6 Jan 2026 8:21 PM IST
Summary
സേവനത്തിന് താരം സമ്മതം അറിയിച്ചിട്ടുണ്ട്. സൗജന്യമായാണ് മോഹന്‍ലാലിന്റെ സേവനം കെഎസ്ആര്‍ടിസിക്ക് ലഭ്യമാകുക
മലയാളത്തിന്റെ അഭിമാനതാരം മോഹന്‍ലാല്‍ കെഎസ്ആര്‍ടിസിയുടെ ഗുഡ്‌വില്‍ അംബാസിഡറാകുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. ഇതിന് താരം സമ്മതം അറിയിച്ചതായും മന്ത്രി കൂട്ടിച്ചേര്‍ത്തു. പൂര്‍ണമായും സൗജന്യമായാണ് മോഹന്‍ലാലിന്റെ സേവനം കെഎസ്ആര്‍ടിസിക്ക് ലഭ്യമാകുക. നല്ല സംവിധായകരെ വച്ച് കെഎസ്ആര്‍ടിസിക്കായി പരസ്യ ചിത്രങ്ങള്‍ ചെയ്യുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാനവുമായി കെഎസ്ആര്‍ടിസി ഇന്ന് മുന്നേറുന്നു.കഴിഞ്ഞ ദിവസം കോര്‍പ്പറേഷന്റെ പ്രതിദിന കളക്ഷന്‍ 13 കോടിക്കു മുകളിലാണ്. ഈ നേട്ടം കൈവരിക്കാനായത് ജീവനക്കാരുടെ മികച്ച പ്രവര്‍ത്തനഫലമായാണ്. ജീവനക്കാരെയും വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി അഭിനന്ദിച്ചു.
ഈ മാസം അഞ്ചാം തീയതി നേടിയ 13.01 കോടി കളക്ഷനില്‍ 12.18 കോടിയും ടിക്കറ്റ് വരുമാനമാണ്. ടിക്കറ്റ് ഇതര വരുമാനമായി 0.83 കോടി രൂപയും ലഭിച്ചെന്ന് മന്ത്രി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. അസാധ്യമായി ഒന്നുമില്ലെന്ന് ഒരിക്കല്‍ക്കൂടി കെഎസ്ആര്‍ടിസിയുടെ ജീവനക്കാര്‍ തെളിയിച്ചിരിക്കുകയാണ്. ഇനിയും ഏറെ ദൂരം നമ്മള്‍ക്ക് മുന്നോട്ട് പോകേണ്ടതുണ്ട്. നമുക്ക് കഴിയും നിങ്ങള്‍ കൂടെ നിന്നാല്‍ മതി' മന്ത്രിയുടെ കുറിപ്പില്‍ പറയുന്നു.
കെഎസ്ആര്‍ടിസിക്ക് ആകെയുള്ളത് 5,502 ബസുകളാണ്. അതില്‍ അഞ്ചാം തീയതി ഓടിയത് 4,852 ബസുകളാണ്. ഇന്ത്യയിലെ ആദ്യ ഡിജിറ്റല്‍ കോര്‍പ്പറേഷന്‍ കെഎസ്ആര്‍ടിസിയാണ്. ഷെഡ്യൂള്‍ വരെ തീരുമാനിക്കുന്നത് എ ഐ കൊണ്ടാണെന്നും മന്ത്രി പറഞ്ഞു.
വണ്ടികളുടെ ക്ലീനിംഗുമായി ബന്ധപ്പെട്ട് കുടുംബ ശ്രീയുമായി ചര്‍ച്ച നടക്കുന്നുണ്ട്. ശബരിമല മകരവിളക്കിനോടനുബന്ധിച്ച് 800 ബസ് വേണമെന്ന് ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്. കെഎസ്ആര്‍ടിസി 1,000 ബസ് ഓപ്പറേറ്റ് ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം പദ്ധതി ഡിസംബറില്‍ ചരിത്ര നേട്ടം സ്വന്തമാക്കി. ഒരുമാസം കൊണ്ട് 5.51 കോടി രൂപയുടെ വരുമാനമാണ് കോര്‍പറേഷനു ലഭിച്ചത്. 2021-ല്‍ ബജറ്റ് ടൂറിസം പദ്ധതി ആരംഭിച്ചശേഷമുള്ള ഏറ്റവും ഉയര്‍ന്ന മാസവരുമാനമാണിത്.
പഠിക്കാം & സമ്പാദിക്കാം
Home
