image

21 Feb 2026 10:32 AM IST

Economy

പുതിയ ആഗോള താരിഫ് പ്രഖ്യാപനത്തിന് ട്രംപ്: വിധിയിൽ തളരില്ല; ഇന്ത്യ സുരക്ഷിതം?

MyFin Desk

Donald Trump addressing press conference about US-India trade deal and global tariffs.
X

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മാധ്യമങ്ങളോട് സംസാരിക്കുന്നു.

Summary

അമേരിക്കൻ സുപ്രീം കോടതിക്ക് മറുപടിയുമായി ട്രംപ്; ഇന്ത്യയുമായുള്ള വ്യാപാര കരാറിൽ മാറ്റമില്ലെന്ന് സ്ഥിരീകരണം


ലോക വ്യാപാര ഭൂപടത്തെ വിറപ്പിക്കുന്ന പ്രഖ്യാപനവുമായി വീണ്ടും ഡൊണാള്‍ഡ് ട്രംപ്. അമേരിക്കന്‍ സുപ്രീം കോടതിയില്‍ നിന്നേറ്റ അപ്രതീക്ഷിത തിരിച്ചടിയെ തന്റെ ഏറ്റവും വലിയ വിജയമാക്കി മാറ്റുകയാണ് അദ്ദേഹം. അന്താരാഷ്ട്ര സാമ്പത്തിക അടിയന്തരാവസ്ഥാ നിയമംവഴി നികുതി ചുമത്താനുള്ള അധികാരം കോടതി തടഞ്ഞെങ്കിലും, യഥാര്‍ത്ഥ അധികാരം ഇപ്പോള്‍ കൂടുതല്‍ വ്യക്തമായി എന്ന വിചിത്രവും എന്നാല്‍ ശക്തവുമായ വാദവുമായാണ് ട്രംപ് രംഗത്തെത്തിയിരിക്കുന്നത്.

പ്ലാന്‍ ബി: മൂന്ന് ദിവസത്തിനുള്ളില്‍ 10% പുതിയ നികുതി

കോടതി വിധി മറികടക്കാന്‍ ട്രംപ് തന്റെ ആവനാഴിയിലെ അടുത്ത അമ്പുകള്‍ പുറത്തെടുത്തു കഴിഞ്ഞു.ഐഇഇപിഎ നിയമത്തിന് പകരം 1962-ലെ ട്രേഡ് എക്‌സ്പാന്‍ഷന്‍ ആക്ട്, സെക്ഷന്‍ 232 തുടങ്ങിയവ ഉപയോഗിച്ച് മൂന്ന് ദിവസത്തിനകം 10% ആഗോള താരിഫ് ഏര്‍പ്പെടുത്തുന്ന എക്‌സിക്യൂട്ടീവ് ഓര്‍ഡറില്‍ അദ്ദേഹം ഒപ്പിടും.കോടതിക്കെതിരെ കടുത്ത ഭാഷയില്‍ പ്രതികരിക്കുകയും ചെയ്തു ട്രംപ്.താന്‍ രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്ക് വേണ്ടി ചെയ്ത കാര്യങ്ങള്‍ കോടതിക്ക് മനസ്സിലാകുന്നില്ലെന്നും തുറന്നടിച്ചു. എന്നാല്‍ വിധി പ്രസിഡന്റിന്റെ അധികാരം ഇല്ലാതാക്കുകയല്ല, മറിച്ച് മറ്റ് നിയമങ്ങളിലൂടെ കൂടുതല്‍ കരുത്താര്‍ജ്ജിക്കാന്‍ വഴിയൊരുക്കുകയാണ് ചെയ്തതെന്ന് അദ്ദേഹം തന്റെ ട്രൂത്ത് സോഷ്യല്‍' പോസ്റ്റുകളിലൂടെ വാദിച്ചു.സെക്ഷന്‍ 232 പ്രകാരമുള്ള ദേശീയ സുരക്ഷാ നികുതികളും സെക്ഷന്‍ 301 പ്രകാരമുള്ള നടപടികളും നിലനില്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.മറ്റ് രാജ്യങ്ങളുടെ വ്യാപാര രീതികളെക്കുറിച്ച് അന്വേഷണം നടത്താനും കൂടുതല്‍ നികുതി ഏര്‍പ്പെടുത്താനും അദ്ദേഹം വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ഇന്ത്യയുമായുള്ള കരാറിൽ മാറ്റമില്ല; മോദി ഒരു ജന്റില്‍മാന്‍

ഇന്ത്യന്‍ വിപണിയെ സംബന്ധിച്ച് ഏറ്റവും നിര്‍ണ്ണായകമായത് ട്രംപിന്റെ വാക്കുകളാണ്. 'ഒന്നും മാറുന്നില്ല' എന്ന് അദ്ദേഹം അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ചു.ഇന്ത്യയുമായുള്ളത് തികച്ചും ന്യായമായ ഇടപാടാണ്. മുമ്പ് നമ്മള്‍ അവര്‍ക്ക് നികുതി നല്‍കുകയായിരുന്നു, ഇപ്പോള്‍ അവര്‍ നമുക്ക് നല്‍കുന്നു. ഒരു ചെറിയ ഫ്‌ലിപ്പ് അവിടെ നടന്നുവെന്നാണ് ട്രംപ് പറഞ്ഞത്. നരേന്ദ്ര മോദിയെ മഹാനായ വ്യക്തി എന്ന് വിശേഷിപ്പിച്ച ട്രംപ്, കഴിഞ്ഞ ആഴ്ച ഒപ്പിട്ട ഉഭയകക്ഷി കരാര്‍ അതേപടി തുടരുമെന്ന് ഉറപ്പുനല്‍കി. ഇത് ഇന്ത്യന്‍ ഐടി, ഫാര്‍മ കമ്പനികള്‍ക്ക് വലിയ ആശ്വാസമാണ്.

നിക്ഷേപകര്‍ അറിഞ്ഞിരിക്കേണ്ടത്

ട്രംപ് നേരത്തെ ഈടാക്കിയ നികുതികള്‍ക്ക് കമ്പനികള്‍ക്ക് റീഫണ്ട് ക്ലെയിം ചെയ്യാമെന്ന് കോടതി സൂചിപ്പിച്ചിട്ടുണ്ട്. ഇത് പല ആഗോള കമ്പനികളുടെയും ബാലന്‍സ് ഷീറ്റില്‍ മാറ്റമുണ്ടാക്കും.

താരിഫ് നടപ്പിലാക്കാന്‍ ഇനി കൂടുതല്‍ അന്വേഷണങ്ങളും നടപടിക്രമങ്ങളും ആവശ്യമാണ്. ഇത് നടപ്പിലാക്കാന്‍ അല്പം സമയം എടുത്തേക്കാം. ട്രംപിന്റെ ഓരോ നീക്കവും ആഗോള ഓഹരി വിപണികളില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കും.