21 Jan 2026 4:51 PM IST
Summary
ഇന്ത്യ നേടാന്‍ പോകുന്നത് ലോകത്തിലെ ഏറ്റവും വലിയ വ്യാപാര മേഖലയും സാമ്പത്തിക സുരക്ഷയും. ഒരു കാര്യം ഉറപ്പായി, ഇനി തടസങ്ങളൊന്നുമില്ല. കേരളത്തിലെ സുഗന്ധവ്യഞ്ജന വ്യാപാരത്തിനും സമുദ്രോല്‍പ്പന്ന കയറ്റുമതിക്കും ഇത് പുതിയ ചക്രവാളങ്ങള്‍ തുറക്കും
ലോകം കണ്ട ഏറ്റവും വലിയ സാമ്പത്തിക വിപ്ലവത്തിന് ആതിഥ്യമരുളാന്‍ ഇന്ത്യ. ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ വ്യാപാര കരാര്‍ ഉടനെന്ന് റിപ്പോര്‍ട്ട്.അമേരിക്കയുടെ വ്യാപാര ഭീഷണികള്‍ക്കിടയില്‍, ഇന്ത്യയും യൂറോപ്യന്‍ യൂണിയനും കൈകോര്‍ക്കുമ്പോള്‍ പിറക്കുന്നത് 200 കോടി ഉപഭോക്താക്കളുടെ മഹാ വിപണിയാണ്. കാത്തിരുന്ന 'മദര്‍ ഓഫ് ഓള്‍ ഡീല്‍സ്' ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ യാഥാര്‍ത്ഥ്യമാകും.
ബുധനാഴ്ച ഡല്‍ഹിയിലെത്തിയ സ്പെയിന്‍ വിദേശകാര്യ മന്ത്രി ജോസ് മാനുവല്‍ ആല്‍ബാരസാണ് ഈ ശുഭവാര്‍ത്ത പുറത്തുവിട്ടത്. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായും രാഷ്ട്രപതി ദ്രൗപതി മുര്‍മുവുമായും അദ്ദേഹം നടത്തിയ ചര്‍ച്ചകള്‍ക്ക് പിന്നാലെ ഒരുകാര്യം ഉറപ്പിച്ചു കഴിഞ്ഞു. തടസ്സങ്ങളൊന്നുമില്ല, എല്ലാം കൃത്യമായ പ്ലാനിംഗോടെ മുന്നോട്ട് പോകുന്നു!
ലോകത്തിലെ ഏറ്റവും വലിയ വ്യാപാര മേഖലയും സാമ്പത്തിക സുരക്ഷയുമാണ് കരാറിലൂടെ ഇന്ത്യ നേടുക. കഴിഞ്ഞ തിങ്കളാഴ്ച ഒപ്പുവെച്ച യൂറോപ്യന്‍ യൂണിയന്‍-മെര്‍കോസൂര്‍ കരാറിനെപ്പോലും ഇത് മറികടക്കും.ആഗോളതലത്തില്‍ സാമ്പത്തിക സമ്മര്‍ദ്ദങ്ങള്‍ ഏറുന്ന കാലത്ത്, ഇന്ത്യയുടെയും യൂറോപ്പിന്റെയും സാമ്പത്തിക അടിത്തറ ഭദ്രമാക്കാന്‍ ഈ കരാര്‍ സഹായിക്കും.
യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയന്‍ അടുത്ത ആഴ്ച ആദ്യം ഇന്ത്യയിലെത്തും. ഇന്ത്യയുടെ റിപ്പബ്ലിക് ദിന ആഘോഷങ്ങളില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്ന അവര്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം ചേര്‍ന്ന് ഈ ചരിത്ര ഉടമ്പടിക്ക് അന്തിമ രൂപം നല്‍കും. ഇന്ത്യയിലെ ടെക്സ്റ്റൈല്‍, ഐടി, ഫാര്‍മസ്യൂട്ടിക്കല്‍ മേഖലകള്‍ക്ക് യൂറോപ്പിലെ 27 രാജ്യങ്ങളിലേക്ക് വലിയ നികുതിയിളവോടെ പ്രവേശനം ലഭിക്കും. കേരളത്തിലെ സുഗന്ധവ്യഞ്ജന വ്യാപാരത്തിനും സമുദ്രോല്‍പ്പന്ന കയറ്റുമതിക്കും ഇത് പുതിയ ചക്രവാളങ്ങള്‍ തുറക്കും.
പഠിക്കാം & സമ്പാദിക്കാം
Home
