8 Jan 2026 4:14 PM IST
Summary
രൂപയുടെ മൂല്യം ഡോളറിനെതിരെ 91 നിലവാരത്തിന് താഴേക്ക് പോയാല്‍ സ്വര്‍ണവിപണിയില്‍ വന്‍ കുതിച്ചുചാട്ടം പ്രകടമാകും
ആഗോള സാമ്പത്തിക ഭൂപടത്തില്‍ അമേരിക്ക കൊണ്ടുവരുന്ന ഉപരോധങ്ങളും താരിഫും ഇന്ത്യന്‍ വിപണിയ്ക്ക് നിര്‍ണായകമെന്ന് റിപ്പോര്‍ട്ട്. രൂപ ഇടിയാന്‍ സാധ്യത, സ്വര്‍ണവും വെള്ളിയും കുതിപ്പിലേക്കെന്നും വിദഗ്ധര്‍.
റിലയന്‍സ് സെക്യൂരിറ്റീസിലെ സീനിയര്‍ അനലിസ്റ്റ് ജിഗര്‍ ത്രിവേദിയുടെ നിരീക്ഷണമനുസരിച്ച്, രൂപയുടെ മൂല്യം ഡോളറിനെതിരെ 91 നിലവാരത്തിന് താഴേക്ക് പോയാല്‍ സ്വര്‍ണവിപണിയില്‍ വന്‍ കുതിച്ചുചാട്ടം പ്രകടമാകും. ഇവിടെ റിസര്‍വ് ബാങ്കിന്റെ ഇടപെടല്‍ നിര്‍ണ്ണായകമാണ്.
ഫോറെക്സ് വിപണിയില്‍ ആര്‍ബിഐ എന്ത് നിലപാട് സ്വീകരിക്കുന്നു എന്നതിനനുസരിച്ചായിരിക്കും രൂപയുടെയും സ്വര്‍ണത്തിന്റെയും വരുംകാല ഗതി.സാമ്പത്തിക വിപണിയിലെ അനിശ്ചിതത്വങ്ങളാണ് സ്വര്‍ണവിലയെ മുകളിലേക്ക് നയിക്കുന്ന പ്രധാന ഇന്ധനം.
ഇന്ത്യക്കുമേല്‍ താരിഫ് വര്‍ധിപ്പിക്കുമോ?
ഇന്ത്യയ്ക്കും ചൈനയ്ക്കും മേല്‍ അമേരിക്ക താരിഫുകള്‍ കുത്തനെ വര്‍ദ്ധിപ്പിക്കുകയും 'ട്രേഡ് വാര്‍' ശക്തമാവുകയും ചെയ്താല്‍, സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപകര്‍ കൂട്ടമായി ഒഴുകും. ഇത് സ്വര്‍ണവിലയെ ആരും പ്രതീക്ഷിക്കാത്ത അത്യുന്നതങ്ങളിലേക്ക് എത്തിച്ചേക്കാമെന്നും അദ്ദേഹം പറയുന്നു.
സെബി രജിസ്റ്റേര്‍ഡ് അനലിസ്റ്റായ അനുജ് ഗുപ്തയുടെ അഭിപ്രായത്തില്‍, അമേരിക്ക ചുമത്തുന്ന കടുത്ത താരിഫുകള്‍ ആഗോളതലത്തില്‍ അനിശ്ചിതത്വം വര്‍ദ്ധിപ്പിക്കും.
ചൈനയില്‍ നിന്നും ഇന്ത്യയില്‍ നിന്നുമുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് വില കൂടുന്നത് അമേരിക്കയില്‍ നാണയപ്പെരുപ്പത്തിന് കാരണമാകും. ഈ പണപ്പെരുപ്പ സാഹചര്യം ദീര്‍ഘകാലാടിസ്ഥാനത്തില്‍ സ്വര്‍ണത്തിനും വെള്ളിക്കും വലിയ കരുത്ത് പകരുന്ന ഘടകമാണ്.
സ്വര്‍ണവില ഉയരുമോ താഴുമോ?
ആഗോള വിപണിയില്‍ സ്വര്‍ണത്തിന് 4,300 - 4,400 ഡോളര്‍ നിലവാരത്തില്‍ ശക്തമായ സപ്പോര്‍ട്ട് ഉണ്ട്. 4,500-4,700 ഡോളര്‍ എന്നത് പ്രധാന റെസിസ്റ്റന്‍സ് ലെവലാണെന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു.
ഇന്ത്യന്‍ വിപണിയില്‍ 10 ഗ്രാം സ്വര്‍ണത്തിന് 1,20,000 രൂപ മുതല്‍ 1,30,000 രൂപ വരെയുള്ള നിലവാരം നിക്ഷേപകര്‍ക്ക് അനുകൂലമായ 'ബൈയിങ് സോണ്‍' ആണ്. എന്നാല്‍ വില 1,42,000 കടന്നാല്‍ അത് 1,50,000 രൂപ വരെ എത്താനുള്ള സാധ്യതയുണ്ടെന്നുമാണ് നിരീക്ഷണം.
പഠിക്കാം & സമ്പാദിക്കാം
Home
