28 Nov 2025 4:02 PM IST
Summary
വ്യാപാരം ആയുധമായി കാണുന്ന രാജ്യങ്ങളെ അതിജീവിക്കാന്‍ ഇന്ത്യ
അമേരിക്കയുടെ താരിഫ് നയത്തെ പരോക്ഷമായി വിമര്‍ശിച്ച് പീയൂഷ് ഗോയല്‍. വ്യാപാരം ആയുധമായി കാണുന്ന രാജ്യങ്ങളുണ്ട്. അവരെ അതിജീവിക്കാന്‍ ഇന്ത്യ 50 രാജ്യങ്ങളുമായി വ്യാപാര ചര്‍ച്ച നടത്തി വരികയാണെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ഫിക്കിയുടെ വാര്‍ഷിക പൊതുയോഗത്തില്‍ സംസാരിക്കവേയാണ് ഗോയല്‍ ഇക്കാര്യം വ്യക്തമാക്കിയത്.
യുഎസ്, യൂറോപ്യന്‍ യൂണിയന്‍ ഉള്‍പ്പെടെയുള്ള പങ്കാളികളുമായി ഇന്ത്യ നിലവില്‍ സ്വതന്ത്ര വ്യാപാര ചര്‍ച്ച നടത്തുന്നുണ്ട്.'വിശ്വസ്തരായ' വ്യാപാര പങ്കാളികളുമായി അടുത്ത ബന്ധം സ്ഥാപിച്ച് സാമ്പത്തിക ബന്ധങ്ങള്‍ ശക്തിപ്പെടുത്താന്‍ ശ്രമിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. ലോകമെമ്പാടുമുള്ള വിശ്വസ്ത പങ്കാളികളുടെ പ്രാധാന്യം വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമേരിക്കയുടെ 50 ശതമാനം അധിക താരിഫിനെ പരോക്ഷമായി വിമര്‍ശിച്ച് കൊണ്ടായിരുന്നു മന്ത്രിയുടെ വിശദീകരണം.
രാജ്യങ്ങള്‍, കൂട്ടായ്മകള്‍ എന്നിവ ഉള്‍പ്പെടെ ഏകദേശം 50 രാജ്യങ്ങളുമായി ഇന്ത്യ നിലവില്‍ ചര്‍ച്ചകളിലാണെന്ന് അദ്ദേഹം പറഞ്ഞു.ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയിലും ഇന്ത്യയുമായി വ്യാപാര കരാറുകള്‍ ഉണ്ടാക്കുന്നതില്‍ താല്‍പ്പര്യം വര്‍ദ്ധിച്ചിട്ടുണ്ട്. സൗദി അറേബ്യ, യുഎഇ, ഖത്തര്‍, കുവൈറ്റ്, ഒമാന്‍, ബഹ്‌റൈന്‍ എന്നിവ ഉള്‍പ്പെടുന്ന ഗള്‍ഫ് സഹകരണ കൗണ്‍സില്‍ ഇടപെടാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഒമാനുമായുള്ള ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണ്.ബഹ്‌റൈനും ഖത്തറും ചര്‍ച്ചകള്‍ ആരംഭിക്കാന്‍ ആഗ്രഹിക്കുന്നു. യുഎസുമായും 27 രാഷ്ട്രങ്ങളുള്ള ഇയുവുമായും സജീവമായ ചര്‍ച്ചകളിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയും യുഎസും ദ്വിരാഷ്ട്ര വ്യാപാര കരാറിനായുള്ള ആറ് റൗണ്ട് ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി, ഈ വര്‍ഷം ശരത്കാലത്തോടെ കരാറിന്റെ ഒന്നാം ഘട്ടം പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിടുന്നു.റഷ്യ, അര്‍മേനിയ, ബെലാറസ്, കസാക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍ എന്നിവ ഉള്‍പ്പെടുന്ന യൂറേഷ്യന്‍ ഇക്കണോമിക് യൂണിയനുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ഗോയല്‍ വ്യക്തമാക്കി.
പഠിക്കാം & സമ്പാദിക്കാം
Home
