image

12 Dec 2025 5:10 PM IST

Economy

Putin's India Visit : പുടിന്റെ സന്ദര്‍ശനം; ഇന്ത്യ ലോകത്തിന് നല്‍കിയത് ശക്തമായ സന്ദേശം

MyFin Desk

Putins India Visit : പുടിന്റെ സന്ദര്‍ശനം; ഇന്ത്യ ലോകത്തിന്   നല്‍കിയത് ശക്തമായ സന്ദേശം
X

Summary

രാജ്യം സാമ്രാജ്യത്വ താല്‍പര്യങ്ങള്‍ക്ക് വഴങ്ങില്ല


പുടിന്റെ സന്ദര്‍ശന വേളയില്‍ ഇന്ത്യ ലോകത്തിന് നല്‍കിയത് ശക്തമായ സന്ദേശമെന്ന് ഇൻവെസ്റ്റ്മൻ്റ് ബാങ്കിങ് കമ്പനിയായ ജെഫറീസ്. സാമ്രാജ്യത്വ താല്‍പര്യങ്ങള്‍ക്ക് രാജ്യം വഴങ്ങില്ലെന്നും ചേരിചേരാ നയം രാജ്യം പിന്തുടരുന്നുവെന്നും വിലയിരുത്തല്‍.

പുടിന്റെ ഇന്ത്യാ സന്ദര്‍ശനം കേവലം ഒരു ഉഭയകക്ഷി കൂടിക്കാഴ്ച ആയിരുന്നില്ല. പകരം ഇന്ത്യയുടെ വിദേശനയത്തിലെ ദൃഢമായ നിലപാട് ലോകത്തിന് മുന്നില്‍ തുറക്കുന്ന തന്ത്രപരമായ നീക്കമായിരുന്നും ജെഫറീസ് പറയുന്നു.

യുഎസ് താരിഫും, റഷ്യന്‍ എണ്ണയിലുള്ള ഉപരോധ ഭീഷണിയും ചൈനയുടെ കയറ്റുമതി വിലക്കുമെല്ലാം നേരിട്ടപ്പോള്‍ ഇന്ത്യ പറഞ്ഞത് ദേശീയ താല്‍പര്യം ഉയര്‍ത്തിപിടിക്കും എന്നാണ്. ഇതിന് അനുസരിച്ചാണ് രാജ്യത്തിന്റെ വാണിജ്യ നിലപാട് എന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ആവര്‍ത്തിച്ചിരുന്നു. ജെഫറീസിന്റെ പ്രത്യേക റിപ്പോര്‍ട്ടിലാണ് മോദിക്ക് പ്രശംസ.

റഷ്യ-യുക്രെയ്ന്‍ യുദ്ധം കാരണം പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യയെ ഒറ്റപ്പെടുത്തുന്ന സാഹചര്യത്തിലാണ് പുടിൻ്റെ നിർണായക ഇന്ത്യാ സന്ദര്‍ശനം നടന്നത്. ഇങ്ങനെയൊരു സമയത്ത് പുടിനെ ഇന്ത്യയിലേക്ക് ക്ഷണിക്കുന്നത്, ഇന്ത്യ റഷ്യയുടെ പക്ഷത്താണ് എന്ന ചിന്തയ്ക്ക് വഴിവയ്ക്കും. എന്നാല്‍ ഇന്ത്യ അതിന്റെ പരമ്പരാഗതമായ ചേരിചേരാ നയം ഇപ്പോഴും ശക്തമായി നിലനിര്‍ത്തുന്നുവെന്നും ലോകശക്തികളുടെ സമ്മർദത്തിന് വഴങ്ങില്ലെന്നുമുള്ള സന്ദേശമാണ് രാജ്യം ലോകത്തിന് നൽകിയത്.

റഷ്യയുമായുള്ള ബന്ധം വിച്ഛേദിക്കില്ല

അതായത് ഒരു പക്ഷത്തേക്കും ഇന്ത്യ ചായില്ല. പകരം എല്ലാ രാജ്യങ്ങളുമായും ഇന്ത്യയുടെ ദേശീയ താല്‍പ്പര്യങ്ങള്‍ക്ക് അനുസൃതമായ ബന്ധം മുന്നോട്ട് കൊണ്ടുപോകും. അമേരിക്കയടക്കമുള്ള പാശ്ചാത്യ രാജ്യങ്ങളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി റഷ്യയുമായുള്ള ബന്ധം വിച്ഛേദിക്കാന്‍ ഇന്ത്യ തയ്യാറല്ല.അതായത്, ലോകത്തിലെ ഒരു ശക്തിയും അവരുടെ നയങ്ങള്‍ ഇന്ത്യയുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍, അതിന് വഴങ്ങുന്ന രാജ്യമല്ല ഇന്ത്യയെന്ന വ്യക്തമായ സന്ദേശം കൂടിയാണ് രാജ്യത്തിന് നൽകിയത്.

റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷത്തിന്റെ ഉത്ഭവത്തെക്കുറിച്ച് പുടിന്റെ കാഴ്ചപ്പാട് ഇന്ത്യന്‍ മാധ്യമങ്ങളോട് പങ്കുവെച്ചതും ശ്രദ്ധേയമാണ്. പാശ്ചാത്യ മാധ്യമ സൃഷ്ടിക്കളില്‍ നിന്ന് വ്യത്യസ്തമായി, റഷ്യയുടെ കാഴ്ചപ്പാട് ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ പുടിന് ഇത് അവസരം നല്‍കി.