image

8 April 2026 12:41 PM IST

Economy

റിപ്പോ നിരക്കിൽ മാറ്റമില്ല, വിപണിക്ക് ആത്മവിശ്വാസം നൽകിയ ധനനയം

K A Babu

rbi policy, sensex and nifty recover from the crash
X

Summary

കരുതിയത് പോലെ തന്നെ നിരക്ക് തൽസ്ഥിതിയിൽ തന്നെ നിലനിർത്തുകയാണ് ധനനയ കമ്മിറ്റി ചെയ്തത്. മാത്രമല്ല, , ന്യൂട്രൽ സ്റ്റാൻസ് നിലനിർത്തുകയും ചെയ്തു. ഇതിന് കാരണമുണ്ട്.


അനിശ്ചിതത്വം അലയടിച്ചുയർന്നു നിന്ന സാഹചര്യത്തിലാണ് ഇത്തവണ ധനനയ കമ്മിറ്റി ചേർന്നത്. പശ്ചിമേഷ്യൻ രംഗത്തെ യുദ്ധ സാഹചര്യവും അതിനെ തുടർന്നുള്ള ഹോർമുസ് കടലിടുക്ക് പ്രതിസന്ധിയും എണ്ണയുടെ വരവിലും ലഭ്യതയിലും വിലയിലും നിലവിലുള്ള ആശങ്കയും യുദ്ധം തുടർന്നാൽ ഉണ്ടാകാവുന്ന വലിയ പ്രതിസന്ധിയും കമ്മിറ്റിയുടെ മുമ്പിൽ വെല്ലുവിളകൾ ഉയർത്തി.

കൂടാതെ, രാജ്യത്ത് ഭക്ഷ്യ രംഗത്തുള്ള വിലക്കയറ്റവും മഴയുടെ അളവിൽ പ്രതീക്ഷിക്കുന്ന കുറവും കണക്കിലെടുക്കേണ്ട വിഷയങ്ങളായി. ഇറക്കുമതി രംഗം സൃഷ്ഠിക്കുന്ന കറന്റ് അക്കൗണ്ട് ഡെഫിസിറ്റ്, ഇന്ത്യൻ രൂപയുടെ മൂല്യ ശോഷണം എന്നിങ്ങനെ പ്രധാനപ്പെട്ട ഘടകങ്ങൾ വേറെയും.

ഇതെല്ലാം ചേർന്ന് വിലക്കയറ്റ തോത് ഉയരും എന്ന കാര്യത്തിൽ ഏവരും യോജിക്കുകയും ഈ സാഹചര്യത്തിൽ റീപോ നിരക്കിൽ മാറ്റം ഉണ്ടാകാനിടയില്ല എന്ന പൊതുധാരണയിലും വിപണി എത്തിനിൽക്കുന്ന ചുറ്റുപാടിൽ ആണ് ഇന്നത്തെ ധനനയ പ്രഖ്യാപനങ്ങൾ വന്നത്. കരുതിയത് പോലെ തന്നെ നിരക്ക് തൽസ്ഥിതിയിൽ തന്നെ നിലനിർത്തുകയാണ് ധനനയ കമ്മിറ്റി ചെയ്തത്.

മാത്രമല്ല, , ന്യൂട്രൽ സ്റ്റാൻസ് നിലനിർത്തുകയും ചെയ്തു. യുദ്ധം ഭീകരമായ മറ്റൊരു ഘട്ടത്തിലേക്ക് കടക്കുമെന്ന അങ്കലാപ്പായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായിരുന്നത്. ഈ അങ്കലാപ്പിന്റെപ്രതിഫലനം വിപണിയിലുമുണ്ടായി. എന്നാൽ ഇന്ന് നേരം പുലർന്നത് അടുത്ത രണ്ടാഴ്ചത്തേക്ക് യുദ്ധം നിർത്തി വെച്ചിരിക്കുന്നു എന്ന നല്ല വാർത്തയുമായാണ്. ഈ വാർത്തക്ക് പിന്നാലെ വരുന്ന ചർച്ചകളും ആശാവഹമാണ്. ഇത് തീർച്ചയായും വിപണിയിൽ ശുഭ സൂചനകൾ നൽകിയിട്ടുണ്ട്.

വിലക്കയറ്റ നിരക്ക് ഈ സാമ്പത്തിക വർഷം 4.6 ശതമാനത്തിൽ നിർത്താൻ കഴിയുമെന്നാണ് ആർബിഐ ഗവർണ്ണർ പറഞ്ഞത്. ഇത് നേരത്തെ പ്രൊജക്റ്റ് ചെയ്തതിനേക്കാൾ ഉയർന്നതാണെങ്കിലും കേന്ദ്ര ബാങ്കിന്റെ

മാർഗ്ഗനിർദേശ തോതിനുള്ളിൽ തന്നെയാണ്. ആഭ്യന്തര വളർച്ചയിൽ മുൻ പ്രതീക്ഷയിൽ നിന്ന് കുറവുണ്ടാകുമെന്ന് കാണുമ്പോഴും അത് 6.൯ ശതമാനത്തിൽ എത്തുമെന്ന് കേന്ദ്ര ബാങ്ക് പ്രതീക്ഷിക്കുന്നു. ഇന്നത്തെ ലോക സാഹചര്യത്തിൽ ഈ വളർച്ച നിരക്ക് താരതമേന്യ നല്ലതുമാണ്. അതിനാൽ നിരക്ക് കുറച്ചു കൊണ്ട് വളർച്ചയെ ഉത്തേജിപ്പിക്കേണ്ട നിർബന്ധം ഇപ്പോൾ ഇല്ല.

ബാങ്കുകളുടെ പണലഭ്യതക്കുറവ് വെല്ലുവിളി

ബാങ്കിങ് മേഖല, നിക്ഷേപ സമാഹരണത്തിന്റെ കാര്യത്തിലായാലും, വായ്പകൾ നൽകുന്ന കാര്യത്തിലായാലും, വായ്പകളുടെ ആരോഗ്യത്തിലായാലും, മൂലധന പര്യാപ്തതയുടെ കാര്യത്തിലായാലും,

ലാഭ ക്ഷമതയുടെ കാര്യത്തിലായാലും സ്ഥിരത നിലനിർത്തുന്നു എന്നത് ഇന്നത്തെ സാഹചര്യത്തിൽ വലിയ ആശ്വാസം നൽകുന്ന ഒന്നാണ്. എന്നാൽ വളർച്ചക്ക് ആവശ്യമായ രീതിയിൽ വായ്പകൾ തുടർന്നും നൽകുവാനുള്ള പണ ലഭ്യത കൈയ്യിൽ ഇല്ല എന്നത് ബാങ്കുകൾ നേരിടുന്ന പ്രതിസന്ധിയാണ്.

യുദ്ധ സാഹചര്യത്തിൽ വിപണിയിൽ ഉണ്ടായ ചാഞ്ചാട്ടം മൂലം അവിടേക്ക് ഉണ്ടായിരുന്ന നിക്ഷേപത്തിന്റെ തോത് അല്പം കുറയുകയും അത് ബാങ്കുകളുടെ സേവിങ്സ് ബാങ്ക് - കറന്റ് അക്കൗണ്ടുകളിൽ നേരിയ വർദ്ധനവിന് കാരണമാകുകയും ചെയ്തു എന്നത് ശരിയാണ്. ഗൾഫ് രാജ്യങ്ങളിൽ

നിന്ന് ഇന്ത്യക്കാർ തങ്ങളുടെ നാട്ടിലെ ബാങ്ക് അക്കൗണ്ടിലേക്ക് പണം കൂടുതലായി അയച്ചതുകൊണ്ട് ഉണ്ടായ താൽക്കാലിക വളർച്ചയും ഇതിനു കാരണമായി. ഡോളർ-രൂപ വിനിമയ നിരക്കിൽ ഉണ്ടായമാറ്റത്തിന്റെ ആകർഷണമായും ഇതിനെ കാണാം. എന്നാൽ ഇത് നീണ്ടു നിൽക്കുന്ന പ്രതിഭാസമല്ല. ആവശ്യമായ പണലഭ്യത ഉറപ്പുവരുത്തുവാൻ കേന്ദ്ര ബാങ്ക് കണിശമായ പദ്ധതികൾ ഒന്നും ഇന്ന്എടുത്തു പറഞ്ഞിട്ടില്ല. എന്നാൽ പണലഭ്യത ഉറപ്പുവരുത്തുവാൻ ആവശ്യമായ കാര്യങ്ങൾ സമയാസമയത്തിന് യുക്തമായി കൈക്കൊള്ളും എന്ന ഉറപ്പ് ഗവർണ്ണർ നൽകിയിട്ടുണ്ട്.

ഇന്നത്തെ ധന നയത്തിൽ നിരക്ക് കുറക്കുമോ എന്നൊന്നും പ്രധാനപ്പെട്ട വിഷയമായിരുന്നില്ല. എന്നാൽ നിലവിലുള്ളതും വരാനിരിക്കുന്നതുമായ ലോക വ്യവസ്ഥയെ, സാമ്പത്തിക സാഹചര്യങ്ങളെ കേന്ദ്ര ബാങ്ക് എങ്ങനെയാണ് കാണുന്നത്, വിലയിരുത്തന്നത് എന്നതായിരുന്നു ഏവരും ഉറ്റുനോക്കിയിരുന്നത്.

കേന്ദ്ര ബാങ്ക് ഇക്കാര്യത്തിൽ എത്ര മാത്രം ആത്മവിശ്വാസമാണ് വിപണിക്കും ജനങ്ങൾക്കും നൽകുന്നത് എന്നതായിരുന്നു പ്രധാനം. അക്കാര്യം കേന്ദ്ര ബാങ്ക് ഭംഗിയായി നിർവഹിച്ചു എന്നതാണ് ഇന്നത്തെ ധന നയത്തിന്റെ കാതൽ.

(ഫെഡറൽ ബാങ്കിലെ മുൻ എക്സിക്യൂട്ടിവ് വൈസ് പ്രസിഡൻ്റും ബാങ്കിങ് വിദഗ്ധനുമാണ് ലേഖകൻ)