image

17 Nov 2025 7:43 PM IST

Economy

ഇന്ത്യയുടെ വളര്‍ച്ച അതിവേഗമെന്ന് എസ് ആന്‍ഡ് പി ഗ്ലോബല്‍

MyFin Desk

ഇന്ത്യയുടെ വളര്‍ച്ച അതിവേഗമെന്ന് എസ് ആന്‍ഡ് പി ഗ്ലോബല്‍
X

Summary

നേട്ടം ചൈനയെ പിന്തള്ളിയെന്ന് റിപ്പോര്‍ട്ട്


അതിവേഗം വളരുന്ന പ്രധാന എമര്‍ജിംഗ് മാര്‍ക്കറ്റ് എന്ന സ്ഥാനം ഇപ്പോള്‍ ഇന്ത്യയുടെ കൈവശമെന്ന് എസ് ആന്‍ഡ് പി ഗ്ലോബല്‍. നേട്ടം ചൈനയെ പിന്തള്ളിയെന്നും വിശദീകരണം.

ആഗോള സമ്പദ് വ്യവസ്ഥയില്‍ പുതിയ വെളിച്ച വീശുന്ന റിപ്പോര്‍ട്ടാണ് എസ് ആന്‍ഡ് പി ഗ്ലോബല്‍ റേറ്റിംഗ്‌സിന്റെ ചീഫ് എക്കണോമിസ്റ്റ് പോള്‍ ഗ്രുവെന്‍വാള്‍ഡ് പുറത്ത് വിട്ടത്. ആഗോള അനിശ്ചിതത്വങ്ങള്‍ ഇപ്പോഴുമുണ്ടെങ്കിലും മുന്‍പ് ഭയന്നത്ര പ്രതിസന്ധിയില്ല. ഈ മാറ്റത്തിനിടയില്‍ ഇന്ത്യയുടെ സ്ഥാനം ഏറെ ശക്തമാണ്.

യുഎസ് വിപണിയെ കുറഞ്ഞ അളവില്‍ മാത്രം ആശ്രയിക്കുന്ന, താരതമ്യേന ക്ലോസ്ഡ് എക്കണോമിയാണ് ഇന്ത്യയുടേത്. ആഗോള സാമ്പത്തിക ആഘാതങ്ങളില്‍ നിന്ന് ഇത് രാജ്യത്തെ സംരക്ഷിക്കുന്നു. അതിനാല്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ സ്ഥിരതയാര്‍ജിക്കും.

ചുരുക്കത്തില്‍ വന്‍കിട മൂലധന നിക്ഷേപം നടത്തി വളര്‍ന്ന ചൈനയുടെ മോഡല്‍ ഇന്ത്യക്ക് ആവശ്യമില്ല. വലിയ ജനസംഖ്യ, സര്‍ക്കാരിന്റെ നയപരിഷ്‌കാരങ്ങള്‍, വലിയ നിക്ഷേപ ആവശ്യകതകള്‍ എന്നിവ സുസ്ഥിര വളര്‍ച്ചയ്ക്കുള്ള അടിത്തറ നല്‍കുന്നു. വാര്‍ഷികാടിസ്ഥാനത്തില്‍ 6 മുതല്‍ 7 ശതമാനം വരെ സ്ഥിരമായ വളര്‍ച്ച ഇന്ത്യക്ക് കൈവരിക്കാനായാല്‍ മതി. ഈ സ്ഥിരത, ഇന്ത്യയെ ആഗോള സാമ്പത്തിക ശക്തിയായി ഉയര്‍ത്തും.ഈ മുന്നേറ്റം ഇന്ത്യന്‍ കമ്പനികളുടെ വരുമാനം ദീര്‍ഘകാലാടിസ്ഥാനത്തില്‍ വര്‍ദ്ധിപ്പിക്കും.

ഇന്‍ഫ്രാസ്ട്രക്ചര്‍, ബാങ്കിംഗ്, ഡിസ്‌ക്രീഷണറി കണ്‍സംപ്ഷന്‍ മേഖലകള്‍ക്ക് ഇത് ഗുണകരമാണ്.എങ്കിലും യുഎസില്‍ നിന്നുള്ള നയപരമായ അനിശ്ചിതത്വം ഇപ്പോഴും ഒരു ഭീഷണിയാണ്. ഇത് ഓഹരി വിപണിയില്‍ ഇത് ഹ്രസ്വകാല ചാഞ്ചാട്ടങ്ങള്‍ക്ക് കാരണമായേക്കാം.

ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് 'വളര്‍ച്ചയുടെ ബാറ്റണ്‍' മാറിയെന്ന വിലയിരുത്തല്‍, വിദേശ നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുകയും കൂടുതല്‍ വിദേശനിക്ഷേപം ഇന്ത്യയിലേക്ക് ആകര്‍ഷിക്കുകയും ചെയ്യാം.ആഗോള വ്യാപാരയുദ്ധങ്ങളുടെ ആഘാതം കുറവായതിനാല്‍, ആഭ്യന്തര ഉപഭോഗത്തെ ആശ്രയിക്കുന്ന സെക്ടറുകളായ എഫ്എംസിജി, ഓട്ടോമൊബൈല്‍സ് എന്നിവ സ്ഥിരതയോടെ മുന്നോട്ട് പോയേക്കാമെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്.