image

6 Jun 2025 3:06 PM IST

Economy

ഇനി നിരക്ക് കുറക്കല്‍ സാധ്യത കുറവെന്ന് ആര്‍ബിഐ ഗവര്‍ണര്‍

MyFin Desk

rbi governor says rate cut unlikely
X

Summary

റിപ്പോ നിരക്ക് കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയില്‍


നിലവിലെ സാഹചര്യത്തില്‍ ഇനി പലിശ നിരക്ക് കുറയ്ക്കുന്നതിനുള്ള സാധ്യത കുറവാണെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര. തുടര്‍ച്ചയായ മൂന്നു തവണയായി പലിശ നിരക്ക് 100 ബേസിസ് പോയിന്റാണ് ആര്‍ബിഐ കുറച്ചത്.

ഭാവിയിലെ പണനയ നടപടികള്‍ വരുന്ന ഡാറ്റയെ ആശ്രയിച്ചിരിക്കുമെന്ന് ദ്വൈമാസ പണനയം പുറത്തിറക്കിയ ശേഷം മാധ്യമങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് മല്‍ഹോത്ര പറഞ്ഞു.

പൊതുവെ പ്രതീക്ഷിച്ചതില്‍ കൂടുതല്‍ കുറവാണ് റിസര്‍വ് ബാങ്ക് പലിശനിരക്കില്‍ വരുത്തിയത്. റിപ്പോ നിരക്ക് ഇപ്പോള്‍ 5.5 ശതമാനമായി കുറഞ്ഞു, കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്.

നിരക്ക് കുറവ് വളര്‍ച്ചയില്‍ നല്ല സ്വാധീനം ചെലുത്തുമെന്ന് ഊന്നിപ്പറഞ്ഞ ഗവര്‍ണര്‍ 2026 സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പകുതിയില്‍ മാത്രമേ അതിന്റെ മാറ്റം ദൃശ്യമാകൂ എന്നും പറഞ്ഞു. മുന്‍കാല പ്രവണതകളെ അപേക്ഷിച്ച് നിരക്ക് ട്രാന്‍സ്മിഷന്‍ വേഗത്തിലാകുമെന്നും അദ്ദേഹം പ്രതീക്ഷിക്കുന്നു.

വിലക്കയറ്റത്തിനെതിരായ പോരാട്ടത്തില്‍ ആര്‍ബിഐ വിജയിച്ചുവെന്ന് കരുതാമെന്ന് പണപ്പെരുപ്പത്തെക്കുറിച്ച് മല്‍ഹോത്ര സൂചിപ്പിച്ചു.

നടപ്പ് സാമ്പത്തിക വര്‍ഷത്തെ പണപ്പെരുപ്പ പ്രവചനം ഏപ്രിലിലെ 4 ശതമാനത്തില്‍ നിന്ന് 3.7 ശതമാനമായി റിസര്‍വ് ബാങ്ക് കുറച്ചു.

പ്രധാന പലിശനിരക്ക് 5.5 ശതമാനമാക്കിയ ആര്‍ബിഐ, ഈ അനുകൂല പ്രവചനങ്ങള്‍ക്കിടയിലും കാലാവസ്ഥയുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങളെയും താരിഫ് സംബന്ധമായ ആശങ്കകളെയും കുറിച്ച് ജാഗ്രത പാലിക്കുമെന്ന് ആര്‍ബിഐ പറഞ്ഞു. സിആര്‍ആര്‍ കുറയ്ക്കലിനെ സംബന്ധിച്ച്, അത് തീര്‍ച്ചയായും ക്രെഡിറ്റ് ഫ്‌ലോ വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡിസംബറോടെ സമ്പദ്വ്യവസ്ഥയിലെ ഉല്‍പാദന മേഖലകള്‍ക്ക് വായ്പ നല്‍കുന്നതിനായി ബാങ്കിംഗ് സംവിധാനത്തിലേക്ക് 2.5 ലക്ഷം കോടി രൂപയുടെ ലിക്വിഡിറ്റി തുറക്കുന്ന തരത്തില്‍ ക്യാഷ് റിസര്‍വ് അനുപാതം (സിആര്‍ആര്‍) 100 ബേസിസ് പോയിന്റ് കുറയ്ക്കാന്‍ ആര്‍ബിഐ തീരുമാനിച്ചിട്ടുണ്ട്.