image

4 Jun 2025 1:50 PM IST

Economy

കയറ്റുമതി ആവശ്യകത ശക്തം; വളര്‍ച്ച നിലനിര്‍ത്തി സേവന മേഖല

MyFin Desk

service sector maintains growth
X

Summary

  • സേവനമേഖലയിലെ പിഎംഐ മെയ്മാസത്തില്‍ 58.8 ആയി ഉയര്‍ന്നു
  • ഏഷ്യ, യൂറോപ്പ്, വടക്കേ അമേരിക്ക എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതി ഓര്‍ഡറുകളില്‍ വര്‍ദ്ധനവ്


ഇന്ത്യയിലെ സേവന മേഖല മെയ് മാസത്തില്‍ വളര്‍ച്ച നിലനിര്‍ത്തി. കയറ്റുമതി ആവശ്യകതയും റെക്കോര്‍ഡ് നിയമനങ്ങളും ഇതിന് സഹായകമായതായും ഒരു സ്വകാര്യ സര്‍വേ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

എസ് ആന്റ് പി ഗ്ലോബല്‍ സമാഹരിച്ച എച്ച്എസ്ബിസി ഇന്ത്യ സര്‍വീസസ് പര്‍ച്ചേസിംഗ് മാനേജേഴ്സ് സൂചിക (പിഎംഐ) മെയ് മാസത്തില്‍ 58.8 ല്‍ ആയിരുന്നു. ഏപ്രിലിലെ 58.7 ല്‍ നിന്ന് നേരിയ വര്‍ധനവാണ് ഇത് കാണിക്കുന്നത്.

മെയ് മാസത്തില്‍ കമ്പനികള്‍ അവരുടെ സേവനങ്ങള്‍ക്കുള്ള അന്താരാഷ്ട്ര ഡിമാന്‍ഡില്‍ റെക്കോര്‍ഡ് പുരോഗതി രേഖപ്പെടുത്തിയത് വളര്‍ച്ചയെ സഹായിച്ചു. പ്രത്യേകിച്ച് ഏഷ്യ, യൂറോപ്പ്, വടക്കേ അമേരിക്ക എന്നിവിടങ്ങളില്‍ പുതിയ കയറ്റുമതി ഓര്‍ഡറുകളില്‍ വര്‍ദ്ധനവവാണ് ഉണ്ടായത്.

പാനല്‍ അംഗങ്ങളില്‍ ഏകദേശം 16 ശതമാനം പേര്‍ ഉയര്‍ന്ന ശമ്പള സംഖ്യ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 1 ശതമാനം പേര്‍ മാത്രമാണ് ഇടിവ് സൂചിപ്പിച്ചത്. സര്‍വേയുടെ ചരിത്രത്തിലെ ഏറ്റവും ശക്തമായ തൊഴില്‍ സൃഷ്ടി നിരക്കാണ് ഇതെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇന്ത്യന്‍ സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഉള്ള ആവശ്യകതയില്‍ ഉണ്ടായ പുരോഗതി രണ്ട് മേഖലകളിലുമായി വര്‍ധിച്ച തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലേക്ക് നയിക്കുകയായിരുന്നു.

ജീവനക്കാരുടെ എണ്ണത്തിലുണ്ടായ വര്‍ധനവും ഓവര്‍ടൈം വേതനവും കമ്പനികളുടെ ചെലവ് ഭാരത്തിന് ആക്കം കൂട്ടുകയും ചെയ്തു. പാചക എണ്ണ, മെറ്റീരിയല്‍, മാംസം എന്നിവയ്ക്കുള്ള ചെലവുകള്‍ വര്‍ദ്ധിച്ചതായും ചില കമ്പനികള്‍ ചൂണ്ടിക്കാട്ടി.

അതേസമയം, എച്ച്എസ്ബിസി ഇന്ത്യ കോമ്പോസിറ്റ് പിഎംഐ ഔട്ട്പുട്ട് സൂചിക മെയ് മാസത്തില്‍ 59.3 ആയി, ഏപ്രിലിലെ 59.7 ല്‍ നിന്ന് നേരിയ കുറവ് മാത്രം. ഇത് ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയില്‍ ശക്തമായ വളര്‍ച്ചാ വേഗതയെതന്നെയാണ് സൂചിപ്പിക്കുന്നത്. ഉല്‍പ്പാദന, സേവന മേഖലകളുടെ സ്വാധീനത്താലാണ് ഇത് നയിക്കപ്പെടുന്നത്.

ഏകദേശം 400 സേവന മേഖല കമ്പനികളുടെ പാനലിന് അയച്ച ചോദ്യാവലികള്‍ക്കുള്ള മറുപടികളില്‍ നിന്ന് എസ് ആന്റ് പി ഗ്ലോബല്‍ ആണ് എച്ച്എസ്ബിസി ഇന്ത്യ സര്‍വീസസ് പിഎംഐ സമാഹരിക്കുന്നത്. ഇതില്‍ ഉപഭോക്തൃ (റീട്ടെയില്‍ ഒഴികെ), ഗതാഗതം, വിവരങ്ങള്‍, ആശയവിനിമയം, ധനകാര്യം, ഇന്‍ഷുറന്‍സ്, റിയല്‍ എസ്റ്റേറ്റ്, ബിസിനസ് സേവനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു.