image

4 April 2026 11:34 AM IST

Economy

പടരുന്നത് പത്തിരട്ടി വേഗത്തില്‍, വാക്‌സിനെ മറികടക്കും; കോവിഡ് വകഭേദം 'സിക്കാഡ' തിരിച്ചെത്തി

MyFin Desk

spreading ten times faster, will surpass the vaccine, covid variant cicada is back
X

Summary

രോഗത്തിന്റെ തീവ്രതയേക്കാള്‍ സിക്കാഡ വകഭേദത്തെ അപകടകാരിയാക്കുന്നത് ഇതിന്റെ അതിവേഗത്തിലുള്ള വ്യാപനശേഷിയാണ്. മുന്‍പ് കോവിഡ് വന്നവരിലും വാക്‌സിനേഷന്‍ എടുത്തവരിലും രൂപപ്പെട്ട ആന്റിബോഡികളെ മറികടന്ന് ശരീരത്തില്‍ കടന്നുകൂടാന്‍ ഇതിന് സാധിക്കും


തുടക്കത്തില്‍ പ്രത്യക്ഷപ്പെട്ട് പിന്നീട് അപ്രത്യക്ഷമായെന്ന് കരുതിയ കോവിഡ് വകഭേദം ശക്തമായ തിരിച്ചുവരവ് നടത്തുന്നു. 'സിക്കാഡ' എന്ന് വിളിപ്പേരുള്ള വകഭേദമാണ് ഇപ്പോള്‍ അമേരിക്കയിലെ 25 സംസ്ഥാനങ്ങളില്‍ അതിവേഗം പടരുന്നത്. ഒമിക്രോണ്‍ കുടുംബത്തില്‍പ്പെട്ട ഈ വകഭേദത്തിന് 65 മുതല്‍ 70 വരെ മ്യൂട്ടേഷനുകള്‍ (ജനിതക മാറ്റങ്ങള്‍) ഉണ്ടെന്നത് ആരോഗ്യ വിദഗ്ധരെ ആശങ്കയിലാഴ്ത്തുന്നു. 2025 ജൂണില്‍ ആദ്യമായി കണ്ടെത്തിയ ഈ വൈറസ് ഇപ്പോള്‍ അമേരിക്കയ്ക്ക് പുറമെ മറ്റ് പല രാജ്യങ്ങളിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

രോഗത്തിന്റെ തീവ്രതയേക്കാള്‍ സിക്കാഡ വകഭേദത്തെ അപകടകാരിയാക്കുന്നത് ഇതിന്റെ അതിവേഗത്തിലുള്ള വ്യാപനശേഷിയാണ്. മുന്‍പ് കോവിഡ് വന്നവരിലും വാക്‌സിനേഷന്‍ എടുത്തവരിലും രൂപപ്പെട്ട ആന്റിബോഡികളെ വെട്ടിച്ച് ശരീരത്തില്‍ കടന്നുകൂടാന്‍ ഇതിന് സാധിക്കുമെന്ന് സിഡിസി റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവിലുള്ള പ്രതിരോധ സംവിധാനങ്ങളെ മറികടക്കാനുള്ള സിക്കാഡയുടെ കഴിവ് നിസ്സാരമല്ലെന്നാണ് വിദഗ്ധരുടെ പക്ഷം. ഈ വകഭേദം കുട്ടികളില്‍ അല്പം ഉയര്‍ന്ന നിരക്കില്‍ ബാധിക്കാന്‍ സാധ്യതയുണ്ടെന്ന പ്രാഥമിക വിവരങ്ങളും പുറത്തുവരുന്നുണ്ട്.

നിലവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട സാഹചര്യമോ ഗുരുതരാവസ്ഥയോ മുന്‍പത്തെ അപേക്ഷിച്ച് കുറവാണ്. സാധാരണ ഇന്‍ഫ്‌ലുവന്‍സ പോലെ നേരിയ ലക്ഷണങ്ങളാണ് ഈ വകഭേദം പ്രകടിപ്പിക്കുന്നത്. എങ്കിലും, ശ്വാസതടസ്സം, കഠിനമായ ക്ഷീണം, പനി, തൊണ്ടവേദന, രുചിയും മണവും നഷ്ടപ്പെടല്‍ തുടങ്ങിയ സാധാരണ കോവിഡ് ലക്ഷണങ്ങള്‍ കണ്ടാല്‍ ജാഗ്രത പാലിക്കണമെന്ന് സ്റ്റോണി ബ്രൂക്ക് മെഡിസിനിലെ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

വൈറസിനെ പ്രതിരോധിക്കാന്‍ അടിസ്ഥാന സുരക്ഷാ മാനദണ്ഡങ്ങളിലേക്ക് തിരിച്ചുപോകാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശിക്കുന്നു. പതിവായി കൈകള്‍ കഴുകുക, തിരക്കേറിയ സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുക, കൃത്യമായ വായുസഞ്ചാരമുള്ള മുറികള്‍ ഉറപ്പാക്കുക എന്നിവ പ്രധാനമാണ്. രോഗപ്രതിരോധ ശേഷി കുറഞ്ഞവരും പ്രായമായവരും പ്രത്യേകം ശ്രദ്ധിക്കണമെന്നും അസുഖ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനടി മറ്റുള്ളവരില്‍ നിന്ന് മാറിനില്‍ക്കണമെന്നും വിദഗ്ധര്‍ ആവശ്യപ്പെടുന്നു.

പനി, ചുമ, ശ്വാസതടസം, തൊണ്ടവേദന, മൂക്കൊലിപ്പ്, രുചി, ഗന്ധം എന്നിവ നഷ്ടപ്പെടുക, ക്ഷീണം, തലവേദന, ഛര്‍ദ്ദി തുടങ്ങിയവയെല്ലാം ഇതിന്റെ ലക്ഷണങ്ങളായി പറയുന്നു.