image

2 Feb 2026 5:27 PM IST

Economy

ജയശങ്കർ അമേരിക്കയിൽ; ചർച്ചകൾ നിർണ്ണായകം; താരിഫ് യുദ്ധത്തിൽ ആശ്വാസം ലഭിക്കുമോ?

MyFin Desk

ജയശങ്കർ അമേരിക്കയിൽ; ചർച്ചകൾ നിർണ്ണായകം; താരിഫ് യുദ്ധത്തിൽ ആശ്വാസം ലഭിക്കുമോ?
X

Summary

ക്രിട്ടിക്കൽ മിനറൽസ് ഉച്ചകോടിയിൽ പങ്കെടുക്കാൻ വിദേശകാര്യ മന്ത്രി യുഎസിൽ; ഇന്ത്യൻ രൂപയ്ക്കും ഓഹരി വിപണിയ്ക്കും കരുത്തേകാൻ നയതന്ത്ര നീക്കങ്ങൾ


ഇന്ത്യ-യുഎസ് നയതന്ത്ര ബന്ധത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ്. വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ നാല് ദിവസ സന്ദര്‍ശനത്തിനായി അമേരിക്കയിലെത്തി.ഫെബ്രുവരി 2 മുതല്‍ 5 വരെയാണ് മന്ത്രി ജയശങ്കറിന്റെ അമേരിക്കന്‍ സന്ദര്‍ശനം. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ വിളിച്ചുചേര്‍ത്ത 'ക്രിട്ടിക്കല്‍ മിനറല്‍സ് മിനിസ്റ്റീരിയലില്‍' പങ്കെടുക്കുക എന്നതാണ് പ്രധാന ലക്ഷ്യം. ക്ലീന്‍ എനര്‍ജി, സപ്ലൈ ചെയിന്‍ സുരക്ഷ, നിര്‍ണ്ണായക ധാതുക്കളിലെ സഹകരണം എന്നിവയിലാണ് ഈ യോഗം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇതിനേക്കാള്‍ ഉപരിയായി ട്രംപ് ഭരണകൂടവുമായി ഇന്ത്യ നേരിട്ട് നടത്തുന്ന ഉഭയകക്ഷി ചര്‍ച്ചകളിലേക്കാണ് ലോകം ഉറ്റുനോക്കുന്നത്. താരിഫ് നിരക്കുകളില്‍ ചെറിയൊരു ഇളവ് നേടാന്‍ കഴിഞ്ഞാല്‍ പോലും അത് ഇന്ത്യന്‍ രൂപയ്ക്കും സ്റ്റോക്ക് മാര്‍ക്കറ്റിനും വലിയ ഉത്തേജനം നല്‍കും. പ്രത്യേകിച്ചും ട്രംപ് ഭരണകൂടത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി നടത്തുന്ന ചര്‍ച്ചകള്‍ വരാനിരിക്കുന്ന വ്യാപാര കരാറുകളുടെ ദിശ നിര്‍ണ്ണയിക്കും.

അതേസമയം, ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം ലോക സമാധാനത്തിന് അത്യന്താപേക്ഷിതമാണെന്ന് യുഎസ് ജനപ്രതിനിധികള്‍ ഒരേ സ്വരത്തില്‍ പറയുന്നു. ഇന്ത്യയുടെറിപ്പബ്ലിക് ദിനാഘോഷങ്ങളോടനുബന്ധിച്ച് ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സംഘടിപ്പിച്ച ചടങ്ങിലാണ് അമേരിക്കന്‍ രാഷ്ട്രീയ നേതാക്കള്‍ ഇന്ത്യയെ വാനോളം പുകഴ്ത്തിയത്. ലോകത്തിലെ ഏറ്റവും പഴയ ജനാധിപത്യ രാജ്യമായ അമേരിക്കയും, ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയും തമ്മിലുള്ള ബന്ധം ആഗോള സുസ്ഥിരതയ്ക്ക് 'നിര്‍ണ്ണായകമാണ്' എന്ന് യുഎസ് പ്രതിനിധി മൈക്ക് ലോലര്‍ അഭിപ്രായപ്പെട്ടു. 21-ാം നൂറ്റാണ്ടിലെ ഏറ്റവും നിര്‍ണ്ണായകമായ പങ്കാളിത്തമായി ഇതിനെ മാറ്റണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.ലോംഗ് ഐലന്‍ഡിലെ 'തേര്‍ഡ് ഐ'എന്നാണ് ഇന്ത്യന്‍ സമൂഹത്തെ റിപ്പബ്ലിക്കന്‍ നേതാവ് നിക്ക് ലാലോട്ട വിശേഷിപ്പിച്ചത്.നിക്ഷേപകരെ സംബന്ധിച്ചിടത്തോളം ഈ നയതന്ത്ര നീക്കങ്ങള്‍ അതീവ പ്രധാനമാണ്. അമേരിക്കന്‍ കോണ്‍ഗ്രസ്സിലെ ഉഭയകക്ഷി പിന്തുണ ഇന്ത്യയ്ക്ക് അനുകൂലമാണെന്നത് ശുഭസൂചനയാണ്.