image

15 Nov 2025 7:39 PM IST

Economy

രാജ്യത്തുള്ളത് അസാധാരണ സാമ്പത്തിക സാഹചര്യമെന്ന് റിപ്പോര്‍ട്ട്

MyFin Desk

രാജ്യത്തുള്ളത് അസാധാരണ സാമ്പത്തിക   സാഹചര്യമെന്ന് റിപ്പോര്‍ട്ട്
X

Summary

റിപ്പോ നിരക്ക് കുറയ്ക്കല്‍ നയപരമായ പ്രതിസന്ധിയാകും


രാജ്യത്തുള്ളത് അസാധാരണ സാമ്പത്തിക സാഹചര്യമെന്ന് വിലയിരുത്തല്‍. കുറഞ്ഞ പണപ്പെരുപ്പവും ശക്തമായ വളര്‍ച്ചയും റിസര്‍വ് ബാങ്കിന് ഇരട്ട പ്രഹരമായി മാറുമെന്ന് എസ്ബിഐ റിസര്‍ച്ച്.

സാധാരണ, പണപ്പെരുപ്പവും സാമ്പത്തിക വളര്‍ച്ചയും ഒരേ ദിശയിലാണ് നീങ്ങാറ്. അതായത്, സമ്പദ് വ്യവസ്ഥ വേഗത്തില്‍ വളരുമ്പോള്‍ വിലകളും ഉയരും. എന്നാല്‍, നിലവില്‍ ഇന്ത്യയില്‍ ശക്തമായ വളര്‍ച്ചയും വളരെ കുറഞ്ഞ പണപ്പെരുപ്പവുമാണ് കാണുന്നത്. ഇത് ഒരു അസാധാരണ സാമ്പത്തിക സാഹചര്യമാണെന്നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ പറയുന്നത്.

റിസര്‍വ് ബാങ്കിന് റിപ്പോ നിരക്ക് കുറയ്ക്കല്‍ നയപരമായ പ്രതിസന്ധിയായി മാറും. പലിശ നിരക്കുകള്‍ കുറച്ചാല്‍ അത് സമ്പദ് വ്യവസ്ഥക്ക് കൂടുതല്‍ ഉത്തേജനം നല്‍കിയേക്കാം. എന്നാല്‍ സമ്പദ് വ്യവസ്ഥ ഇതിനകം തന്നെ അതിവേഗം വളരുന്നതിനാല്‍ ഇത് 'ഓവര്‍ഹീറ്റിംഗിന്' കാരണമായേക്കാം.പകരം, നിരക്കുകള്‍ കുറയ്ക്കാതിരുന്നാല്‍, ഉപഭോക്താക്കള്‍ക്കും ബിസിനസ്സുകള്‍ക്കും കുറഞ്ഞ നിരക്കില്‍ വായ്പയെടുക്കാനുള്ള അവസരം നഷ്ടമായേക്കാമെന്നും റിപ്പോര്‍ട്ട് വിലയിരുത്തി. അതേസമയം, ചില്ലറ പണപ്പെരുപ്പം, സ്വര്‍ണം ഒഴികെയുള്ള മറ്റ് വിഭാഗങ്ങളില്‍ അടുത്ത രണ്ട് മാസത്തേക്ക് നെഗറ്റീവായി തുടരാന്‍ സാധ്യതയുണ്ടെന്നും റിസര്‍ച്ച് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

ഒക്ടോബറില്‍ മൊത്തം ഉപഭോക്തൃ വില സൂചിക പണപ്പെരുപ്പം 0.25% എന്ന ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ഭക്ഷ്യവസ്തുക്കളായ പച്ചക്കറികള്‍, പയറുവര്‍ഗ്ഗങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയുടെ വിലയിടിവാണ് ഇതിന് കാരണം.

സ്വര്‍ണവിലയിലെ കുതിച്ചുചാട്ടം കാരണം -പേഴ്സണല്‍ കെയര്‍ ആന്റ് എഫക്ട്സ്- പണപ്പെരുപ്പം 57.8% ആയി ഉയര്‍ന്നപ്പോഴും, സ്വര്‍ണം ഒഴിവാക്കിയാല്‍ മൊത്തം പണപ്പെരുപ്പം നെഗറ്റീവ് 0.57% ആണ്. കോര്‍ സി.പി.ഐ ഒക്ടോബറില്‍ 4.33% ആയി ഏതാണ്ട് സ്ഥിരത നിലനിര്‍ത്തി. എന്നാല്‍, സ്വര്‍ണം ഒഴിവാക്കിയുള്ള കോര്‍ സി.പി.ഐ 2.6% ആയി കുറഞ്ഞു. ജി.എസ്.ടി. നിരക്കുകളിലെ പരിഷ്‌കരണങ്ങളും പണപ്പെരുപ്പം കുറയ്ക്കാന്‍ സഹായിച്ചതായി എസ്.ബി.ഐ. റിസര്‍ച്ച് ചൂണ്ടിക്കാട്ടി.