image

25 Jan 2026 5:41 PM IST

Economy

മെഗാ ഡീല്‍ തിളക്കത്തില്‍ റിപ്പബ്ലിക് ദിനം

MyFin Desk

മെഗാ ഡീല്‍ തിളക്കത്തില്‍ റിപ്പബ്ലിക് ദിനം
X

Summary

സ്വതന്ത്ര വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള അവസാനവട്ട നീക്കങ്ങളിലാണ് ഇന്ത്യയും യൂറോപ്യന്‍ യൂണിയനും. ജനുവരി 27-ന് നടക്കുന്ന ഉച്ചകോടിയില്‍ വ്യാപാരത്തിന് പുറമെ പ്രതിരോധം, ക്ലീന്‍ എനര്‍ജി, സപ്ലൈ ചെയിന്‍ എന്നീ മേഖലകളിലും നിര്‍ണായക കരാറുകള്‍ ഒപ്പിടും


ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ ഗതി മാറ്റാന്‍ പോകുന്ന മഹാസംഗമത്തിന് ഒരുങ്ങി രാജ്യതലസ്ഥാനം. റിപ്പബ്ലിക് ദിനാഘോഷത്തിന് തിളക്കം നല്‍കുക ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ വ്യാപാര കരാര്‍.

16-ാമത് ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയുടെയും റിപ്പബ്ലിക് ദിനാഘോഷങ്ങളുടെയും ഭാഗമായി യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണും യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് അന്റോണിയോ കോസ്റ്റയും ഇന്ത്യയിലെത്തി. സ്വതന്ത്ര വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള അവസാനവട്ട നീക്കങ്ങളിലാണ് ഇരുപക്ഷവും.ജനുവരി 27-ന് നടക്കുന്ന ഉച്ചകോടിയില്‍ വ്യാപാരത്തിന് പുറമെ പ്രതിരോധം, ക്ലീന്‍ എനര്‍ജി, സപ്ലൈ ചെയിന്‍ എന്നീ മേഖലകളിലും നിര്‍ണായക കരാറുകള്‍ ഒപ്പിടും.

യൂറോപ്പുമായി ഒരു സ്ട്രാറ്റജിക് ഡിഫന്‍സ് പാര്‍ട്ണര്‍ഷിപ്പ് രൂപീകരിക്കുന്നത് ഇന്ത്യയുടെ പ്രതിരോധ വ്യവസായ മേഖലയ്ക്ക് വലിയ കുതിച്ചുചാട്ടമാകും. വിദേശ നിക്ഷേപത്തിലുള്ള വര്‍ദ്ധനവ് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് വിപണി.

അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള സമഗ്രമായ ഒരു സ്ട്രാറ്റജിക് അജണ്ടയ്ക്ക് ഇരു നേതാക്കളും രൂപം നല്‍കും. ലോകത്തെ ഏറ്റവും വലിയ രണ്ട് ജനാധിപത്യ ശക്തികള്‍ ഒന്നിക്കുമ്പോള്‍ അത് ആഗോള സാമ്പത്തിക ക്രമത്തില്‍ ഇന്ത്യയുടെ സ്വാധീനം വര്‍ദ്ധിപ്പിക്കും എന്നതില്‍ തര്‍ക്കമില്ല. ഈ കരാറുകള്‍ കേവലം അക്കങ്ങള്‍ മാത്രമല്ല, മറിച്ച് ഇന്ത്യയിലെ യുവതലമുറയ്ക്കുള്ള വാതിലുകളാണെന്ന് 18-ാമത് റോസ്ഗര്‍ മേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.

വിദ്യാര്‍ത്ഥികള്‍, ഗവേഷകര്‍, വിദഗ്ധ തൊഴിലാളികള്‍ എന്നിവര്‍ക്കായി പുതിയ 'മൊബിലിറ്റി ഫ്രെയിംവര്‍ക്ക്' ഈ ഉച്ചകോടിയില്‍ പ്രഖ്യാപിച്ചേക്കും. ഇതോടെ ഇന്ത്യന്‍ പ്രതിഭകള്‍ക്ക് യൂറോപ്പിലെ തൊഴില്‍ വിപണിയില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.