8 Oct 2026 9:45 AM IST
Summary
ഒക്ടോബര്‍ 15 മുതല്‍ പ്രാബല്യത്തില്‍ വരുത്താനിരുന്ന നിരക്ക് 2027 ജനുവരി 1 വരെ മാറ്റിവയ്ക്കാനാണ് ആലോചന. ചില്ലറ വ്യാപാരി സംഘടനകളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ് ഈ നീക്കമെന്നാണ് സൂചന
യുപിഐ ഇടപാടുകള്‍ക്ക് മര്‍ച്ചന്റ് ഡിസ്‌കൗണ്ട് നിരക്ക് (എംഡിആര്‍) ഏര്‍പ്പെടുത്താനുള്ള തീരുമാനം കേന്ദ്രം നീട്ടിവെച്ചേക്കും. ഒക്ടോബര്‍ 15 മുതല്‍ പ്രാബല്യത്തില്‍ വരുത്താനിരുന്ന നിരക്ക് 2027 ജനുവരി 1 വരെ മാറ്റിവയ്ക്കാനാണ് ആലോചന. ചില്ലറ വ്യാപാരി സംഘടനകളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ് ഈ നീക്കമെന്നാണ് വിവരം. അടുത്ത ദിവസങ്ങളില്‍ തന്നെ അന്തിമ തീരുമാനം ഉണ്ടാകും.
ക്രിസ്മസ് വരെ നീളുന്ന ഉത്സവ സീസണ്‍ കണക്കിലെടുത്താണ് ഇളവ്. ഇതോടെ ഈ കാലയളവില്‍ വ്യാപാരികള്‍ക്ക് യുപിഐ പേയ്മെന്റുകള്‍ പൂര്‍ണ്ണമായും സൗജന്യമായി തുടരാനാകും. വിഷയത്തില്‍ എന്‍പിസിഐയുടെ നേതൃത്വത്തിലുള്ള യുപിഐ ആന്‍ഡ് സര്‍വീസസ് സ്റ്റിയറിംഗ് കമ്മിറ്റി യോഗം ചേര്‍ന്നിരുന്നു. നേരത്തെ എംഡിആറില്‍ പ്രതിഷേധിച്ച് ഒക്ടോബര്‍ 2ന് 'യുപിഐ ഇല്ലാ ദിനം' ആചരിക്കാന്‍ വ്യാപാരികള്‍ ആഹ്വാനം ചെയ്തിരുന്നെങ്കിലും, ധനമന്ത്രി നിര്‍മ്മല സീതാരാമനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം സമരം പിന്‍വലിച്ചിരുന്നു.
വ്യാപാരികള്‍ക്ക് പുതിയ നിയമങ്ങള്‍ക്ക് അനുസൃതമായി സിസ്റ്റങ്ങള്‍ ഒരുക്കാനും ഉപഭോക്താക്കള്‍ക്ക് മാറ്റം മനസ്സിലാക്കാനും കൂടുതല്‍ സമയം ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇതിനിടെ, പ്രതിമാസം ഒരു ലക്ഷം രൂപയില്‍ കുറവ് വിറ്റുവരവുള്ളവര്‍ക്ക് നിലവിലുള്ള ഒഴിവാക്കല്‍ വിപുലീകരിച്ച്, വാര്‍ഷിക വിറ്റുവരവ് 40 ലക്ഷം രൂപ വരെയുള്ള ചെറുകിട ബിസിനസുകളെ ഫീസില്‍ നിന്ന് ഒഴിവാക്കുന്നതും പരിഗണനയിലുണ്ട്.
ഉയര്‍ന്ന മൂല്യമുള്ള ചില ഇടപാടുകള്‍ക്ക് ഫീസ് ഏര്‍പ്പെടുത്തിയാലും യുപിഐയുടെ വളര്‍ച്ചാ ഗതി തുടരുമെന്നാണ് പ്രതീക്ഷ. സെപ്റ്റംബറില്‍ ശരാശരി ദിവസം 802 ദശലക്ഷം ഇടപാടുകള്‍ നടന്നപ്പോള്‍, വാര്‍ഷിക അടിസ്ഥാനത്തില്‍ ഇടപാട് എണ്ണം 22.6 ശതമാനം വര്‍ധിച്ച് 24.07 ബില്യണായി. ഇടപാട് മൂല്യം 18 ശതമാനം വര്‍ധിച്ച് 29.37 ലക്ഷം കോടി രൂപയിലെത്തി.
അതേസമയം, ചില പ്രത്യേക വിഭാഗങ്ങള്‍ക്കുള്ള പ്രതിദിന യുപിഐ ഇടപാട് പരിധി ഒരു ലക്ഷം രൂപയില്‍ നിന്ന് രണ്ട് ലക്ഷം രൂപയായി ഉയര്‍ത്തുന്നതും അധികൃതര്‍ പരിഗണിക്കുന്നുണ്ട്. എംഡിആര്‍ ഒരു നികുതിയല്ലെന്നും അത് ബാങ്കുകള്‍, പേയ്‌മെന്റ് ദാതാക്കള്‍, ഫിന്റെക് പ്ലാറ്റ്‌ഫോമുകള്‍ ഉള്‍പ്പെടുന്ന പേയ്‌മെന്റ് ശൃംഖലയിലെ സേവനദാതാക്കള്‍ക്കിടയില്‍ വിതരണം ചെയ്യപ്പെടുന്ന ഫീസാണെന്നും എന്‍പിസിഐ വ്യക്തമാക്കിയിട്ടുണ്ട്.
പഠിക്കാം & സമ്പാദിക്കാം
Home
