5 Jan 2026 9:50 PM IST
Summary
അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായിട്ടാണ് ഞായറാഴ്ച ബജറ്റ് അവതരണത്തിനായി പാര്‍ലമെന്റ് സമ്മേളിക്കുന്നത്. ഇത്തവണത്തെ ബജറ്റില്‍ ഏറ്റവും വലിയ ഹൈലൈറ്റ് ആകാന്‍ പോകുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളും നടക്കുന്നു.
2026-27 സാമ്പത്തിക വര്‍ഷത്തെ കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് തന്നെ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. ഞായറാഴ്ച ഓഹരി വിപണിയും പ്രവര്‍ത്തിക്കുമെന്ന് സൂചന. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായിട്ടാണ് ഞായറാഴ്ച ബജറ്റ് അവതരണത്തിനായി പാര്‍ലമെന്റ് സമ്മേളിക്കുന്നത്. ഇതിനുമുമ്പ് 2020-ലും 2012-ലും മാത്രമാണ് സമാനമായ രീതിയില്‍ ഞായറാഴ്ച സഭ ചേര്‍ന്നത്.
ഇത്തവണത്തെ ബജറ്റില്‍ ഏറ്റവും വലിയ ഹൈലൈറ്റ് ആകാന്‍ പോകുന്നത് 'കസ്റ്റംസ് ഡ്യൂട്ടി' പരിഷ്‌കാരങ്ങളാണ്. ഇന്ത്യയെ ഒരു ആഗോള മാനുഫാക്ചറിംഗ് ഹബ്ബാക്കി മാറ്റാന്‍ ലക്ഷ്യമിട്ടുള്ള ബൃഹത്തായ അഴിച്ചുപണിയാണ് ധനമന്ത്രിയുടെ അജണ്ടയിലുള്ളത്.നിലവിലെ സങ്കീര്‍ണ്ണമായ കസ്റ്റംസ് നിയമങ്ങളെല്ലാം വെട്ടിമാറ്റി ഒരൊറ്റ സമഗ്ര നോട്ടിഫിക്കേഷന്‍ കൊണ്ടുവരാനാണ് നീക്കം. ഇത് ബിസിനസ്സ് ചെയ്യുന്നത് എളുപ്പമാക്കുക മാത്രമല്ല, ഇറക്കുമതിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും നിയമയുദ്ധങ്ങളും കുറയ്ക്കുകയും ചെയ്യും.
വ്യവസായ മേഖലയുടെ നട്ടെല്ലൊടിക്കുന്ന ഡ്യൂട്ടി ഇന്‍വേര്‍ഷന്‍ പ്രശ്നത്തിന് ഇത്തവണ പരിഹാരമുണ്ടാകും. അതായത്, അസംസ്‌കൃത വസ്തുക്കള്‍ക്ക് ഉയര്‍ന്ന നികുതിയും ഉല്‍പ്പന്നങ്ങള്‍ക്ക് കുറഞ്ഞ നികുതിയും എന്ന വിരോധാഭാസം ഒഴിവാക്കപ്പെടും. ഇത് ക്ലീന്‍ എനര്‍ജി, മാനുഫാക്ചറിംഗ് മേഖലകളില്‍ കുതിച്ചുചാട്ടമുണ്ടാക്കും.
അതേസമയം, അവധിയാണെങ്കിലും ബജറ്റ് പ്രഖ്യാപനങ്ങളോട് തത്സമയം പ്രതികരിക്കാന്‍ ഓഹരി വിപണിയും അന്ന് തുറന്നുപ്രവര്‍ത്തിക്കും എന്നാണ് സൂചന. നിക്ഷേപകരെ സംബന്ധിച്ചിടത്തോളം വലിയ അവസരങ്ങളും ഒപ്പം വമ്പന്‍ ഏറ്റക്കുറച്ചിലുകളും നിറഞ്ഞ ഒരു ദിവസമായിരിക്കും ഫെബ്രുവരി ഒന്ന്.
പഠിക്കാം & സമ്പാദിക്കാം
Home
