14 Dec 2025 4:50 PM IST
Summary
കമ്പനിയുടെ കാഷ് ബാലന്‍സ് ഇപ്പോള്‍ ഏകദേശം 17,000 കോടിയായി
ഭക്ഷ്യ, പലചരക്ക് വിതരണ കമ്പനിയായ സ്വിഗ്ഗി ക്വാളിഫൈഡ് ഇന്സ്റ്റിറ്റിയൂഷന് പ്ലേസ്മെന്റ് (ക്യുഐപി) വഴി 10,000 കോടി രൂപ സമാഹരിച്ചു. 21 മ്യൂച്വല്‍ ഫണ്ടുകള്‍, എട്ട് ആഭ്യന്തര ഇന്‍ഷുറന്‍സ് കമ്പനികള്‍, 50 ആഗോള നിക്ഷേപകര്‍ എന്നിവരുള്‍പ്പെടെ പ്രമുഖ ആഗോള, ആഭ്യന്തര സ്ഥാപന നിക്ഷേപകരുടെ പങ്കാളിത്തം ക്യുഐപിയില്‍ ഉണ്ടായതായി കമ്പനി അറിയിച്ചു. ധനസമാഹരണത്തോടെ, കമ്പനിയുടെ കാഷ് ബാലന്‍സ് ഇപ്പോള്‍ ഏകദേശം 17,000 കോടി രൂപയായി.
താല്‍പ്പര്യം പ്രകടിപ്പിച്ച 80-ലധികം നിക്ഷേപകരില്‍ 61 നിക്ഷേപകര്‍ക്ക് ഓഹരികള്‍ അനുവദിച്ചു. അതില്‍ 15-ലധികം പേര് പുതിയ ഓഹരി ഉടമകളാണെന്ന് കമ്പനി പറയുന്നു. പങ്കെടുത്ത ചില മ്യൂച്വല്‍ ഫണ്ടുകളില്‍ എസ്ബിഐ എംഎഫ്, ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ എംഎഫ്, എച്ച്ഡിഎഫ്സി എംഎഫ്, നിപ്പോണ്‍ ഇന്ത്യ എംഎഫ്, കൊട്ടക് എംഎഫ്, മിറേ എംഎഫ്, ആക്സിസ് എംഎഫ്, ബിര്‍ള എംഎഫ് എന്നിവ ഉള്‍പ്പെടുന്നു.
ആഭ്യന്തര ഇന്‍ഷുറന്‍സ് കമ്പനികളില്‍ ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ്, എച്ച്ഡിഎഫ്സി ലൈഫ് ഇന്‍ഷുറന്‍സ് എന്നിവ ഉള്‍പ്പെടുന്നു. ആഗോള നിക്ഷേപകരില്‍ ക്യാപിറ്റല്‍ ഗ്രൂപ്പ്, സിംഗപ്പൂര്‍ സര്‍ക്കാര്‍, ബ്ലാക്ക് റോക്ക്, നോമുറ അസറ്റ് മാനേജ്മെന്റ്, ടെമാസെക്, ഫിഡിലിറ്റി, ഗോള്‍ഡ്മാന്‍ സാച്ച്സ് അസറ്റ് മാനേജ്മെന്റ് എന്നിവയും ഉള്‍പ്പെടുന്നു.
സമാഹരിക്കുന്ന ഫണ്ടുകള്‍ സ്വിഗ്ഗിയുടെ ബാലന്‍സ് ഷീറ്റ് ശക്തിപ്പെടുത്തുന്നതിനും വിപുലീകരണ സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനും സാങ്കേതികവിദ്യയിലും ലോജിസ്റ്റിക്സ് അടിസ്ഥാന സൗകര്യങ്ങളിലും നിക്ഷേപിക്കുന്നതിനും ഉപയോഗിക്കും. പ്രത്യേകിച്ച് അതിന്റെ ക്വിക്ക് കൊമേഴ്സ് വിഭാഗമായ ഇന്സ്റ്റാമാര്ട്ടിനായും ഇത് സഹായകരമാകും.
ഈ നീക്കം ഇന്ത്യന്‍ ഭക്ഷ്യ വിതരണ, പലചരക്ക് വിപണിയിലെ സ്വിഗ്ഗിയുടെ വിപണി നേതൃത്വവും മത്സരശേഷിയും വര്‍ദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
അര്‍ബന്‍ മൊബിലിറ്റി സ്റ്റാര്‍ട്ടപ്പ് റാപ്പിഡോയിലെ ഓഹരി വില്‍പ്പനയോടെ സ്വിഗ്ഗിയുടെ കാഷ് ബാലന്‍സ് കൂടുതല്‍ വര്‍ദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് അവരുടെ ഖജനാവിലേക്ക് മറ്റൊരു 2,400 കോടി കൂടി ചേര്‍ക്കും.
പഠിക്കാം & സമ്പാദിക്കാം
Home
