image

21 March 2026 3:41 PM IST

Economy

100 ലേക്ക് വീഴുമോ രൂപ? ഈ ഉൽപ്പന്നങ്ങൾക്ക് വില ഉയരും

MyFin Desk

100 ലേക്ക് വീഴുമോ രൂപ?  ഈ ഉൽപ്പന്നങ്ങൾക്ക്  വില ഉയരും
X

Summary

രൂപയുടെ റെക്കോഡ് മൂല്യത്തകർച്ച സാമ്പത്തിക രംഗത്തിന് തിരിച്ചടി. ഈ ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും വില ഉയരും


രൂപയുടെ മൂല്യം കുത്തനെ ഇടിയുകയാണ്. ഡോളറിനെതിരെ 93 .6 എന്ന റെക്കോഡ് നിലയിലേക്ക് താഴ്ന്നിരിക്കുകയാണ് രൂപ. 2016 ഡോളറിനെതിരെ 67 രൂപയായിരുന്നു മൂല്യം എങ്കിൽ 10 വ‍ർഷം കൊണ്ട് 26 രൂപയിലധികമാണ് വിനിമയ നിരക്കിലെ വ‍ർധന. ദീ‍ർഘകാലത്തിൽ വിനിമയ നിരക്കിൽ വ‍ർധനയുണ്ടാകുമെങ്കിലും സമീപകാലത്തെ രൂപയുടെ മൂല്യമിടിവ് ശ്രദ്ധേയമാണ്. വളരെ വേഗത്തിലാണ് കുത്തനെയുള്ള വീഴ്ച.

നാല് വർഷത്തിനിടെ രണ്ടാം തവണയും കഴിഞ്ഞ വ്യാപാര സെഷനിൽ രൂപയുടെ മൂല്യം ഒരു ശതമാനത്തിലധികം ഇടിഞ്ഞു. ആഴ്ചയിൽ ഏകദേശം 1.3 ശതമാനമാണ് ഇടിവ്. 2022 അവസാനത്തിനു ശേഷം ഒരാഴ്ചയിലുണ്ടായിരിക്കുന്ന ഏറ്റവും വലിയ ഇടിവായിരുന്നു കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. പശ്ചിമേഷ്യൻ സംഘ‍ർഷം തുടരുന്നത് രൂപയുടെ മൂല്യത്തെ വീണ്ടും ബാധിക്കും.

ഹോർമുസ് കടലിടുക്കിലെ തടസങ്ങൾ രാജ്യത്തെ ഇന്ധന, ഊർജ്ജ വിതരണ മേഖല തടസപ്പെടുത്തിയിരിക്കുന്നത് പ്രതിസന്ധിയാകുകയാണ്. ക്രൂഡ് ഓയിൽ വില വ‍ർധന ധനകമ്മി കുത്തനെ ഉയർത്തും. രാജ്യത്ത് ആവശ്യമായ ക്രൂഡ് ഓയിലിൻ്റെ 80 ശതമാനവും ഇറക്കുമതി ചെയ്യുന്നതിനാൽ ഇറക്കുമതി ചെലവുകൾ ​ഗണ്യമായി ഉയരും. ക്രൂഡ് ഓയിൽ വിലയിലെ വർദ്ധനവ് ഡോള‍ർ ആവശ്യകത വർദ്ധിപ്പിക്കുന്നതാകട്ടെ ഡോളറിന് നേട്ടവുമാണ്.

ഡോളറിൻ്റെ ആവശ്യകത ഉയ‍ർന്നതാണ് രൂപയുടെ ഇപ്പോഴത്തെ മൂല്യമിടിവിന് പ്രധാന കാരണം എന്ന് നിരീക്ഷകർ സൂചിപ്പിക്കുന്നു. ഡോള‍ർ കരുത്താ‍ർജിക്കുന്നത് ഇന്ത്യയിലെ ഓഹരി വിപണിയിൽ നിന്ന് വിദേശ സ്ഥാപന നിക്ഷേപക‍ർ വൻതോതിൽ നിക്ഷേപം പിൻവലിക്കാനും കാരണമായിട്ടുണ്ട്. യുഎസ് ഡോളർ നിലവിൽ ലോകത്തിലെ പ്രീമിയർ റിസർവ് കറൻസിയാണ്. ഡോളർ കരുത്താർജിക്കുമ്പോൾ വളർന്ന് കൊണ്ടിരിക്കുന്ന വിപണികളെ നിക്ഷേപകർ അവഗണിക്കും.

വില ഉയരുന്നത് എന്തിനൊക്കെ?

രൂപയുടെ മൂല്യം കുറയുന്നത് ഇറക്കുമതി ചെയ്യുന്ന ഓരോ ബാരൽ എണ്ണയുടെയും ചെലവുയർത്തും. ഇത് പെട്രോൾ, ഡീസൽ വില വർധനക്ക് വഴിയൊരുക്കാം. ​ഗതാ​ഗത, ലോജിസ്റ്റിക്സ് ചെലവുകൾ ഉയരുന്നത് പച്ചക്കറികൾ മുതൽ ദൈനംദിന വസ്തുക്കൾ വരെയുള്ളവയുടെ വിലക്കയറ്റത്തിന് കാരണമാകും. വിമാന ഇന്ധനത്തിന് ചെലവേറുന്നത് വിമാന ടിക്കറ്റ് നിരക്ക് വ‍ർധനക്ക് ഇപ്പോൾ തന്നെ കാരണമായിട്ടുണ്ട്.

ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങളിൽ കൂടുതലും രാജ്യം ഇറക്കുമതി ചെയ്യുന്നതിനാൽ സ്മാർട്ട്‌ഫോണുകൾ, ലാപ്‌ടോപ്പുകൾ എന്നിവക്കൊക്കെ വില വ‍ർധന പ്രതീക്ഷിക്കാം. ഇറക്കുമതി ചെയ്ത സെമികണ്ടക്ടറുകളെ ആശ്രയിക്കുന്ന ഓട്ടോമൊബൈൽ വ്യവസായ രം​ഗവും സമ്മ‍ർദ്ധം നേരിടും. അതേസമയം ഡോളറിൽ വരുമാനം ലഭിക്കുന്ന വ്യവസായങ്ങൾക്ക് ഈ സമയം അനുകൂലമാണ്. ഐടി, ഫാർമ തുടങ്ങിയ മേഖലകളിലെ കമ്പനികളുടെ വരുമാനം ഉയരും.