27 Nov 2025 4:17 PM IST
Summary
സേവന മേഖലയുടെ കരുത്തും ശക്തമായ ആഭ്യന്തര ഡിമാന്‍ഡും കുറഞ്ഞ പണപ്പെരുപ്പവും സമ്പദ് വ്യവസ്ഥയെ നയിക്കുന്നു
രാജ്യത്തെ സമ്പദ് വ്യവ്സഥയുടെ നെടും തൂണായി സേവന മേഖല. ചരക്ക് വ്യാപാരത്തിൽ തിരിച്ചടികളുണ്ടെങ്കിലും, സേവന മേഖലയുടെ കരുത്തും ശക്തമായ ആഭ്യന്തര ഡിമാന്‍ഡും കുറഞ്ഞ പണപ്പെരുപ്പവും ചേര്‍ന്ന് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ സുസ്ഥിരമായ വളര്‍ച്ചയിലേക്ക് നയിക്കുന്നുവെന്ന് റിപ്പോര്‍ട്ട്.
ആഗോളതലത്തില്‍ വ്യാപാര മേഖല കടുത്ത പ്രതിസന്ധി നേരിടുമ്പോഴാണിതെന്നും ധനമന്ത്രാലയം ചൂണ്ടികാട്ടി. ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെ സേവന കയറ്റുമതി 9.7% വളര്‍ച്ച നേടിയെന്നും ധനമന്ത്രാലയം. ചരക്ക് വ്യാപാരത്തിലെ ചാഞ്ചാട്ടങ്ങള്‍ക്കിടയിലും, സേവന കയറ്റുമതി റെക്കോര്‍ഡ് മുന്നേറ്റമാണ് നേടുന്നത്.
ചരക്ക് കയറ്റുമതി വെറും 0.6% മാത്രം വളര്‍ന്നപ്പോഴാണിത്. ഒക്ടോബറില്‍ മാത്രം 38.5 ബില്യണ്‍ ഡോളറിന്റെ എക്കാലത്തെയും ഉയര്‍ന്ന സേവന കയറ്റുമതിയാണ് ഇന്ത്യ രേഖപ്പെടുത്തിയത്. ഈ നേട്ടം, ചരക്ക് വ്യാപാരകമ്മിയിലെ വിടവ് നികത്തി സമ്പദ്വ്യവസ്ഥയ്ക്ക് രക്ഷാകവചം ഒരുക്കിയെന്നും മന്ത്രാലയ രേഖകളില്‍ വ്യക്തമാക്കുന്നു.
ഇറക്കുമതിയിലും മാറ്റങ്ങള്‍ പ്രകടമാണ്. മൊത്തം ഇറക്കുമതി 5.7% വര്‍ധിച്ചത് രാജ്യത്ത് ശക്തമായ ആഭ്യന്തര ഡിമാന്‍ഡ് നിലനില്‍ക്കുന്നതിന്റെ സൂചന നല്‍കുന്നു. എണ്ണവില കുറഞ്ഞതിനാല്‍ പെട്രോളിയം ഇറക്കുമതി കുറഞ്ഞപ്പോള്‍, വ്യവസായിക ആവശ്യങ്ങള്‍ക്കുള്ള പെട്രോളിയം ഇതര ഇറക്കുമതി കൂടുകയും ചെയ്തു.ഗ്രാമീണ, നഗര ഉപഭോഗത്തിലെ കുതിപ്പും, സര്‍ക്കാര്‍ ചെലവുകളും, കുറഞ്ഞ പണപ്പെരുപ്പവുമാണ് ഇന്ത്യയുടെ വളര്‍ച്ചാ പ്രതീക്ഷകള്‍ക്ക് ഊര്‍ജ്ജം നല്‍കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.
റോയിട്ടേഴ്‌സ് പോള്‍ പ്രകാരം, ശക്തമായ ഗ്രാമീണ ഡിമാന്‍ഡിന്റെ പിന്‍ബലത്തില്‍ ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ 7.3% വളര്‍ച്ചയാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. എങ്കിലും, വെല്ലുവിളികള്‍ അവസാനിച്ചിട്ടില്ല. റഷ്യന്‍ എണ്ണ വാങ്ങുന്നതിനെ ചൊല്ലി ഓഗസ്റ്റില്‍ അമേരിക്ക ചില ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കുള്ള താരിഫ് 50% ആയി ഉയര്‍ത്തി. ഈ വെല്ലുവിളികളെ നേരിടാന്‍ സര്‍ക്കാര്‍ കയറ്റുമതിക്കാര്‍ക്കായി 25,060 കോടിയുടെ സഹായ പാക്കേജ് പ്രഖ്യാപിച്ചു.ആഭ്യന്തര ഡിമാന്‍ഡ് കൂട്ടാന്‍ ജിഎസ്ടി നികുതി കുറച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
പഠിക്കാം & സമ്പാദിക്കാം
Home
