image

6 July 2023 8:24 AM GMT

Economy

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച; സ്വാധീനിക്കുന്നത് ഗ്രാമങ്ങള്‍

MyFin Desk

indias economic growth influenced by villages
X

Summary

  • ഗ്രാമങ്ങളിലെ ഡിമാന്‍ഡ് കുറഞ്ഞാല്‍ അത് സാമ്പത്തികമേഖലക്ക് തിരിച്ചടിയാകും
  • അപകടസാധ്യതകള്‍ തരണം ചെയ്ത് റൂറല്‍ മേഖലയിലെ വളര്‍ച്ച ഉറപ്പാക്കണം
  • ഏറ്റവും കൂടുതല്‍ ജനങ്ങളുള്ളത് ഗ്രാമങ്ങളിലാണ്


രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ സ്വാധീനിക്കുന്ന എറ്റവും വലിയ ഘടകങ്ങളിലൊന്നാണ് ഗ്രാമങ്ങളിലെ ആവശ്യകത. ഇന്ന് അത് മികച്ചതലങ്ങളിലേക്ക് എത്തുന്നതിന്റെ വ്യക്തമായ സൂചനകള്‍ ദൃശ്യമാണെന്ന് ധനമന്ത്രാലയം സൂചിപ്പിക്കുന്നു. ഭാവിയില്‍ രാജ്യം സുസ്ഥിരമായ സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രാലയം വാര്‍ഷിക സാമ്പത്തിക റിപ്പോര്‍ട്ടില്‍ ഇക്കാര്യം എടുത്തുപറയുന്നു.

ആഗോളതലത്തിലെ രാഷ്ട്രീയ പ്രശ്‌നങ്ങളും എല്‍ നിനോ കാലാവസ്ഥാ പ്രതിഭാസത്തിന്റെ ആഘാതവും ഉള്‍പ്പെടെ 2024 സാമ്പത്തിക വര്‍ഷത്തിലെ അപകടസാധ്യതകളും റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നുണ്ട്. ഈ ഘടകങ്ങള്‍ ഇന്ത്യയുടെ സാമ്പത്തിക പാതയില്‍ വെല്ലുവിളി ഉയര്‍ത്തിയേക്കാം ഇക്കാര്യങ്ങള്‍ ഫലപ്രദമായി നേരിട്ടാല്‍ മുന്നോട്ടുള്ള പ്രയാണത്തിന് തടസമുണ്ടാകില്ല.

നഗരങ്ങളിലെ ഡിമാന്‍ഡ് കഴിഞ്ഞ വര്‍ഷം മുതല്‍ വര്‍ധിച്ചത് സാമ്പത്തിക മേഖലക്ക് ഊര്‍ജ്ജം പകരുന്നുണ്ട്. എന്നാല്‍ പണപ്പെരുപ്പത്തില്‍ ഉണ്ടാകുന്ന ചലനങ്ങള്‍ ഗ്രാമീണ ജീവിതത്തെ ബാധിക്കും. കഴിഞ്ഞവര്‍ഷം പണപ്പെരുപ്പം ഉയര്‍ന്നിരുന്നു.

പകര്‍ച്ചവ്യാധിക്കാലത്തിനുശേഷമാണ് ഗ്രാമീണ മേഖല ഉണരാന്‍ തുടങ്ങിയത്. പലവിധ സമ്മര്‍ദ്ദങ്ങള്‍ അവര്‍ നേരിട്ടു. എഫ്എംസിജി മേഖലയില്‍ അത് പ്രതിഫലിച്ചതായും വിലയിരുത്തപ്പെടുന്നു.

സാമ്പത്തിക വീണ്ടെടുക്കലിലേക്കും ഭാവി വളര്‍ച്ചയിലേക്കുമുള്ള ഇന്ത്യയുടെ പാതയ്ക്ക് ഗ്രാമീണ ഡിമാന്‍ഡ് വളരെ പ്രധാനമായിരിക്കുന്നത് എന്തുകൊണ്ടായിരിക്കാം എന്ന് ചിന്തിക്കേണ്ടതുണ്ട്. പ്രധാനമായും രാജ്യത്തിന്റെ ജനസംഖ്യ ഏറ്റവും കൂടുതല്‍ കേന്ദ്രീകരിച്ചിരിക്കുന്നത് ഗ്രാമതലങ്ങളിലാണ് എന്നത് പ്രധാന വസ്തുതയാണ്. ഒരു സാമ്പത്തിക നേട്ടത്തിലേക്ക് രാജ്യം ഉയരണമെങ്കില്‍ ഗ്രാമതലങ്ങളും ഉയരേണ്ടതുണ്ട്. കൂടാതെ ഗ്രാമീണ ഉപഭോക്താക്കളുടെ വാങ്ങല്‍ ശേഷി സമ്പദ്വ്യവസ്ഥയുടെ വിവിധ മേഖലകളെ നേരിട്ട് ബാധിക്കുന്നു.

ഇന്ത്യയുടെ ജിഡിപിയില്‍ കൃഷി ഒരു പ്രധാന സംഭാവനയാണ്, ഗ്രാമപ്രദേശങ്ങള്‍ പ്രധാനമായും കാര്‍ഷിക പ്രവര്‍ത്തനങ്ങളെ ആശ്രയിച്ചാണ് മുന്നോട്ടുപോകുന്നത്.

ഗ്രാമീണ മേഖലയില്‍ ഡിമാന്‍ഡ് ഉയരുമ്പോള്‍ അത് നിരവധി ഘടകങ്ങളെ നേരിട്ട് ബാധിക്കുന്നു. എഫ്എംസിജി ഉദാഹരണമാണ്. കൂടാതെ വാഹനങ്ങള്‍ വാങ്ങുന്നതിലേക്ക് സാമ്പത്തിക ഉന്നതി അവരെ നയിക്കും. ഇത് ഓട്ടോമൊബൈല്‍ മേഖലയ്ക്ക് ഗുണകരമാകും.

ഹൗസിംഗ്, റീട്ടെയില്‍ തുടങ്ങിയ വ്യവസായങ്ങളിലും ഗ്രാമങ്ങളിലെ സാമ്പത്തിക ഉയര്‍ച്ച ചലനങ്ങള്‍ സൃഷ്ടിക്കും. ഈ മേഖലയില്‍ ഉപഭോഗം വര്‍ധിച്ചു വരുമ്പോഴാണ് ഈ മാറ്റങ്ങള്‍ ദൃശ്യമാകുക. അത് വര്‍ധിച്ച ഡിമാന്‍ഡിലേക്ക് നയിക്കും. ഈ സാഹചര്യത്തിലാണ് ബിസിനസുകള്‍ റൂറല്‍ ഏരിയകൡലേക്ക് വ്യാപിക്കുന്നത്.

കൂടുതല്‍ നിക്ഷേപത്തിന്റെ അവസരങ്ങളും അവിടെ ഉണ്ടാകും.

ഗ്രാമീണ ഡിമാന്‍ഡ് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ഗുണപരമായ സ്വാധീനം ചെലുത്തുന്നു. ഗ്രാമീണ മേഖലയിലെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ അഭിവൃദ്ധി പ്രാപിക്കുന്നതിനനുസരിച്ച്, തൊഴിലില്ലായ്മ നിരക്കും കുറയും.

എഫ്എംസിജി കമ്പനികള്‍ നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച് ഗ്രാമീണ ഡിമാന്‍ഡ് ഉയര്‍ന്നു തുടങ്ങിയിരിക്കുന്നു, ഇത് മൊത്തത്തിലുള്ള സമ്പദ്വ്യവസ്ഥയുടെ നല്ല സൂചനയാണ്. ഇത് തുടര്‍ന്നുപോയാല്‍ അത് രാജ്യത്തിന് ഗുണകരമാകും. എന്നാല്‍ കാലവസ്ഥാ വ്യതിയാനം പോലുള്ള ഘടകങ്ങളാല്‍ തടസപ്പെട്ടാല്‍ വളര്‍ച്ച കുറയും. അതിനാല്‍ ഗ്രാമങ്ങളിലെ ഉണര്‍വ് നിലനില്‍ക്കേണ്ടത് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചക്ക് ആവശ്യമാണ്.

മികച്ച ഉല്‍പ്പാദനക്ഷമത ഇല്ലെങ്കില്‍ ഗ്രാമങ്ങള്‍ക്ക് അത് തിരിച്ചടിയാകും. അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതയും നിര്‍ണായക ഘടകമാണ്.