image

8 Jun 2023 4:11 AM GMT

Economy

വിനിമയത്തിലുള്ള നോട്ടുകളില്‍ തുടര്‍ച്ചയായ രണ്ടാംവാരത്തിലും ഇടിവ്

MyFin Desk

bank rates | business news
X

Summary

  • 80% ഇന്ത്യക്കാരും 2000ന്‍റെ നോട്ടുകള്‍ മാറ്റിവാങ്ങാതെ അക്കൗണ്ടിലിടുന്നു
  • ബാങ്കിംഗ് സംവിധാനത്തിന്‍റെ ലിക്വിഡിറ്റി സര്‍പ്ലസ് ഉയര്‍ന്നു


രാജ്യത്തെ ഏറ്റവും ഉയർന്ന മൂല്യമുള്ള കറൻസി നോട്ട് പിന്‍വലിക്കുന്നതിനുള്ള പ്രഖ്യാപനം കേന്ദ്രബാങ്ക് നടത്തിയതിനു ശേഷമുള്ള തുടർച്ചയായ രണ്ടാം ആഴ്ചയും ഇന്ത്യയുടെ കറൻസി വിനിമയത്തിൽ ഇടിവ്. 2000ന്‍റെ നോട്ടുകള്‍ ആളുകള്‍ ബാങ്കുകളില്‍ തിരികെയെത്തിച്ചു തുടങ്ങിയത് ഇതില്‍ പ്രധാന പങ്കുവഹിക്കുന്നുവെന്നാണ് വിലയിരുത്തല്‍.

ജൂൺ രണ്ടിന് അവസാനിച്ച ആഴ്ചയിൽ വിനിമയത്തിലുള്ള കറൻസിയുടെ മൂല്യം 272.8 ബില്യൺ രൂപ (3.30 ബില്യൺ ഡോളർ) കുറഞ്ഞതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകൾ വ്യക്തമാക്കുന്നു. മെയ് 26ന് അവസാനിച്ച ആഴ്ചയിൽ ഇത് 364.9 ബില്യൺ രൂപ കുറഞ്ഞിരുന്നു.

2000 രൂപയുടെ മൂല്യമുള്ള നോട്ടുകൾ വിനിമയത്തിൽ നിന്ന് പിൻവലിക്കാൻ തുടങ്ങുമെന്ന് മെയ് 19 ന് ആർബിഐ അറിയിച്ചിരുന്നു. ആ നോട്ടുകൾ കൈവശം വച്ചിരിക്കുന്നവർ മെയ് 23 നും സെപ്തംബർ 30 നും ഇടയിൽ അത് തങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കുകയോ ചെറിയ മൂല്യങ്ങളിലുള്ള കറന്‍സികളിലേക്ക് മാറ്റുകയോ വേണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്.

ഏകദേശം നാലിൽ മൂന്ന് ഇന്ത്യക്കാരും നോട്ടുകൾ മാറ്റി വാങ്ങുന്നതിനു പകരം ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കാനാണ് താല്‍പ്പര്യപ്പെടുന്നതെന്ന് ഇന്നലെ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്‌തിരുന്നു. ഇതുവരെ നിക്ഷേപിച്ചതോ മാറ്റിയതോ ആയ 2000 രൂപ നോട്ടുകളുടെ ആകെ മൂല്യം ഇതുവരെ പരസ്യമായി ലഭ്യമായിട്ടില്ല.തങ്ങളിലേക്കെത്തിയ 2000 രൂപ നോട്ടുകളുടെ 80 ശതമാനവും അക്കൌണ്ടുകളില്‍ നിക്ഷേപിക്കപ്പെടുകയായിരുന്നുവെന്ന് രാജ്യത്തെ 6 പ്രമുഖ ബാങ്കുകളുടെ പ്രതിനിധികള്‍ വിശദീകരിക്കുന്നു.

ഈ നിക്ഷേപങ്ങളുടെ ഫലമായി ബാങ്കിംഗ് സംവിധാനത്തിന്റെ ലിക്വിഡിറ്റി സര്‍പ്ലസ് വർധിച്ചു. ജൂൺ ആരംഭം മുതൽ ഇത് രണ്ട് ട്രില്യൺ രൂപയ്ക്ക് മുകളിൽ തുടരുകയാണ്, ഇത് തുടര്‍ച്ചയായ നാലു സെഷനുകളിലും റിവേഴ്സ് റിപ്പോ നടത്താൻ സെൻട്രൽ ബാങ്കിനെ നിർബന്ധിതരാക്കി.