11 Dec 2025 5:37 PM IST
Summary
കരാര്‍ 2026 മാര്‍ച്ചിനുള്ളില്‍ യാഥാര്‍ത്ഥ്യമാവുമെന്നാണ് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിന്റെ അഭിപ്രായം
ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ഈ വര്‍ഷമുണ്ടാവില്ലെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്. കരാര്‍ പ്രതീക്ഷിക്കുന്നത് അടുത്ത വര്‍ഷം മാര്‍ച്ചില്‍. പിന്നാലെ റെക്കോര്‍ഡ് ഇടിവിലെത്തി രൂപ.
ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ 2026 മാര്‍ച്ചിനുള്ളില്‍ യാഥാര്‍ത്ഥ്യമാവുമെന്നാണ് ബ്ലൂംബെര്‍ഗ് ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി. അനന്ത നാഗേശ്വരന്‍ വ്യക്തമാക്കിയത്. നവംബര്‍ അവസാനത്തോടെ എന്തെങ്കിലും പ്രതീക്ഷിച്ചിരുന്നു, പക്ഷേ അത് നടക്കാതെ പോയി. അതുകൊണ്ടാണ് സമയപരിധി കൃത്യമായി പറയാന്‍ സാധിക്കാത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2026-27 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ പോസിറ്റീവ് മൊമന്റം നേടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, നവംബറോടെ കരാര്‍ ഉണ്ടാവുമെന്നായിരുന്നു നേരത്തെ വിപണി പ്രതീക്ഷിച്ചിരുന്നത്. സര്‍ക്കാര്‍ ഈ മാസം ഉണ്ടാവുമെന്നും പറഞ്ഞു. എന്നാല്‍ , ആ ലക്ഷ്യം കൈവരിക്കാന്‍ കഴിഞ്ഞില്ല എന്ന യാഥാര്‍ത്ഥ്യം നാഗേശ്വരന്‍ തന്നെ സമ്മതിക്കുകയാണ് പ്രസ്താവനയിലൂടെ ചെയ്തിരിക്കുന്നതെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലിയിരുത്തുന്നത്. മാര്‍ച്ചിനകം കരാര്‍ വന്നില്ലെങ്കില്‍ അത് അതിശയിപ്പിക്കുന്ന വസ്തുതയായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം കരാറില്‍ ഒപ്പുവയ്ക്കുന്നതിലെ വ്യക്തതയില്ലായ്മ നിലനില്‍ക്കുന്നുവെന്ന റിപ്പോര്‍ട്ടിന് പിന്നാലെ രൂപ വീണ്ടും ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയില്‍ എത്തി.യു.എസ്. ഡോളറിനെതിരെ ഒരു രൂപയുടെ മൂല്യം 90.46 എന്ന റെക്കോര്‍ഡ് തകര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഒപ്പം വര്‍ഷാവസാനമായതിനാല്‍ അന്താരാഷ്ട്ര പേയ്‌മെന്റുകള്‍ക്കായി ഇന്ത്യന്‍ കമ്പനികള്‍ വന്‍തോതില്‍ ഡോളര്‍ വാങ്ങിക്കൂട്ടുന്നതും രൂപയ്ക്ക് കനത്ത സമ്മര്‍ദ്ദമായെന്ന് വിദഗ്ധര്‍ വ്യക്തമാക്കി.വ്യാപാരക്കരാറിലെ കാലതാമസം തുടര്‍ന്നാല്‍ രൂപയുടെ മൂല്യം 92-ലേക്ക് വരെ എത്താനുള്ള സാധ്യതയുണ്ടെന്നും സാമ്പത്തിക വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കി.
പഠിക്കാം & സമ്പാദിക്കാം
Home
