28 Jan 2026 7:17 PM IST
Summary
റഷ്യന്‍ എണ്ണയും അമേരിക്കയുടെ സംരക്ഷണവാദവും ഇന്ത്യയുടെ സാമ്പത്തിക തന്ത്രങ്ങളും തമ്മിലുള്ള ഒരു വലിയ വടംവലിയാണ് ഇപ്പോള്‍ നടക്കുന്നത്. ഇവിടെ ആര് ജയിക്കും എന്ന് കണ്ടറിയേണ്ടതുണ്ട്
ഇന്ത്യയ്ക്ക് വീണ്ടും മുന്നറിയിപ്പുമായി അമേരിക്ക. റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി പൂര്‍ണ്ണമായും ഉപേക്ഷിക്കാതെ ഇന്ത്യയ്ക്ക് താരിഫുകളില്‍ ഇളവില്ല.
യുഎസ് ട്രേഡ് റെപ്രസന്റേറ്റീവ് ജാമിസണ്‍ ഗ്രീര്‍ പറയുന്നത് ഇന്ത്യ ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട് എന്നാണ്.
റഷ്യന്‍ എണ്ണ വാങ്ങുന്നത് കുറയ്ക്കുന്നതില്‍ ഇന്ത്യ പുരോഗതി കൈവരിച്ചെങ്കിലും, പൂര്‍ണ്ണമായും അത് ഉപേക്ഷിക്കാന്‍ തയ്യാറാകാത്തതാണ് ട്രംപിനെ ചൊടിപ്പിക്കുന്നത്. റഷ്യന്‍ എണ്ണയിലെ വമ്പിച്ച ഡിസ്‌കൗണ്ട് ഇന്ത്യയെ പ്രലോഭിപ്പിക്കുന്നുണ്ടെന്നും, അതുകൊണ്ടാണ് 50 ശതമാനം എന്ന ഭീമമായ നികുതി ഇപ്പോഴും തുടരുന്നതെന്നും ഗ്രീര്‍ വ്യക്തമാക്കുന്നു.
ഇന്ത്യയുടെ റഷ്യന്‍ എണ്ണ വാങ്ങല്‍ വലിയ തോതില്‍ കുറഞ്ഞുവെന്നും, അതിനാല്‍ നികുതി കുറയ്ക്കാനുള്ള വഴി മുന്നിലുണ്ടെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.എന്നാല്‍ ഈ വാദത്തെ തള്ളിക്കളയുന്ന തരത്തിലാണ് ഗ്രീറിന്റെ പുതിയ പ്രതികരണം വന്നിരിക്കുന്നത്.അതേസമയം, അമേരിക്കന്‍ ഭരണകൂടത്തിലും ഈ കരാറിനെ ചൊല്ലി വലിയ തര്‍ക്കങ്ങള്‍ നടക്കുന്നുണ്ട്.
സെനറ്റര്‍ ടെഡ് ക്രൂസിന്റെ ചോര്‍ന്ന ഓഡിയോ ക്ലിപ്പുകള്‍ പ്രകാരം, വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ്, പീറ്റര്‍ നവാരോ എന്നിവരാണ് ഇന്ത്യയുമായുള്ള കരാര്‍ തടഞ്ഞുവെച്ചിരിക്കുന്നത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ഇത് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്ന ഭയവും ടെഡ് ക്രൂസ് പങ്കുവെക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യ ഇതിലൊന്നും പരിഭ്രാന്തരാകുന്നില്ല.
പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി പറയുന്നത് വ്യാപാര കരാര്‍ ചര്‍ച്ചകള്‍ 'അതിപുരാതനമായ ഘട്ടത്തില്‍' ആണെന്നാണ്. എല്ലാവരും അല്പം ശാന്തരാകണമെന്നും , സങ്കീര്‍ണ്ണമായ വ്യാപാര കരാറുകള്‍ക്ക് സമയമെടുക്കുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.
ചുരുക്കത്തില്‍, റഷ്യന്‍ എണ്ണയും അമേരിക്കയുടെ സംരക്ഷണവാദവും ഇന്ത്യയുടെ സാമ്പത്തിക തന്ത്രങ്ങളും തമ്മിലുള്ള ഒരു വലിയ വടംവലിയാണ് ഇപ്പോള്‍ നടക്കുന്നത്. യൂറോപ്പുമായി കൈകോര്‍ക്കുമ്പോഴും, അമേരിക്കയുമായുള്ള ബന്ധം എങ്ങനെ ഇന്ത്യ ബാലന്‍സ് ചെയ്യും എന്നതാണ് വരും മാസങ്ങളില്‍ സാമ്പത്തിക ലോകം ഉറ്റുനോക്കുന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
