image

12 Dec 2025 7:47 PM IST

Economy

കേരളത്തിൽ സാധനങ്ങൾക്ക് 'തീ' വില; രാജ്യത്ത് പണപ്പെരുപ്പത്തില്‍ നേരിയ വര്‍ധന മാത്രം

MyFin Desk

കേരളത്തിൽ സാധനങ്ങൾക്ക് തീ വില; രാജ്യത്ത് പണപ്പെരുപ്പത്തില്‍ നേരിയ വര്‍ധന മാത്രം
X

Summary

സംസ്ഥാനടിസ്ഥാനത്തില്‍ ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പം കേരളത്തില്‍


ഉപഭോക്തൃ വില സൂചിക (സിപിഐ) അടിസ്ഥാനമാക്കിയ ഇന്ത്യയുടെ ചില്ലറ പണപ്പെരുപ്പം നവംബറില്‍ 0.71 ശതമാനമായി ഉയര്‍ന്നു. ഒക്ടോബറില്‍ ഇത് 0.25 ശതമാനമായിരുന്നു. എങ്കിലും റിസര്‍വ് ബാങ്കിന്റെ ഇടക്കാല ലക്ഷ്യമായ 4% ന് താഴെയായി പണപ്പെരുപ്പം തുടരുന്നത് തുടര്‍ച്ചയായ പത്താം മാസമാണ്. സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയമാണ് കണക്കുകള്‍ പുറത്തുവിട്ടത്.

നവംബറിലെ പ്രധാന പണപ്പെരുപ്പത്തിലെ വര്‍ധനവിന് പ്രധാനമായും കാരണം പച്ചക്കറികള്‍, മുട്ട, മാംസം, മത്സ്യം, സുഗന്ധവ്യഞ്ജനങ്ങള്‍, ഇന്ധനം എന്നിവയുടെ ഉയര്‍ന്ന വിലയാണ്.

എന്നാല്‍ ഭക്ഷ്യവില പണപ്പെരുപ്പം ഇപ്പോഴും നെഗറ്റീവ് ആണ്. ഉപഭോക്തൃ ഭക്ഷ്യ വില സൂചിക (സിഎഫ്പിഐ) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം നവംബറില്‍ -3.91% രേഖപ്പെടുത്തി. ഒക്ടോബറില്‍ ഇത് -5.02% ആയിരുന്നു.

പണപ്പെരുപ്പം കുറഞ്ഞേക്കും

ആര്‍ബിഐ നടപ്പ് സാമ്പത്തിക വര്‍ഷത്തെ പണപ്പെരുപ്പ അനുമാനം 2% ആയി കുറച്ചു. ഫെബ്രുവരിയിലെ നയരൂപീകരണ യോഗത്തില്‍ മറ്റൊരു നിരക്ക് കുറയ്ക്കല്‍ പ്രവചിക്കുന്നതിനാല്‍, പണപ്പെരുപ്പം അനുകൂലമായി തുടരുമെന്ന് സാമ്പത്തിക വിദഗ്ധര്‍ പ്രതീക്ഷിക്കുന്നു.

സംസ്ഥാനാടിസ്ഥാനത്തിലുള്ള ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പം കേരളത്തില്‍ രേഖപ്പെടുത്തി. കേരളത്തില്‍ പണപ്പെരുപ്പം 8.27 ശതമാനമാണ് രേഖപ്പെടുത്തിയത്. മറ്റൊരു സംസ്ഥാനത്തും ഇത്ര ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയിട്ടില്ല. രണ്ടാമത്തെ ഉയര്‍ന്ന പണപ്പെരുപ്പം കര്‍ണാടകയിലാണ്. 2 . 64 ശതമാനവും ജമ്മു കശ്മീരില്‍ ഇത് 2.31 ശതമാനവുമായിരുന്നു.