image

18 Nov 2025 3:41 PM IST

Economy

വിപണിയെ നയിക്കാന്‍ മൂന്ന് സെക്ടറുകള്‍; ഈ വിഭാഗത്തെ ശ്രദ്ധിക്കാം

MyFin Desk

വിപണിയെ നയിക്കാന്‍ മൂന്ന് സെക്ടറുകള്‍;   ഈ വിഭാഗത്തെ ശ്രദ്ധിക്കാം
X

Summary

വരും മാസങ്ങളില്‍ ഓഹരി വിപണിയില്‍ മുന്നേറ്റ സാധ്യതയെന്ന് വിദഗ്ധര്‍


വരും മാസങ്ങളില്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ മുന്നേറ്റത്തിന് സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ജെപി മോര്‍ഗന്റെ പ്രമുഖ സാമ്പത്തിക വിദഗ്ധന്‍ സഞ്ജയ് മൂഗിം തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് മൂന്ന് സെക്ടറുകളാണ് മുന്‍നിരയില്‍ വന്നിരിക്കുന്നത.് ഓട്ടോ , കണ്‍സ്യൂമര്‍ ഡിസ്‌ക്രീഷണറി (Consumer Discretionary), റിയല്‍ എസ്റ്റേറ്റ് എന്നിവയാണത്.

2026ന്റെ തുടക്കത്തിലും വിപണിയെ നയിക്കാന്‍ പോവുന്നത് ഒരു പക്ഷേ ഈ സെക്ടറുകള്‍ തന്നെയായിരിക്കും. ഈ സെക്ടറുകളുടെ മുന്നേറ്റത്തിന് കാരണമായി രണ്ട് ഘടകങ്ങളാണ് സഞ്ജയ് ചൂണ്ടികാണിക്കുന്നത്.

ജിഎസ്ടി വെട്ടികുറയ്ക്കല്‍- നികുതി കുറയുന്നതിലൂടെയോ കമ്പനികളുടെ ഡിസ്‌കൗണ്ടുകളിലൂടെയോ സാധനങ്ങളുടെ വില കുറയുന്നതും, വിപണിയിലെ ഡിമാന്‍ഡ് കൂടുന്നതും ഈ മേഖലകള്‍ക്ക് കരുത്താവും.

പലിശ നിരക്ക്- റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വീണ്ടും പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യത നിലനില്‍ക്കുന്നു. ഇഎംഐ കുറയുന്നത് കരുത്താവും.

മൊത്ത പണപ്പെരുപ്പവും ചില്ലറ പണപ്പെരുപ്പവും താഴേക്കിറങ്ങിയതോടെ റിപ്പോ നിരക്ക് കുറയുമെന്നാണ് സാമ്പത്തിക ലോകം വിലയിരുത്തുന്നത്. ഫെബ്രുവരിക്കകം 50 ബേസിസ് പോയിന്റിന്റെ കുറവുണ്ടാകുമെന്ന പ്രവചനവും വന്ന് കഴിഞ്ഞു.

പലിശ നിരക്ക് കുറഞ്ഞാല്‍ സ്വാഭാവികമായും വായ്പ ഇഎംഐ കുറയും. ഓട്ടോ സെക്ടറില്‍ എന്‍ട്രി ലെവല്‍ കാറുകള്‍ വാങ്ങാന്‍ ആളുകള്‍ കൂടുതലും വായ്പകളെ ആശ്രയിക്കുന്നവരാണ്. പലിശ നിരക്ക് കുറയ്ക്കുകയോ നികുതിയില്‍ ഇളവ് വരുത്തുകയോ ചെയ്താല്‍, പ്രതിമാസ തിരിച്ചടവ് കുറയും. ഇതോടെ കൂടുതല്‍ ആളുകള്‍ക്ക് പുതിയ വാഹനം വാങ്ങാന്‍ സാധിക്കും.

വിലക്കുറവിന്റെ ഈ അനുകൂല സാഹചര്യം ഓട്ടോ കമ്പനികളും ഉപയോഗപ്പെടുത്തും. കൂടുതല്‍ ഡിസ്‌കൗണ്ടുകളും ഓഫറുകളും നല്‍കി വില്‍പ്പന വര്‍ധിപ്പിക്കാന്‍ ശ്രമിക്കും. ഇത് വില്‍പ്പനക്കണക്കുകളില്‍ വലിയ വര്‍ദ്ധനവുണ്ടാക്കും. വാഹന നവീകരണം ലക്ഷ്യമിട്ടുള്ള വാങ്ങലുകള്‍ ഈ കാലയളവില്‍ ഗണ്യമായി വര്‍ധിക്കുമെന്നാണ് സഞ്ജയുടെ നിഗമനം.

കണ്‍സ്യൂമര്‍ ഡിസ്‌ക്രീഷണറി: ഉപഭോക്തൃ ആത്മവിശ്വാസം ഉയരുന്നു

ഇലക്ട്രോണിക്സ്, ഫാഷന്‍, പ്രീമിയം ഉല്‍പ്പന്നങ്ങള്‍ തുടങ്ങി അധിക പണമുണ്ടെങ്കില്‍ മാത്രം ആളുകള്‍ വാങ്ങുന്ന വസ്തുക്കള്‍ ഉള്‍പ്പെടുന്നതാണ് കണ്‍സ്യൂമര്‍ ഡിസ്‌ക്രീഷണറി മേഖല. റിസര്‍വ് ബാങ്കിന്റെ സര്‍വേ പ്രകാരം, നഗരപ്രദേശങ്ങളിലെ ഉപഭോക്താക്കള്‍ക്കിടയില്‍ പണം ചെലവഴിക്കാനുള്ള പ്രവണത കൂടി വരുന്നുണ്ട്.

ജി.എസ്.ടി. വെട്ടിക്കുറയ്ക്കുന്നതിന് മുമ്പുതന്നെ ഈ മേഖലയിലെ ഡിമാന്‍ഡ് മെച്ചപ്പെട്ടു തുടങ്ങിയിരുന്നു. ജിഎസ്ടി കുറയ്ക്കല്‍ കൂടി വരുമ്പോള്‍ അവര്‍ വാങ്ങാന്‍ ആഗ്രഹിച്ച സാധനങ്ങള്‍ കൂടുതല്‍ ലാഭത്തില്‍ ലഭിക്കുന്ന അവസ്ഥയാണ് ഉണ്ടാവുക. ഇത് മേഖലയുടെ മുന്നേറ്റത്തിന് കൂടുതല്‍ കരുത്തേകുമെന്നാണ് സഞ്ജയ് വ്യക്തമാക്കുന്നത്.

റിയല്‍ എസ്റ്റേറ്റ്: കടം കുറഞ്ഞാല്‍ കച്ചവടം കൂടും

റിയല്‍ എസ്റ്റേറ്റ് മേഖല ആരോഗ്യകരമായ വളര്‍ച്ചാ ചക്രത്തിലേക്ക് മാറിയതിന്റെ ലക്ഷണങ്ങള്‍ ഇതിനകം പ്രകടമാണ്.

നിര്‍മ്മിക്കുക-വില്‍ക്കുക- പണം നേടുക -അടുത്തതിലേക്ക് മാറുക (build - sell - collect money - move on) എന്ന സ്ഥിരതയുള്ള ഒരു പ്രവര്‍ത്തന രീതിയാണ് ഇപ്പോള്‍ മേഖലയിലുള്ളത്.ആര്‍.ബി.ഐ. പലിശ നിരക്ക് കുറച്ചാല്‍, ഹോം ലോണുകള്‍ കൂടുതല്‍ കുറഞ്ഞ പലിശയില്‍ ലഭ്യമാകും. ഇത് വീടുകള്‍ വാങ്ങാനുള്ള ഡിമാന്‍ഡ് കുത്തനെ വര്‍ധിപ്പിക്കുകയും മേഖലയുടെ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുകയും ചെയ്യുമെന്നാണ് അദ്ദേഹം പറയുന്നത്.

ആഗോള അനിശ്ചിതത്വവും വിദേശ നിക്ഷേപവും

നിലവിലുള്ള ആഗോള പ്രതിസന്ധികള്‍ (യുദ്ധം രാഷ്ട്രീയ പിരിമുറുക്കങ്ങള്‍, നയപരമായ അനിശ്ചിതത്വങ്ങള്‍) കാരണം വിപണിയുടെ ആശങ്ക ഉയര്‍ന്നു നില്‍ക്കുന്നുണ്ട്. എന്നാല്‍ ഇവ വലിയ വെല്ലുവിളിയാവാനുള്ള സാധ്യത കുറവാണെന്നാണ് മോര്‍ഗന്‍ സ്റ്റാന്‍ലി അടക്കമുള്ള ആഗോള ബ്രോക്കറേജുകളുടെ വിലയിരുത്തല്‍. കൂടാതെ ഇന്ത്യന്‍ സ്ഥാപനങ്ങളുടെ ഓഹരി പങ്കാളിത്തം വര്‍ധിച്ചിട്ടുണ്ടെങ്കിലും, വന്‍കിട കമ്പനികളില്‍ ഇപ്പോഴും വിദേശ നിക്ഷേപകര്‍ക്ക് വലിയ സ്വാധീനമുണ്ട്.

ചുരുക്കത്തില്‍, വില കുറയ്ക്കാനുള്ള സാധ്യതകള്‍, വര്‍ധിച്ചു വരുന്ന ഉപഭോക്തൃ ഡിമാന്‍ഡ്, ആര്‍ബിഐയുടെ പലിശ നിരക്ക് കുറയ്ക്കല്‍ സാധ്യതകള്‍ എന്നിവയുടെയെല്ലാം അനുകൂലമായ സംയോജനം ഈ മൂന്ന് സെക്ടറുകളുടെയും അടുത്ത പാദങ്ങളിലെ പ്രകടനം സൂപ്പര്‍ ചാര്‍ജ് ചെയ്യുമെന്നാണ് സഞ്ജയ് മൂഗിമിന്റെ കാഴ്ചപ്പാട്.