികളുടെ എണ്ണം മാത്രം കണക്കിലെടുത്തിരുന്നപ്പോള്‍ ടേഡിങ് നടക്കാത്ത ഓഹരികളുടെ അളവ് നിക്ഷേപകന് അറിയാന്‍ സാധിച്ചിരുന്നില്ല. ഉദാഹരണത്തിന് ഒരു ഓഹരി വില്‍ക്കാനും വാങ്ങാനും അധികം ആളില്ലെന്ന് കരുതുക. എന്നാല്‍ ഓഹരിയുടെ എണ്ണത്തിലെ വര്‍ധന കണ്ട് എഫ് ആന്‍ഡ് ഒ പൊസിഷന്‍ വലിയ പരിധിയില്‍ എടുക്കാന്‍ നിക്ഷേപകര്‍ തയ്യാറാവും. ഇത് ഓഹരി വിലയിലെ തട്ടിപ്പിലേക്ക് വഴി വയ്ക്കുന്നുണ്ടെന്നാണ് സെബിയുടെ നിരീക്ഷണം. ഇതിന് പരിഹാരമായാണ് ഓഹരിയുടെ വാങ്ങല്‍-വില്‍ക്കല്‍ കണക്ക് കൂടി പരിഗണിച്ച് മാര്‍ക്കറ്റ്-വൈഡ് പൊസിഷന്‍ ലിമിറ്റ് ക്രമീകരിക്കാന്‍ സെബി തീരുമാനിച്ചത്. അത് പോലെ ഒരു ഓഹരിയുടെ മൊത്തം ഫ്യൂച്ചേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍ പൊസിഷനുകള്‍ മാര്‍ക്കറ്റ്-വൈഡ് പൊസിഷന്‍ ലിമിറ്റിന്റെ 95% എത്തുമ്പോള്‍ ആ ഓഹരിയുടെ ഇടപാട് താല്‍ക്കാലികമായി മരവിപ്പിക്കാറുണ്ട്. എങ്കിലും ചിലപ്പോഴെങ്കില്‍ പരിധി ഉയര്‍ത്താന്‍ നിക്ഷേപകര്‍ക്ക് സാധിച്ചിരുന്നു. എന്നാല്‍ ഇനി ഇത്തരം അവസരം ലഭിക്കില്ല. വിപണി ചാഞ്ചാട്ടത്തില്‍ റിസ്‌കുള്ള പൊസിഷനുകള്‍ എടുക്കുന്നതില്‍ നിന്ന് നിക്ഷേപകരെ തടയുന്നതിനാണ് ഈ നീക്കം. നേരത്തെ എക്‌സ്‌ചേഞ്ചുകള്‍ ട്രെഡിങ് അവസാനിച്ച ശേഷമാണ് പൊസിഷനുകള്‍ പരിശോധിച്ചിരുന്നൊള്ളു. എന്നാല്‍ ഇനി മുതല്‍ തല്‍സമയം നിരീക്ഷണക്കണമെന്നാണ് സെബിയുടെ നിര്‍ദേശം.

ഡെറിവേറ്റീവ് പൊസിഷന്‍ പരിധിയില്‍ നിരന്തരമായി ലംഘനം ?

ഡെറിവേറ്റീവ് പൊസിഷന്‍ പരിധിയിലും നിയന്ത്രണം വരുന്നുണ്ട്. നിരന്തരമായി ലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് സെബിയുടെ ഈ നീക്കം. നിലവില്‍ സൂചികകളുടെ വലിപ്പം, ട്രേഡിംഗ് വോളിയം,റിസ്‌ക് പ്രൊഫൈല്‍ എന്നിവ സെബി പരിഗണിക്കാറില്ല. പകരം എല്ലാ സൂചികകളിലും ഒരേ പോസിഷന്‍ പരിധിയാണ് അനുവദിച്ചിരുന്നത്. നിഫ്റ്റി പോലുള്ള ചില സൂചികകള്‍ക്ക് വളരെ വലിയ ഓപ്പണ്‍ ഇന്ററസ്റ്റും ലിക്വിഡിറ്റിയും ഉള്ളപ്പോള്‍ ഇത് വലിയ അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്നതാണ്. അതിനാല്‍ ഓരോ സൂചികയുടെയും വലുപ്പം, ലിക്വിഡിറ്റിയ്ക്കും അനുസരിച്ച് പൊസിഷന്‍ സ്ലാബാണ് സെബി കൊണ്ടുവരികയെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉദാഹരണത്തിന് സൂചികയുടെ ഓപ്പണ്‍ ഇന്‍ട്രസ്റ്റ് 10,000 കോടി രൂപയില്‍ താഴെയാണെങ്കില്‍, പൊസിഷന്റെ ഉയര്‍ന്ന പരിധി 2,000 കോടി രൂപയായിരിക്കും. ഡെല്‍റ്റാ അഡ്ജസ്റ്റഡ് ഓപ്പണ്‍ ഇന്ററസ്റ്റ് 10,000 കോടിയില്‍ കൂടുതലും 30,000 കോടി വരെയുമാണെങ്കില്‍, പരിധി 6,000 കോടി രൂപയായി നിശ്ചയിക്കാം.50,000 കോടി രൂപ വരെയുള്ളതിന്റെ പൊസിഷന്‍ പരിധി 10,000 കോടി രൂപയായിരിക്കും. 50,000 കോടി രൂപയ്ക്ക് മുകളിലിത് 12,000 കോടി രൂപയായി നിശ്ചയിക്കാം. ഇത് ട്രെഡേഴ്സിന് നിഫ്റ്റി, ബാങ്ക് നിഫ്റ്റി പോലുള്ളവയില്‍ വലിയ പൊസിഷന്‍ എടുക്കാന്‍ അനുവദിക്കും. സെബിയ്ക്ക് വിപണിയുടെ റിസ്‌കിലും സ്ഥിരതയും കൃത്യമായി നിയന്ത്രണ വിധേയമാക്കാനും സാധിക്കുമെന്നുമാണ് വിലയിരുത്തല്‍.

സെബിയുടെ ലക്ഷ്യമെന്ത്?

അതേസമയം, ഓപ്ഷന്‍സ് ട്രേഡിങ് എക്സ്പെയറിയില്‍ സെബി മാറ്റം നിര്‍ദേശിച്ചതോടെ വിപണിയില്‍ നിന്ന് ചോര്‍ന്നത് ഒന്നേമുക്കാല്‍ ലക്ഷം കോടി രൂപയാണ്. ബ്രോക്കറേജ് ഓഹരികള്‍ക്കും വന്‍ തിരിച്ചടി. ആഴ്ചയിലെ എഫ് ആന്‍ഡ് ഒ എക്സ്പെയറി അവസാനിപ്പിക്കുന്നുവെന്ന വാര്‍ത്തയാണ് വിപണിയില്‍ തിരിച്ചടിയായത്. എഫ് & ഒ വിഭാഗത്തിലെ ഗണ്യമായ നഷ്ടങ്ങളില്‍ നിന്ന് റീട്ടെയില്‍ നിക്ഷേപകരെ സംരക്ഷിക്കുക, വിപണിയിലെ ഊഹക്കച്ചവടം നിയന്ത്രിക്കുക,അസ്ഥിരത കുറയ്ക്കുക എന്നിയാണ് സെബിയുടെ ലക്ഷ്്യം. എന്നാല്‍ എഫ് ആന്‍ഡ് ഒ ഫീയിനത്തില്‍ വരുമാനം ഉണ്ടാക്കുന്നവയാണ് ബ്രോക്കറേജുകളും ബിഎസ്ഇയുമെല്ലാം. കരാര്‍ വോള്യങ്ങള്‍, ഇടപാടുകള്‍, അനുബന്ധ ഇന്‍ഫ്രാസ്ട്രക്ചര്‍ ട്രേഡിംഗ്, ക്ലിയറിങ് പോലുള്ളവവയില്‍ നിന്നുള്ള ഫീസ് വഴിയാണ് ഈ വരുമാനം വരുന്നത്. ഈ വരുമാനം നിലയ്ക്കുന്നത് കമ്പനികളുടെ പാദഫലത്തെ ബാധിക്കും. ഇതാണ് ഈ ഓഹരികള്‍ വിറ്റഴിക്കാന്‍ നിക്ഷേപകരെ പ്രേരിപ്പിച്ചതെന്ന് വിപണി വിദഗ്ധനായ നീരജ് ധവാന്‍ വ്യക്തമാക്കി. ജെഫറീസ് പറയുന്നത് ആഴ്ചയിലെ എക്സ്പെയറി രണ്ടാഴ്ചയിലൊരിക്കല്‍ ആക്കി മാറ്റിയാല്‍, ബിഎസ്ഇയുടെവരുമാനത്തില്‍ 20-50% ഇടിവും നുവാമയ്ക്ക് 15-25% ഇടിവും സംഭവിക്കുമെന്നാണ്. വിഷയത്തില്‍ സെബിയുടെ അന്തിമ തീരുമാനം ഉടന്‍ വരും. ഇതോടെ ഈ ഓഹരികളില്‍ വീണ്ടും ഇടിവുണ്ടാകാമെന്നും വിദഗ്ധര്‍ പറയുന്നു.

നിയന്ത്രണങ്ങള്‍ക്കൊപ്പം ഇളവുകളും!

ഓഹരി വിപണിയില്‍നിയന്ത്രണങ്ങള്‍ക്കൊപ്പം ഇളവുകളും ഒരുമിച്ച് കൊണ്ട് വരാനുള്ള നീക്കമാണ് ഇപ്പോള്‍ സെബി നടത്തുന്നത്.നിലവില്‍ ഇന്‍ഡ്രാ ഡേ ട്രേഡിങിന് പരിധികളൊന്നും സെബി ഏര്‍പ്പെടുത്തിയിട്ടില്ല. അതായത് നിക്ഷേപന് പരിധിയില്ലാത്ത ഇന്‍ട്രാഡേ പൊസിഷനുകള്‍ എടുക്കാന്‍ കഴിയും. എങ്കില്‍ പോലും എക്സ്ചേഞ്ചുകള്‍ രണ്ട് സ്റ്റാന്‍ഡേര്‍ഡ് പരിധികള്‍ ഉപയോഗിച്ച് ഇന്‍ട്രാഡേ പൊസിഷനുകള്‍ നിരീക്ഷിക്കുന്നുണ്ട്. ഇത് പ്രകാരം നെറ്റ് ഡെല്‍റ്റ പരിധി 1,500 കോടിയും മൊത്തം പരിധി: 10,000 കോടിയുമാണ്. എന്നാല്‍ എക്സ്പയറി ദിവസങ്ങളില്‍ ട്രേഡറുടെ പൊസിഷനുകള്‍ ഈ പരിധികള്‍ ലംഘിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിരുന്നു. ഈ മാസം ഏഴാം തിയ്യതി ടോപ് ലോങ് പൊസിഷന്‍ 4245 കോടിയും ഷോര്‍ട്ട് പൊസിഷന്‍ 5409 കോടിയുമായിരുന്നു. 1500 കോടിയുടെ മൂന്നിരിട്ടിയ്ക്കടുത്ത് എത്തിയിത്. മൊത്തം പരിധിയിലെ അവസ്ഥയും ഇതായിരുന്നു.വോള്യങ്ങളും റിസ്‌കും വര്‍ദ്ധിക്കുമ്പോഴാണ് ഈ പരിധികള്‍ പലപ്പോഴും കവിയുന്നത്. ഇതാണ് സെബിയുടെ ആശങ്കയ്ക്ക് കാരണം. ഇതോടെയാണ്എക്സ്പയറി ദിവസങ്ങളില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത് പരിഗണിക്കാന്‍ തീരുമാനിച്ചത്. ലംഘനങ്ങള്‍ക്ക് പിഴകളോ അച്ചടക്ക നടപടിയോ ആയിരിക്കും ശിക്ഷ. തത്സമയ നിരീക്ഷണവും അലേര്‍ട്ടുകളും സെബിയുടെ ഭാഗത്ത് നിന്നുണ്ടാവുമെന്നും റിപ്പോര്‍ട്ടുണ്ട്.