27 Nov 2026 9:55 AM IST
Summary
2025 സെപ്റ്റംബര്‍ മുതല്‍ 2026 സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ ഇന്ത്യയില്‍ നേരിട്ട് സൂക്ഷിച്ചിരുന്ന സ്വര്‍ണത്തിന്റെ വിഹിതം 65.4 ശതമാനത്തില്‍ നിന്ന് 84 ശതമാനമായി ഉയര്‍ന്നു. ടണ്ണില്‍ കണക്കാക്കുമ്പോള്‍ 575.82 ടണ്ണില്‍ നിന്ന് 740.13 ടണ്ണായാണ് വര്‍ധിച്ചത്.
ഇന്ത്യയുടെ സ്വര്‍ണശേഖരത്തില്‍ കൂടുതല്‍ വിഹിതം രാജ്യത്തിനുള്ളില്‍ തന്നെ സൂക്ഷിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ആകെ സ്വര്‍ണശേഖരത്തില്‍ കാര്യമായ മാറ്റമില്ലാതിരിക്കെയാണ് വിദേശത്തുള്ള സ്വര്‍ണം ആഭ്യന്തര സംഭരണശാലകളിലേക്ക് മാറ്റുന്നത് തുടരുന്നത്.
2025 സെപ്റ്റംബര്‍ മുതല്‍ 2026 സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ ഇന്ത്യയില്‍ നേരിട്ട് സൂക്ഷിച്ചിരുന്ന സ്വര്‍ണത്തിന്റെ വിഹിതം 65.4 ശതമാനത്തില്‍ നിന്ന് 84 ശതമാനമായി ഉയര്‍ന്നു. ടണ്ണില്‍ കണക്കാക്കുമ്പോള്‍ 575.82 ടണ്ണില്‍ നിന്ന് 740.13 ടണ്ണായാണ് വര്‍ധിച്ചത്.
അതേസമയം, ബാങ്ക് ഓഫ് ഇംഗ്ലണ്ടിലും ബാങ്ക് ഫോര്‍ ഇന്റര്‍നാഷണല്‍ സെറ്റില്‍മെന്റ്‌സിലുമായി സുരക്ഷിതമായി സൂക്ഷിച്ചിരുന്ന സ്വര്‍ണത്തിന്റെ അളവ് 290.37 ടണ്ണില്‍ നിന്ന് 140.39 ടണ്ണായി കുറഞ്ഞു.
2026 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള വിദേശനാണയ കരുതല്‍ ശേഖരത്തിന്റെ മാനേജ്‌മെന്റ് സംബന്ധിച്ച അര്‍ധവാര്‍ഷിക റിപ്പോര്‍ട്ടിലാണ് ആര്‍ബിഐ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഈ കാലയളവില്‍ ഇന്ത്യയുടെ ആകെ സ്വര്‍ണശേഖരം 880.18 ടണ്ണില്‍ നിന്ന് നേരിയ വര്‍ധനയോടെ 880.52 ടണ്ണിലെത്തി.
2025-26 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയിലാണ് സ്വര്‍ണം ഇന്ത്യയിലേക്ക് മാറ്റുന്ന നടപടികള്‍ വേഗത്തിലായത്. 2026 മാര്‍ച്ചോടെ ആഭ്യന്തര സംഭരണത്തിലെ സ്വര്‍ണം 680.05 ടണ്ണായി ഉയര്‍ന്നു. തുടര്‍ന്നുള്ള ആറുമാസത്തിനിടെ വീണ്ടും 60.08 ടണ്‍ സ്വര്‍ണം കൂടി ഇന്ത്യയിലെത്തിച്ചു.
അതായത്, സ്വര്‍ണശേഖരത്തിന്റെ അളവില്‍ വലിയ മാറ്റമില്ലെങ്കിലും വിദേശ സംഭരണത്തെ ആശ്രയിക്കുന്നത് കുറച്ച് കൂടുതല്‍ സ്വര്‍ണം രാജ്യത്തിനുള്ളില്‍ തന്നെ സൂക്ഷിക്കാനാണ് ആര്‍ബിഐ നടപടി സ്വീകരിക്കുന്നത്.
എന്തുകൊണ്ടാണ് സ്വര്‍ണം ഇന്ത്യയിലേക്ക് മാറ്റുന്നത്?
ആഗോളതലത്തില്‍ ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളും സാമ്പത്തിക അനിശ്ചിതത്വങ്ങളും വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിദേശരാജ്യങ്ങളില്‍ സൂക്ഷിക്കുന്ന കരുതല്‍ ആസ്തികളുടെ സുരക്ഷയെക്കുറിച്ച് വിവിധ കേന്ദ്രബാങ്കുകള്‍ പുനര്‍ചിന്തിക്കുന്നുണ്ട്.
2022ല്‍ റഷ്യ-യുക്രെയ്ന്‍ യുദ്ധത്തെത്തുടര്‍ന്ന് റഷ്യയുടെ വിദേശനാണയ കരുതല്‍ ശേഖരത്തിന്റെ വലിയൊരു ഭാഗം പാശ്ചാത്യ രാജ്യങ്ങള്‍ മരവിപ്പിച്ചത് ഇത്തരം ആശങ്കകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി.
സ്വര്‍ണം സ്വന്തം രാജ്യത്ത് സൂക്ഷിക്കുന്നത് വിദേശ അധികാരപരിധികളുമായി ബന്ധപ്പെട്ട ചില അപകടസാധ്യതകള്‍ കുറയ്ക്കാനും പ്രതിസന്ധി ഘട്ടങ്ങളില്‍ സ്വര്‍ണശേഖരത്തിന്റെ നിയന്ത്രണം രാജ്യത്തിനുതന്നെ ഉറപ്പാക്കാനും സഹായിക്കും.
എന്നാല്‍ വിദേശത്ത് സ്വര്‍ണം സൂക്ഷിക്കുന്നതിനും ചില നേട്ടങ്ങളുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ എളുപ്പത്തില്‍ ഇടപാടുകള്‍ നടത്താനും സ്വര്‍ണം കൈമാറ്റം ചെയ്യാനും വിദേശ സംഭരണം സഹായിക്കുന്നു. അതിനാല്‍ ആഭ്യന്തരവും വിദേശവുമായ സംഭരണങ്ങള്‍ തമ്മില്‍ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതും കേന്ദ്രബാങ്കുകള്‍ക്ക് പ്രധാനമാണ്.
സ്വര്‍ണത്തിന്റെ മൂല്യം കുറഞ്ഞത് എന്തുകൊണ്ട്?
ആര്‍ബിഐയുടെ ആകെ സ്വര്‍ണശേഖരം 880.52 ടണ്ണായി തുടര്‍ന്നെങ്കിലും അതിന്റെ ഡോളര്‍ മൂല്യത്തില്‍ കുറവുണ്ടായി.
2026 മാര്‍ച്ചില്‍ സ്വര്‍ണശേഖരത്തിന്റെ മൂല്യം 115.40 ബില്യണ്‍ ഡോളറായിരുന്നു.
2026 സെപ്റ്റംബറില്‍ ഇത് 106.08 ബില്യണ്‍ ഡോളറായി കുറഞ്ഞു.
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഏകദേശം 9 ശതമാനം ഇടിവുണ്ടായതാണ് പ്രധാന കാരണം.
ഏപ്രിലില്‍ ട്രോയ് ഔണ്‍സിന് ശരാശരി 4,721 ഡോളറായിരുന്ന സ്വര്‍ണവില സെപ്റ്റംബറില്‍ 4,319 ഡോളറായി കുറഞ്ഞു.
അമേരിക്കന്‍ ട്രഷറി ബോണ്ടുകളുടെ പലിശനിരക്കിലുണ്ടായ വര്‍ധന, ഡോളറിന്റെ കരുത്ത്, ആഗോള പലിശനിരക്കുകള്‍ ഉയരുമെന്ന പ്രതീക്ഷ എന്നിവയാണ് സ്വര്‍ണവിലയെ സ്വാധീനിച്ചത്.
എന്താണ് ഇതിന്റെ പ്രാധാന്യം?
ആര്‍ബിഐയുടെ ഈ നീക്കം ഇന്ത്യയുടെ സ്വര്‍ണശേഖരത്തിന്റെ ഉടമസ്ഥതയില്‍ മാറ്റമുണ്ടാക്കുന്നതല്ല; സൂക്ഷിക്കുന്ന സ്ഥലത്തിലാണ് മാറ്റം. രാജ്യത്തിന്റെ സ്വര്‍ണശേഖരത്തിന്റെ വലിയൊരു ഭാഗം ഇനി ആഭ്യന്തര സംഭരണശാലകളിലായിരിക്കും.
സ്വര്‍ണശേഖരം വൈവിധ്യവല്‍ക്കരിക്കുന്നതിനും ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ കരുതല്‍ ആസ്തികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള ആര്‍ബിഐയുടെ തന്ത്രത്തിന്റെ ഭാഗമായാണ് ഈ നീക്കത്തെ വിലയിരുത്തുന്നത്.
സ്വര്‍ണം ഇന്ത്യയിലേക്ക് മാറ്റിയതുകൊണ്ട് മാത്രം ആഭ്യന്തര സ്വര്‍ണവില കുറയുകയോ കൂടുകയോ ചെയ്യില്ല. അന്താരാഷ്ട്ര സ്വര്‍ണവില, ഡോളറിനെതിരായ രൂപയുടെ മൂല്യം, ആഗോള സാമ്പത്തിക സാഹചര്യങ്ങള്‍ എന്നിവയാണ് വിപണിയിലെ സ്വര്‍ണവിലയെ പ്രധാനമായും സ്വാധീനിക്കുന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
