27 Nov 2025 3:55 PM IST
Summary
ക്യാഷ് സെഗ്മെന്റിലെ വ്യാപാരം പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം
ക്യാഷ് ട്രേഡുകള്‍ക്കുള്ള മാര്‍ജിന്‍ നിരക്ക് കുറയ്ക്കാനുള്ള നീക്കവുമായി സെബി. ക്യാഷ് സെഗ്മെന്റിലെ വ്യാപാരം പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമെന്നാണ് വിശദീകരണം.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ക്യാഷ് മാര്‍ക്കറ്റിലെ പ്രതിദിന വോളിയം ഇരട്ടിയാണ്. എങ്കിലും ഇക്വിറ്റി ഡെറിവേറ്റീവ്സുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് ഇപ്പോഴും വളരെ കുറവാണ്. ഇതാണ് ഈ നീക്കത്തിന് പിന്നില്‍. ഇത്തരത്തില്‍ മാര്‍ജിന്‍ കുറച്ചാല്‍, ഒരേ മൂലധനം ഉപയോഗിച്ച് കൂടുതല്‍ ഓഹരികള്‍ വാങ്ങാന്‍ നിക്ഷേപകര്‍ക്ക് സാധിക്കും.
ഇത് ചെറുകിട നിക്ഷേപകര്‍ വിപണിയിലേക്ക് പ്രവേശിക്കാനുള്ള സാധ്യത കൂട്ടും. വിഷയത്തില്‍ സെബിയുടെ ഉപദേശക സമിതിയാണ് ചര്‍ച്ച ആരംഭിച്ചത്. തീരുമാനം എടുക്കുന്നതിന് ക്ലിയറിംഗ് കോര്‍പ്പറേഷനുകള്‍, ബ്രോക്കര്‍മാര്‍, മറ്റ് പ്രധാന ഓഹരി ഉടമകള്‍ എന്നിവരുമായി വിഷയത്തില്‍ പാനല്‍ ചര്‍ച്ച നടത്തിയെന്നും സെബി വൃത്തങ്ങള്‍ വ്യക്തമാക്കി.
നിലവില്‍, കുറഞ്ഞത് 20 ശതമാനം മാര്‍ജിന്‍ ആണ് ക്യാഷ് ട്രേഡുകള്‍ക്ക് ഈടാക്കുന്നത്. ഈ നിരക്ക് ഉയര്‍ന്നതാണെന്നും, ഇത് യുക്തിസഹമാക്കണമെന്നുമുള്ള ആവശ്യം ബിസിനസ് ലോകത്ത് നിന്നും ഉയര്‍ന്നിരുന്നു.സെബിയുടെ കണക്കുകള്‍ പ്രകാരം, ക്യാഷ് മാര്‍ക്കറ്റിലെ ശരാശരി പ്രതിദിന ടേണ്‍ഓവര്‍ 2020ലെ 39,148 കോടി രൂപയില്‍ നിന്ന് 2025ല്‍ 1,20,782 കോടി രൂപയായി കുതിച്ചുയര്‍ന്നിരുന്നു.
എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍ കൂടുതല്‍ പ്രോത്സാഹിപ്പിക്കുക. ക്യാഷ് മാര്‍ക്കറ്റ് ഇന്‍ട്രാ-ഡേ ട്രേഡുകളില്‍ സെക്യൂരിറ്റീസ് ട്രാന്‍സാക്ഷന്‍ ടാക്‌സ് കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യുക തുടങ്ങിയ കാര്യങ്ങളും സെബിയുടെ പരിഗണനയിലുണ്ട്.
പഠിക്കാം & സമ്പാദിക്കാം
Home
