image

26 May 2026 10:48 AM IST

Economy

ഇഎംഐ കൂടും! സാധാരണക്കാരന്റെ കീശ കീറുമോ? ആര്‍ബിഐ തീരുമാനം എന്തായിരിക്കും?

MyFin Desk

withdrawing money from atm will now be more expensive, charges recommended
X

Summary

ക്രൂഡ് ഓയിൽ വിലക്കയറ്റവും രൂപയുടെ മൂല്യത്തകർച്ചയും തിരിച്ചടിയാവുന്നു; പലിശനിരക്കുകൾ വീണ്ടും ഉയർന്നേക്കുമെന്ന് വിദഗ്ദ്ധ മുന്നറിയിപ്പ്.


ഇന്ത്യയിലെ കുറഞ്ഞ പലിശനിരക്കിന്റെ കാലഘട്ടം പെട്ടെന്ന് അവസാനിക്കാന്‍ പോവുകയാണോ? ജൂണ്‍ 3 മുതല്‍ 5 വരെ ആര്‍.ബി.ഐയുടെ മോണിറ്ററി പോളിസി കമ്മിറ്റി യോഗം ചേരുകയാണ്. പലിശനിരക്കില്‍ മാറ്റമുണ്ടാകില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തലെങ്കിലും, വിപണിയില്‍ വലിയൊരു ആശങ്ക രൂപപ്പെടുന്നുണ്ട്. രാജ്യം പ്രതീക്ഷിച്ചതിലും വളരെ നേരത്തെ പലിശനിരക്ക് ഉയര്‍ത്താന്‍ ആര്‍.ബി.ഐ നിര്‍ബന്ധിതരായേക്കും എന്നാണ് ഒരുവിഭാഗം വിദഗ്ദ്ധരുടെ മുന്നറിയിപ്പ്.കാര്യങ്ങള്‍ എത്ര വേഗത്തിലാണ് മാറിയതെന്ന് മനസ്സിലാക്കാന്‍ നമ്മള്‍ കണക്കുകളിലേക്ക് നോക്കണം. 2025 ഫെബ്രുവരി മുതല്‍ ആര്‍.ബി.ഐ പലിശനിരക്കുകള്‍ ആകെ 125 ബേസിസ് പോയിന്റ് കുറച്ചിരുന്നു. ഒടുവില്‍ 2025 ഡിസംബറിലെ നിരക്ക് കുറയ്ക്കലിന് ശേഷം, പലിശനിരക്കുകള്‍ ദീര്‍ഘകാലത്തേക്ക് മാറ്റമില്ലാതെ തുടരുമെന്നാണ് വിപണി കരുതിയത്. എന്നാല്‍ ആ പ്രതീക്ഷകള്‍ ഇപ്പോള്‍ തകിടം മറിഞ്ഞിരിക്കുന്നു.

മണികണ്‍ട്രോള്‍ നടത്തിയ സര്‍വേയില്‍, 14 പ്രമുഖ വിദഗ്ദ്ധരില്‍ 10 പേരും ഈ ജൂണില്‍ നിരക്കുകളില്‍ മാറ്റമുണ്ടാകില്ലെന്ന് കരുതുമ്പോള്‍, 4 പേര്‍ ഈ ആഴ്ച തന്നെ നിരക്ക് വര്‍ദ്ധനവ് ഉണ്ടായേക്കുമെന്ന് പ്രവചിക്കുന്നു. അതിലുപരി, കനത്ത പണപ്പെരുപ്പ സമ്മര്‍ദ്ദം കാരണം അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ കുറഞ്ഞത് 50 ബേസിസ് പോയിന്റിന്റെയെങ്കിലും നിരക്ക് വര്‍ദ്ധനവ് ഉണ്ടാകുമെന്ന കാര്യത്തില്‍ വിപണിക്ക് ഇപ്പോള്‍ ഒരേ സ്വരമാണ്.

എന്തുകൊണ്ടാണ് ഈ പെട്ടെന്നുള്ള ആശങ്ക?

കഴിഞ്ഞ അവലോകനത്തിന് ശേഷം മാക്രോ ഇക്കണോമിക് സാഹചര്യം പൂര്‍ണ്ണമായും മാറിമറിഞ്ഞു. ആഗോള ക്രൂഡ് ഓയില്‍ വിലയിലുണ്ടായ വര്‍ദ്ധനവ്, രൂപയുടെ മൂല്യത്തകര്‍ച്ച, ആഭ്യന്തര പണപ്പെരുപ്പ ഭീഷണി എന്നീ മൂന്ന് ഘടകങ്ങളാണ് ഒരേസമയം പ്രതിസന്ധി സൃഷ്ടിക്കുന്നത്.

ഇതിന്റെ പ്രധാന കാരണം ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളാണ്. പശ്ചിമേഷ്യന്‍ യുദ്ധം മൂലമുണ്ടായ വിതരണ ശൃംഖലയിലെ തടസ്സങ്ങള്‍ ഒരു താല്‍ക്കാലിക പ്രതിസന്ധിയല്ല.അത് ആഗോള വ്യാപാര പാതകളെയും ഉത്പാദനച്ചെലവിനെയും ദോഷകരമായി ബാധിച്ചുകൊണ്ടിരിക്കുകയാണ്.

അയോണിക് അസറ്റിലെ ഗ്ലോബല്‍ ഇന്‍വെസ്റ്റ്മെന്റ് ഹെഡ് അങ്കിത പഥക് ഈ സാഹചര്യത്തിന്റെ ഗൗരവം വ്യക്തമാക്കുന്നത് ഇങ്ങനെയാണ്. നിലവിലുള്ള യുദ്ധസാഹചര്യങ്ങളില്‍ അനുകൂലമായ ഒരു മാറ്റവും കാണാനില്ല. ഇത് പണപ്പെരുപ്പത്തിനും, ബോണ്ട് യീല്‍ഡിനും, ഇന്ത്യന്‍ രൂപയ്ക്കും മേല്‍ നിരന്തരമായ സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടേയിരിക്കുന്നു. ഇത് വെറുമൊരു പലിശനിരക്കിന്റെ പ്രശ്‌നമല്ല, നിങ്ങളുടെ ലോണ്‍ പലിശകളെയും, ഓഹരി വിപണിയെയും, രൂപയുടെ വാങ്ങല്‍ ശേഷിയെയും നേരിട്ട് ബാധിക്കുന്ന കാര്യമാണ്. ഇനിയെന്താണ് സംഭവിക്കുക എന്നത് അടുത്ത മാസം ആദ്യത്തെ മോണിറ്ററി പോളിസിയോഗത്തില്‍ അറിയാം.