image

16 Jan 2026 3:38 PM IST

Economy

വമ്പന്‍ സംയുക്ത സംരംഭങ്ങള്‍ക്കായി റഷ്യ ഇന്ത്യയിലേക്ക് എത്തുന്നു

MyFin Desk

russia is coming to india with huge joint ventures
X

Summary

ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം പുതിയൊരു യുഗത്തിലേക്ക് കടക്കുന്നു. ഊര്‍ജ്ജ മേഖലയ്ക്ക് പുറമെ ഐടി, കപ്പല്‍ നിര്‍മ്മാണം, എഞ്ചിനീയറിംഗ് രംഗങ്ങളിലെ നിര്‍മാണം റഷ്യ ഇന്ത്യയിലാക്കുമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍


വന്‍ സംയുക്ത സംരംഭങ്ങള്‍ക്കായി റഷ്യ ഇന്ത്യയിലേക്ക്. ഊര്‍ജ്ജ മേഖലയ്ക്ക് പുറമെ ഐടി, കപ്പല്‍ നിര്‍മ്മാണം, എഞ്ചിനീയറിംഗ് രംഗങ്ങളിലെ നിര്‍മാണം റഷ്യ ഇന്ത്യയിലാക്കും. വെറും എണ്ണക്കച്ചവടത്തിനപ്പുറം ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം പുതിയൊരു യുഗത്തിലേക്ക് കടക്കുകയാണെന്ന സൂചനയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

മെറ്റലര്‍ജി, റിന്യൂവബിള്‍ എനര്‍ജി, ഓയില്‍ റിഫൈനിംഗ് എന്നീ മേഖലകളില്‍ റഷ്യന്‍ സാങ്കേതികവിദ്യയും ഇന്ത്യന്‍ നിര്‍മ്മാണ മികവും കൈകോര്‍ക്കും. ഇന്ത്യയെ കേവലം ഒരു വിപണിയായി മാത്രമല്ല, തെക്കന്‍ ഏഷ്യയിലേക്കും മറ്റ് മൂന്നാം രാജ്യങ്ങളിലേക്കും ഉല്‍പ്പന്നങ്ങള്‍ എത്തിക്കാനുള്ള ഒരു നിര്‍മ്മാണ ഹബ്ബായാണ് റഷ്യ ഇപ്പോള്‍ കാണുന്നത്.

ഈ സഹകരണത്തിലെ ഏറ്റവും നിര്‍ണ്ണായകമായ ഒന്നാണ് 'നോര്‍ത്തേണ്‍ സീ റൂട്ട്'. ആര്‍ട്ടിക് സമുദ്രത്തിലൂടെയുള്ള 5,600 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ കപ്പല്‍പ്പാത ഇന്ത്യയുടെയും റഷ്യയുടെയും വ്യാപാര ദൂരം കുറയ്ക്കും. കപ്പല്‍ നിര്‍മ്മാണം, ലോജിസ്റ്റിക്സ് എന്നീ മേഖലകളില്‍ ഇരുരാജ്യങ്ങളും സംയുക്തമായി ഈ പാതയില്‍ നിക്ഷേപം നടത്താനാണ് ലക്ഷ്യമിടുന്നത്. ഇത് ഭാവിയില്‍ ആഗോള ചരക്ക് നീക്കത്തില്‍ വലിയ വിപ്ലവം സൃഷ്ടിക്കും.

2030ഓടെ ഉഭയകക്ഷി വ്യാപാരം 100 ബില്യണ്‍ ഡോളറിലെത്തിക്കുക എന്നതാണ് പുതിയ ലക്ഷ്യം. ഇതില്‍ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി മാത്രം 30 മുതല്‍ 35 ബില്യണ്‍ ഡോളറായി ഉയര്‍ത്താനാണ് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്സ്പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ പദ്ധതിയിടുന്നത്.

പരമ്പരാഗത വ്യാപാരത്തിന് പുറമെ ഡിജിറ്റല്‍ പേയ്‌മെന്റുകള്‍, ഫിന്‍ടെക്, ഗ്രീന്‍ എനര്‍ജി എന്നീ നൂതന മേഖലകളിലും ഇന്ത്യ-റഷ്യ സഹകരണം ശക്തമാകുകയാണ്. ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കും ടെക് കമ്പനികള്‍ക്കും റഷ്യന്‍ വിപണി തുറന്നുകിട്ടുന്നത് വലിയൊരു അവസരമാണ്.