image

9 Nov 2025 11:28 AM IST

Economy

വ്യാപാര, നിക്ഷേപങ്ങള്‍ കുതിക്കും; ഇന്ത്യ-ന്യൂസിലാന്‍ഡ് എഫ്ടിഎയില്‍ പ്രതീക്ഷ

MyFin Desk

trade and investment will surge, hopes on india-new zealand fta
X

Summary

കരാര്‍ കൂടുതല്‍ വിപണി പ്രവേശനം നല്‍കിയേക്കുമെന്ന് വാണിജ്യ മന്ത്രാലയം


ഇന്ത്യ-ന്യൂസിലാന്‍ഡ് നിര്‍ദ്ദിഷ്ട സ്വതന്ത്ര വ്യാപാര കരാര്‍ വ്യാപാരവും നിക്ഷേപങ്ങളും വര്‍ദ്ധിപ്പിക്കുമെന്ന് വാണിജ്യ മന്ത്രാലയം. ഇരു രാജ്യങ്ങളിലെയും ബിസിനസുകള്‍ക്ക് കൂടുതല്‍ പ്രവചനാത്മകതയും വിപണി പ്രവേശനവും ഇത് നല്‍കിയേക്കാമെന്നും മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

വ്യാപാര കരാറിലെ ചര്‍ച്ചകള്‍ക്ക് ആക്കം കൂട്ടാന്‍ വാണിജ്യ മന്ത്രി പീയൂഷ് ഗോയല്‍ ന്യൂസിലാന്‍ഡ് സന്ദര്‍ശിച്ചിരുന്നു.

ഇന്ത്യ-ന്യൂസിലാന്‍ഡ് സ്വതന്ത്ര വ്യാപാര കരാറിനെ കുറിച്ചുള്ള നാലാം റൗണ്ട് ചര്‍ച്ചകള്‍ നവംബര്‍ 7 ന് അവസാനിച്ചു.

'ഈ റൗണ്ടില്‍ കൈവരിച്ച പുരോഗതി ഇരു രാജ്യങ്ങളിലെയും മന്ത്രിമാര്‍ അംഗീകരിക്കുകയും ആധുനികവും സമഗ്രവും ഭാവിക്ക് അനുയോജ്യമായതുമായ ഒരു സ്വതന്ത്ര വ്യാപാര കരാറിനായി പ്രവര്‍ത്തിക്കാനുള്ള പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുകയും ചെയ്തു' എന്ന് പ്രസ്താവനയില്‍ പറയുന്നു.

ചരക്ക്, സേവന വ്യാപാരം, സാമ്പത്തിക, വ്യാപാര സഹകരണം, ഉത്ഭവ നിയമങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ളവയില്‍ ഇരു പ്രതിനിധികളും വിശദമായ ചര്‍ച്ചകള്‍ നടത്തി.

2024-25 ല്‍ ന്യൂസിലന്‍ഡുമായുള്ള ഇന്ത്യയുടെ ഉഭയകക്ഷി ചരക്ക് വ്യാപാരം 1.3 ബില്യണ്‍ യുഎസ് ഡോളറായിരുന്നു, ഇത് ഏകദേശം 49 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് കാണിക്കുന്നത്.

'കൃഷി, ഭക്ഷ്യ സംസ്‌കരണം, പുനരുപയോഗ ഊര്‍ജ്ജം, ഫാര്‍മസ്യൂട്ടിക്കല്‍സ്, വിദ്യാഭ്യാസം, സേവനങ്ങള്‍ തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ സാധ്യതകള്‍ തുറക്കാന്‍ നിര്‍ദ്ദിഷ്ട എഫ്ടിഎ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ബിസിനസുകള്‍ക്കും ഉപഭോക്താക്കള്‍ക്കും ഒരുപോലെ പുതിയ അവസരങ്ങള്‍ സൃഷ്ടിക്കും,' വാണിജ്യമന്ത്രാലയം കൂട്ടിച്ചേര്‍ത്തു.