image

15 Dec 2025 3:38 PM IST

Economy

നിക്ഷേപ, വ്യാപാര കരാറുകള്‍ ലക്ഷ്യമിട്ട് മോദിയുടെ ത്രിരാഷ്ട്ര സന്ദര്‍ശനം

MyFin Desk

modis tri-nation visit aims to sign investment and trade agreements
X

Summary

ഇന്ത്യ-ഒമാന്‍ സാമ്പത്തിക പങ്കാളിത്ത കരാര്‍ പ്രഖ്യാപനം ഉണ്ടായേക്കും


നിക്ഷേപം ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ത്രിരാഷ്ട്ര സന്ദര്‍ശനം. ഒമാനും ജോര്‍ദാനും എത്യോപ്യയുമാണ് മോദി സന്ദര്‍ശിക്കുന്നത്. സന്ദര്‍ശന വേളയില്‍ ഇന്ത്യ-ഒമാന്‍ സാമ്പത്തിക പങ്കാളിത്ത കരാറിന്റെ പ്രഖ്യാപനവും വിപണി പ്രതീക്ഷിക്കുന്നു.

17, 18 തീയതികളിലാണ് മോദി ഒമാനിലുണ്ടാവുക. ഗള്‍ഫ് മേഖലയിലെ ഇന്ത്യയുടെ ഏറ്റവും പഴയ വ്യാപാര പങ്കാളിയാണ് ഒമാന്‍. അതുകൊണ്ട് തന്നെ കരാര്‍ ഒപ്പിടുന്നതോടെ, ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര- നിക്ഷേപ ബന്ധം കൂടുതല്‍ ശക്തമാവും. ഒമാനില്‍ നടക്കുന്ന ബിസിനസ് ഫോറത്തില്‍ വെച്ചായിരിക്കും കരാറിന്റെ പ്രഖ്യാപനമെന്നാണ് റിപ്പോര്‍ട്ട്. വാണിജ്യ മന്ത്രി പീയൂഷ് ഗോയലും പരിപാടിയിലുണ്ടാവും.

ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 70-ാം വാര്‍ഷിക വേളയിലാണ് കരാര്‍ വരുന്നതെന്ന പ്രത്യേകതയുമുണ്ട്. ഒമാന്‍ സുല്‍ത്താനുമായി മോദി നടത്തുന്ന ചര്‍ച്ചകളും വ്യാപാര മേഖലയ്ക്ക് നിര്‍ണായകമാണ്.

ജോര്‍ദാന്‍, എത്യോപ്യ പര്യടനവും വ്യാപാരത്തിലും നിക്ഷേപത്തിലും വന്‍ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കും. ജോര്‍ദാന്‍ രാജാവ് അബ്ദുള്ള രണ്ടാമന്റെ ക്ഷണപ്രകാരമാണ് മോദിയുടെ സന്ദര്‍ശനം. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 75-ാം വാര്‍ഷികമാണ് ഈ സന്ദര്‍ശനത്തിന് പ്രാധാന്യം നല്‍കുന്നത്.പ്രധാനമന്ത്രി ജാഫര്‍ ഹസ്സനുമായും മോദി കൂടിക്കാഴ്ച നടത്തും.

എത്യോപ്യയില്‍ ആദ്യ സന്ദര്‍ശനത്തിനാണ് പ്രധാനമന്ത്രി എത്തുന്നത്. എത്യോപ്യന്‍ പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ മോദി, അഭിസംബോധന ചെയ്യും.ഗ്ലോബല്‍ സൗത്തിന് ഇന്ത്യ-എത്യോപ്യ പങ്കാളിത്തം നല്‍കുന്ന പ്രാധാന്യവും അദ്ദേഹം വിശദീകരിക്കും.

എത്യോപ്യന്‍ പ്രധാനമന്ത്രി ആബി അഹമ്മദ് അലിയുമായി ചര്‍ച്ചയും അജണ്ടയിലുണ്ട്. മൂന്ന് രാജ്യങ്ങളുമായുള്ള സാമ്പത്തിക ബന്ധം ശക്തമാക്കുന്നത് ഇന്ത്യയുടെ വ്യാപാര കമ്മിയും, അതുപോലെ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കുള്ള ആഗോള വിപണിയും വിപുലപ്പെടുത്താന്‍ സഹായിക്കും.

ത്രിരാഷ്ട സന്ദര്‍ശനത്തില്‍ പ്രധാനമന്ത്രി ആദ്യമെത്തുക ജോര്‍ദാനിലാണ്. 15-16 തീയതികളാണ് അദ്ദേഹം അവിടെയുണ്ടാകുക. തടുര്‍ന്ന് എത്യോപ്യയിലേക്കും അതിനുശേഷം ഒമാനിലേക്കും പ്രധാനമന്ത്രി പോകും.