image

25 Feb 2026 12:38 PM IST

Economy

126% തീരുവ ചുമത്തി അമേരിക്ക: ഞെട്ടി ഇന്ത്യ! സോളാർ ഓഹരികളിൽ കൂട്ടത്തകർച്ച; പരിഭ്രാന്തരാകണോ?

MyFin Desk

126% തീരുവ ചുമത്തി അമേരിക്ക: ഞെട്ടി ഇന്ത്യ! സോളാർ ഓഹരികളിൽ കൂട്ടത്തകർച്ച; പരിഭ്രാന്തരാകണോ?
X

അമേരിക്കയുടെ പുതിയ തീരുവയെത്തുടർന്ന് ഇന്ത്യൻ സോളാർ കമ്പനികളുടെ ഓഹരികളിൽ ഉണ്ടായ ഇടിവ്.

Summary

126% തീരുവ ചുമത്തി അമേരിക്ക; സോളാർ കമ്പനികൾ വിശദീകരണവുമായി രംഗത്ത്. വിപണിയിൽ സംഭവിച്ചതെന്ത്? നിക്ഷേപകർ അറിയേണ്ട കാര്യങ്ങൾ.


ഇന്ത്യന്‍ സോളാര്‍ കമ്പനികളെ ആശങ്കയിലാക്കി അമേരിക്കന്‍ തീരുല. വാരി എനര്‍ജീസ്, പ്രീമിയര്‍ എനര്‍ജീസ് തുടങ്ങിയ മുന്‍നിര ഓഹരികള്‍ 10 ശതമാനത്തോളം കൂപ്പുകുത്തി. അമേരിക്ക ഏര്‍പ്പെടുത്തിയ വമ്പന്‍ ഇറക്കുമതി തീരുവയാണ് ഈ തകര്‍ച്ചയ്ക്ക് കാരണം. എന്നാല്‍, ഈ തകര്‍ച്ചയുടേത് ഒരു ഭാഗം മാത്രമാണോ? കമ്പനികള്‍ നല്‍കുന്ന ഔദ്യോഗിക വിശദീകരണമെന്താണ്?

എന്താണ് അമേരിക്കയുടെ പുതിയ തീരുവ?

അമേരിക്കന്‍ കൊമേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഇന്ത്യയില്‍ നിന്നുള്ള സോളാര്‍ സെല്ലുകള്‍ക്കും പാനലുകള്‍ക്കും ഏകദേശം 126 ശതമാനം പ്രാഥമിക കൗണ്ടര്‍വെയ്ലിംഗ് ഡ്യൂട്ടി ചുമത്തിയിരിക്കുകയാണ്. ഇന്ത്യന്‍ സര്‍ക്കാര്‍ സോളാര്‍ കമ്പനികള്‍ക്ക് നല്‍കുന്ന സബ്സിഡികള്‍ അന്യായമാണെന്നും ഇത് അമേരിക്കന്‍ കമ്പനികള്‍ക്ക് വെല്ലുവിളിയാണെന്നും ചൂണ്ടിക്കാട്ടിയാണ് ഈ കടുത്ത നടപടി. ഇതിനെത്തുടര്‍ന്ന് വിപണി തുറന്നപ്പോള്‍ തന്നെ വാരി എനര്‍ജീസ് ലോവര്‍ സര്‍ക്യൂട്ടിലേക്ക് വീണു.എങ്കിലും, ഭയപ്പെട്ടതുപോലെ ഒരു വലിയ പ്രതിസന്ധി നിലവിലില്ല എന്നാണ് വാരി എനര്‍ജീസ് ചെയര്‍മാന്‍ ഹിതേഷ് ദോഷി വ്യക്തമാക്കുന്നത്. അമേരിക്കയുടെ ഈ പുതിയ തീരുവ ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന സോളാര്‍ സെല്ലുകള്‍ക്ക് മാത്രമാണ് ബാധകം. എന്നാല്‍ ഇന്ത്യയില്‍ നിന്നുള്ള സോളാര്‍ കയറ്റുമതിയുടെ ഭൂരിഭാഗവും വിദേശത്ത് നിന്ന് സെല്ലുകള്‍ ഇറക്കുമതി ചെയ്ത് ഇന്ത്യയില്‍ അസംബിള്‍ ചെയ്യുന്ന സോളാര്‍ പാനലുകള്‍ ആണ്. ഇവയെ പുതിയ നിയമം ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

യഥാര്‍ത്ഥ ആഘാതം എത്രത്തോളം?

കണക്കുകള്‍ പരിശോധിച്ചാല്‍, അമേരിക്കയുടെ മൊത്തം സോളാര്‍ ഇറക്കുമതിയില്‍ വെറും 4 ശതമാനം മാത്രമാണ് ഇന്ത്യയില്‍ നിര്‍മ്മിച്ച സെല്ലുകള്‍ ഉപയോഗിച്ചുള്ള പാനലുകള്‍. അതായത് ഏകദേശം 600 മുതല്‍ 1,000 മെഗാവാട്ട് വരെ വരുന്ന കയറ്റുമതിയെ മാത്രമേ ഈ നിയമം നേരിട്ട് ബാധിക്കൂ. വാരി എനര്‍ജീസ് നിലവില്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച സെല്ലുകള്‍ കയറ്റുമതി ചെയ്യുന്നില്ലെന്നും, ആഭ്യന്തര വിപണിയില്‍ തന്നെ ഇതിന് വലിയ ഡിമാന്‍ഡ് ഉണ്ടെന്നും കമ്പനി അറിയിച്ചു. ഇതോടെ നിക്ഷേപകരുടെ ആശങ്ക പകുതിയായി കുറഞ്ഞു.

വരാനിരിക്കുന്നത് മറ്റൊരു പ്രഹരമോ?

സോളാര്‍ മേഖലയിലെ നിക്ഷേപകര്‍ ഒരു കാര്യം കൂടി ശ്രദ്ധിക്കണം. ഇത് അമേരിക്കയുടെ ആദ്യത്തെ തീരുമാനമാണ്. ഇന്ത്യ കുറഞ്ഞ വിലയ്ക്ക് സോളാര്‍ ഉല്‍പ്പന്നങ്ങള്‍ അമേരിക്കയില്‍ വില്‍ക്കുന്നുണ്ടോ എന്ന ഡംപിംഗ് സംബന്ധിച്ച രണ്ടാമത്തെ വിധി അടുത്ത മാസം വരാനിരിക്കുകയാണ്. അതുകൊണ്ട് തന്നെ വിപണിയില്‍ ജാഗ്രത തുടരുകയാണ്. ചുരുക്കത്തില്‍, അമേരിക്കയുടെ പുതിയ നീക്കം ഇന്ത്യന്‍ സോളാര്‍ സെക്ടറിനെ താല്‍ക്കാലികമായി തളര്‍ത്തിയെങ്കിലും കമ്പനികളുടെ വിശദീകരണം പ്രതീക്ഷ നല്‍കുന്നതാണ്. ആഗോള വ്യാപാര യുദ്ധങ്ങള്‍ക്കിടയില്‍ ഇന്ത്യന്‍ കമ്പനികള്‍ എങ്ങനെ പ്രതിരോധം തീര്‍ക്കുമെന്ന് വരും ദിവസങ്ങളില്‍ നമുക്ക് കാണാം.