6 Jan 2026 4:05 PM IST
Summary
റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി കുറയ്ക്കുമെന്ന് ഇന്ത്യ പറഞ്ഞതായി വെളിപ്പെടുത്തല്‍
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കടുത്ത സാമ്പത്തിക നയങ്ങള്‍ ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കുന്നുവെന്ന് സൂചന. റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി കുറയ്ക്കുമെന്ന് ഇന്ത്യ പറഞ്ഞതായി വെളിപ്പെടുത്തല്‍. യുഎസ് സെനറ്റര്‍ ലിന്‍ഡ്‌സെ ഗ്രഹാം നടത്തിയ വെളിപ്പെടുത്തലാണ് സാമ്പത്തിക ലോകത്തെ ഞെട്ടിച്ചത്.
റഷ്യന്‍ എണ്ണ ഇറക്കുമതി ഇന്ത്യ കുറയ്ക്കുമെന്ന് യുഎസ്
ഇന്ത്യയുടെ അമേരിക്കന്‍ സ്ഥാനപതി വിനയ് മോഹന്‍ ക്വാത്ര തന്നെ കണ്ടിരുന്നു. റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ കുറയ്ക്കുകയാണെന്നും പകരം ഇന്ത്യക്ക് മേല്‍ ചുമത്തിയ കനത്ത നികുതികളില്‍ ഇളവ് നല്‍കണ. ഇക്കാര്യം ട്രംപിനോട് അഭ്യര്‍ത്ഥിക്കാന്‍ ആവശ്യപ്പെട്ടെന്നുമാണ് ഗ്രഹാം അവകാശപ്പെട്ടത്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി മോദി തന്നെ സന്തോഷിപ്പിക്കുന്നത് പ്രധാനമാണെന്ന് ട്രംപ് പറഞ്ഞിരുന്നു. പിന്നാലെയാണ് പുതിയ വെളിപ്പെടുത്തല്‍ വന്നത്.
റഷ്യന്‍ എണ്ണ; നിഷേധിച്ച് റിലയന്‍സ്
അതേസമയം, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി റിലയന്‍സിന്റെ ജാംനഗര്‍ റിഫൈനറിയിലേക്ക് റഷ്യന്‍ എണ്ണയുമായി മൂന്ന് കപ്പലുകള്‍ വരുന്നുണ്ടെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ റിലയന്‍സ് ഇത് പൂര്‍ണ്ണമായും നിഷേധിച്ചു.കഴിഞ്ഞ മൂന്ന് ആഴ്ചയായി തങ്ങള്‍ റഷ്യന്‍ എണ്ണ വാങ്ങിയിട്ടില്ലെന്നും ജനുവരി മാസത്തില്‍ റഷ്യയില്‍ നിന്ന് എണ്ണ എത്തിക്കാന്‍ പദ്ധതിയില്ലെന്നും റിലയന്‍സ് വ്യക്തമാക്കി.
വെനസ്വേല പ്രതിസന്ധി ഇന്ത്യക്ക് ഗുണമാകും
ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് തെറ്റാണെന്നും അത്തരം വാര്‍ത്തകള്‍ തങ്ങളെ വേദനിപ്പിക്കുന്നുവെന്നും കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. അമേരിക്ക വെനിസ്വേലയുടെ നിയന്ത്രണം ഏറ്റെടുത്തത് ഇന്ത്യന്‍ കമ്പനികള്‍ക്ക് വലിയ നേട്ടമാകുമെന്ന് ആഗോള നിക്ഷേപ ബാങ്കായ ജെഫറീസ് നിരീക്ഷിക്കുന്നു.
വെനിസ്വേലയിലെ ഹെവി ക്രൂഡ് സംസ്‌കരിക്കാന്‍ ലോകത്ത് ഏറ്റവും മികച്ച രീതിയില്‍ സജ്ജമായ ഒന്നാണ് ജാംനഗര്‍ റിഫൈനറി. മുന്‍പ് തങ്ങളുടെ എണ്ണ ആവശ്യത്തിന്റെ 20% വെനിസ്വേലയില്‍ നിന്നാണ് റിലയന്‍സ് വാങ്ങിയിരുന്നത്.
ഉപരോധങ്ങള്‍ നീങ്ങിയാല്‍ ബ്രെന്റ് ക്രൂഡിനേക്കാള്‍ 5 മുതല്‍ 8 ഡോളര്‍ വരെ കുറഞ്ഞ വിലയ്ക്ക് എണ്ണ വാങ്ങാന്‍ റിലയന്‍സിന് സാധിക്കും. ഇത് കമ്പനിയുടെ ലാഭം വര്‍ദ്ധിപ്പിക്കും.വെനിസ്വേലന്‍ പ്രോജക്റ്റുകളില്‍ നിന്ന് ലഭിക്കാനുള്ള ഏകദേശം 500 മില്യണ്‍ ഡോളര്‍ ഡിവിഡന്റ് കുടിശ്ശിക ഒഎന്‍ജിസിക്ക് തിരികെ ലഭിക്കാന്‍ ഈ നീക്കം സഹായിക്കും.
പഠിക്കാം & സമ്പാദിക്കാം
Home
