image

18 March 2026 7:16 PM IST

Economy

യുഎസ് കനിഞ്ഞു, പക്ഷേ പശ്ചിമേഷ്യ ചതിച്ചു; വിലക്കയറ്റത്തിന്റെ നൂല്‍പ്പാലത്തില്‍ തിരുപ്പൂര്‍

MyFin Desk

us was kind, but west asia was cheated, tiruppur on the rope bridge of price hike
X

Summary

ടെക്‌സ്റ്റൈല്‍ പ്രോസസ്സിംഗ് യൂണിറ്റുകള്‍ ഉപയോഗിക്കുന്ന കല്‍ക്കരിക്ക് 30 മുതല്‍ 35 ശതമാനം വരെ വില കൂടി. ഇതിന് പുറമെ വ്യാവസായിക വാതക വിതരണം തടസ്സപ്പെട്ടതും വിറകിന്റെ വില വര്‍ദ്ധിച്ചതും തിരിച്ചടിയായി. പോളിസ്റ്റര്‍ നാരുകളുടെയും രാസവസ്തുക്കളുടെയും വിലയും ഉയര്‍ന്നു


അമേരിക്ക ഉയര്‍ന്ന താരിഫ് നിരക്കുകള്‍ പിന്‍വലിച്ചതിന്റെ ആശ്വാസത്തിലായിരുന്ന തമിഴ്നാട്ടിലെ വസ്ത്രവ്യവസായത്തിന് പശ്ചിമേഷ്യന്‍ പ്രതിസന്ധി ഇരുട്ടടിയാകുന്നു. യുദ്ധസമാനമായ സാഹചര്യങ്ങള്‍ അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത വസ്തുക്കളുടെ വില കുത്തനെ ഉയര്‍ത്തിയത് ഇന്ത്യയിലെ ഏറ്റവും വലിയ ടെക്സ്‌റ്റൈല്‍ ഹബ്ബായ തിരുപ്പൂരിനെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. കയറ്റുമതിക്കാരും പ്രോസസ്സിംഗ് യൂണിറ്റുകളും ഒരുപോലെ പതറുന്ന അവസ്ഥയാണിപ്പോള്‍.

തിരുപ്പൂരിലെ വിതരണ ശൃംഖലയെ അടിമുടി പിടിച്ചുലച്ചുകൊണ്ടാണ് പോളിസ്റ്റര്‍ നാരുകളുടെയും രാസവസ്തുക്കളുടെയും വില വര്‍ദ്ധിക്കുന്നത്. പോളിസ്റ്റര്‍ വിലയില്‍ കിലോഗ്രാമിന് 14 രൂപയോളം (ഏകദേശം 20%) വര്‍ദ്ധനയാണ് കഴിഞ്ഞ ദിവസങ്ങളില്‍ രേഖപ്പെടുത്തിയത്. വസ്ത്ര നിര്‍മ്മാണത്തിന് ഒഴിച്ചുകൂടാനാവാത്ത ഹൈഡ്രജന്‍ പെറോക്‌സൈഡ്, കാസ്റ്റിക് ലൈ, സോഡാ ആഷ് തുടങ്ങിയ രാസവസ്തുക്കളുടെ വിലയും അസാധാരണമാംവിധം ഉയര്‍ന്നു. ഇത് വ്യവസായത്തിന്റെ ആഗോള മത്സരശേഷിയെ സാരമായി ബാധിക്കുമെന്ന് വ്യവസായ പ്രമുഖര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഊര്‍ജ്ജ പ്രതിസന്ധിയാണ് മറ്റൊരു പ്രധാന വില്ലന്‍. ടെക്സ്‌റ്റൈല്‍ പ്രോസസ്സിംഗ് യൂണിറ്റുകള്‍ ഉപയോഗിക്കുന്ന കല്‍ക്കരിക്ക് 30 മുതല്‍ 35 ശതമാനം വരെ വില കൂടി. ഇതിന് പുറമെ വ്യാവസായിക വാതക വിതരണം തടസ്സപ്പെട്ടതും വിറകിന്റെ വില വര്‍ദ്ധിച്ചതും തിരിച്ചടിയായി. മൊത്തത്തില്‍ വസ്ത്ര നിര്‍മ്മാണ ചെലവില്‍ 5 ശതമാനത്തിന്റെ വര്‍ദ്ധനവ് ഇതിനോടകം തന്നെ ഉണ്ടായിട്ടുണ്ട്. ഇതോടെ ഡൈയിംഗ് യൂണിറ്റുകള്‍ തങ്ങളുടെ സര്‍വീസ് ചാര്‍ജുകള്‍ കിലോയ്ക്ക് 10 രൂപ മുതല്‍ 20 രൂപ വരെ വര്‍ദ്ധിപ്പിക്കാന്‍ നിര്‍ബന്ധിതരായി.

ഓപ്പണ്‍ എന്‍ഡ് സ്പിന്നിംഗ് മില്ലുകളെയാണ് പോളിസ്റ്റര്‍ വിലയിലെ കുതിച്ചുചാട്ടം ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത്. പശ്ചിമേഷ്യന്‍ പ്രതിസന്ധി രൂക്ഷമായതോടെ, സാധാരണയായി മാസത്തില്‍ രണ്ടുതവണ മാത്രം വില പുതുക്കാറുള്ള പോളിസ്റ്റര്‍ കമ്പനികള്‍ ഇപ്പോള്‍ ഓരോ രണ്ട് ദിവസം കൂടുമ്പോഴും വില വര്‍ദ്ധിപ്പിക്കുകയാണ്. മാര്‍ച്ചില്‍ മാത്രം നാലിരട്ടി വര്‍ദ്ധനവാണ് ഉണ്ടായതെന്ന് ഓപ്പണ്‍ എന്‍ഡ് സ്പിന്നിംഗ് മില്‍സ് അസോസിയേഷന്‍ വ്യക്തമാക്കുന്നു.

നിര്‍മ്മാണ ചെലവ് കുത്തനെ ഉയര്‍ന്നുവെങ്കിലും അന്താരാഷ്ട്ര ഉപഭോക്താക്കളില്‍ നിന്ന് ഈ തുക ഈടാക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് കയറ്റുമതിക്കാര്‍. ആഗോള പ്രതിസന്ധി പരിഗണിച്ച് വിദേശ ബയര്‍മാര്‍ നേരിയ വര്‍ദ്ധനവിന് തയ്യാറായേക്കാമെങ്കിലും, തിരുപ്പൂരിലെ വ്യവസായികള്‍ നേരിടുന്ന മുഴുവന്‍ ബാധ്യതയും ഏറ്റെടുക്കാന്‍ അവര്‍ തയ്യാറാവില്ല. അനിശ്ചിതത്വം നിറഞ്ഞ ഈ സാഹചര്യത്തില്‍ വസ്ത്രവ്യാപാര മേഖല എങ്ങനെ മുന്നോട്ട് പോകുമെന്ന ആശങ്കയിലാണ് പതിനായിരക്കണക്കിന് തൊഴിലാളികളും സംരംഭകരും.